കേട്ടിട്ടില്ലേ.. അനുഭവങ്ങളിൽ ആത്മാവിഷ്‌കാരത്തിന്റെ വേദന നിറയ്ക്കാൻ ജീവിതത്തിൽ നോവുനേടി അലഞ്ഞിരുന്നവരെക്കുറിച്ച്. വിഖ്യാതരായ എഴുത്തുകാരെയും ചിത്രകാരന്മാരെയും കുറിച്ച്...
എന്നാലിവിടെ ജീവിതം തന്നെ നോവാകുമ്പോൾ ഈ പെൺകുട്ടി എങ്ങനെ എഴുതാതിരിക്കും?  അത് ജീവിച്ചിരിക്കുന്ന കാലഘട്ടത്തെയോ തന്നെ തന്നെയോ അടയാളപ്പെടുത്താനുള്ള ഒരു ശ്രമമല്ല. തന്റെ നിലനിൽപ്പ് തന്നോട് തന്നെ പറഞ്ഞുറപ്പിക്കുകയാണിവൾ. മായ ബാലകൃഷ്ണൻ.
 ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിൽ ചിറകരിഞ്ഞു വീഴ്ത്തപ്പെട്ട ഒരു പൂമ്പാറ്റ, അദൃശ്യമെങ്കിലും താനെ പടുത്തുയർത്തിയ ചിറകുകൾ വിരിച്ച് നമുക്കിടയിൽ പാറി നടക്കുകയാണവൾ. ആ കരുത്ത് അവൾക്ക് സമ്മാനിച്ചതാവട്ടെ ജീവിതത്തിലെപ്പോഴോ കൂടെക്കൂടിയ കവിതകളും.
ശരീരത്തിന്റെ 90 ശതമാനവും തളർന്ന് ഒരുമുറിയിൽ നാല് ചുവരുകളുടെ സുരക്ഷിതത്വത്തിലേക്കിറങ്ങിയപ്പോൾ ഭയം ഒരിക്കലവളുടെ സ്വപ്‌നങ്ങളെയും ചേർത്ത് കരിച്ചിരുന്നു. പിന്നീട് പുറത്തേക്കുള്ള വാതിൽ ശരീരത്തിനൊപ്പം മനസും അടച്ചു വച്ചു. അവളിലേക്കന്ന് പ്രവേശനമുണ്ടായിരുന്നത് ബിന്ദു എന്ന സുഹൃത്തിനും പുസ്തകങ്ങൾക്കും മാത്രം. പുസ്തകങ്ങൾ തന്നെക്കുറിച്ച് ചിന്തിക്കാൻ അവൾക്കിടം നൽകി. അവൾ കുറിച്ച എഴുപതോളം കവിതകളിൽ നിന്നും തിരഞ്ഞെടുത്ത 33 കവിതകളുമായി തുടികൊട്ട് എന്ന കവിതാ സമാഹാരം കഴിഞ്ഞമാസം പുറത്തിറങ്ങി. കവി റഫീഖ് അഹമ്മദും വി.എം ഗിരിജയും ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത്. അവളുടെ ജീവിതത്തെ തുടികൊട്ടിയുണർത്തിയ കവിതകൾ. തന്റെ മേഖല എഴുത്താണെന്ന് തിരിച്ചറിയാൻ അവളെ പ്രേരിപ്പിച്ചത് വായനയാണ്. റേഡിയോ പ്രോഗ്രാമിലേക്ക് പേരുവയ്ക്കാതെ എഴുതുന്ന കത്തുകളായിരുന്നു എഴുത്തിന്റെ ആദ്യരൂപം. ആ കത്തുകളൊക്കെയും വായിക്കപ്പെടാൻ തുടങ്ങിയപ്പോൾ തന്റെ വാക്കുകൾക്ക് ഒരിടമുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു.  
അങ്കമാലി നായത്തോട് സ്വദേശിനിയായ മായ അധ്യാപക ദമ്പതിമാരായ കെ.എസ്. ബാലകൃഷ്ണൻ നായരുടെയും പി.കെ. വിജയമ്മയുടെയും മകളായി 1970 ലാണ്  ജനിച്ചത്
പത്താംക്ലാസ് പഠന കാലത്ത് 'റുമാറ്റോയിഡ് ആർത്രൈറ്റീസ്' എന്ന രോഗം അവളിൽ പിടിമുറുക്കാനാരംഭിച്ചു. സ്കൂളിൽ പോക്ക് നിലച്ചെങ്കിലും 80 ശതമാനം മാർക്കോടെ എസ്‌.എസ്.എൽ.സി പൂർത്തിയാക്കി. പ്രീഡിഗ്രിയ്ക്ക് കാലടി ശ്രീശങ്കര കോളേജിൽ അഡ്മിഷൻ ലഭിച്ചെങ്കിലും പോകാൻ കഴിഞ്ഞില്ല. അപ്പോഴേക്കും സന്ധികളിൽ വേദനയുടെ ആഴം കൂട്ടി രോഗം അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. സാധ്യമായ ചികിത്സകൾ പലതും നോക്കിയെങ്കിലും ശരീരത്തിന്റെ 90 ശതമാനം ചലനശേഷിയും അവൾക്ക് നഷ്ടപ്പെട്ടു. വീട്ടിൽ
കാലടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടർ ഇ.വി. രത്‌നമ്മയാണ് അവളുടെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയത്. രത്‌നമ്മ ഡോക്ടർ മായയെ തേടി വീട്ടിലെത്തി അവളെ വരയ്ക്കാൻ പഠിപ്പിച്ചു. വായനയ്ക്കും പ്രോത്സാഹനം നൽകി.
തൃശ്ശൂരിലെ പാലിയേറ്റീവ് കെയർ ഹോമോഹോപ്പിലെ ഡോക്ടർ ജെറി ജോസഫും മായയ്ക്ക് നൽകുന്നത് എഴുതാനും വായിക്കാനുമുള്ള പ്രേരണകളാണ്. ലാപ്‌ടോപ്പ് വഴി അവൾ സമൂഹവുമായി ബന്ധപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളിലെ കൂട്ടുകൾ അവളാസ്വദിച്ചു. തന്റെ എഴുത്തുകൾ വളരെ പെട്ടെന്നു തന്നെ അവൾക്കവിടെ ഒരിടമൊരുക്കി. അവൾക്കത് നേരംപോക്കല്ലാതായി. ‘സ്നേഹപൂർവം സ്നേഹിത’ യെന്ന ബ്ലോഗും, അവളുടെ ഫെയ്‌സ് ബുക്ക് അക്കൗണ്ടും നാട്ടുകാർക്കും കൂട്ടുകാർക്കും പ്രിയമായി. അവളൊരിക്കൽക്കൂടി കൂട്ടുകാർക്കു നടുവിൽ ജീവിതമാസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു. സുഗതകുമാരിയുടേയും ബാലചന്ദ്രൻ ചുള്ളിക്കാടിന്റേയും കവിതകളോടാണ് മായയ്ക്ക് സ്നേഹം കൂടുതൽ. കവിത ചെല്ലിക്കേൾക്കുന്നതും ഏറെ ഇഷ്ടമാണ്.
താളപ്പെരുക്കം എന്ന കവിതയിൽ അവൾ കുറിക്കുന്നു
ഒരു സമയ സൂചി സദാ
കാലത്തിനു ചുറ്റും ഓടുന്നുണ്ട് .
ജീവന്റെ എല്ലാ കുതിപ്പും
കിതപ്പും അറിയാതെ
മിടിക്കുന്ന താളമായ് അത് ഓടുകയാണ് .
പിന്തിരിഞ്ഞ് ഓടിയാൽ തെറ്റുന്നത്
ആരുടെ താളമാണ് ? കിതയ്ക്കുന്നത്
ആരുടെ ശ്വാസമാണ് ?
ഇനിയുമെത്രയോ കാലം സമയത്തിനൊപ്പം കലയും കവിതകളുമായി നിനക്കും ഓടേണ്ടതുണ്ട്. പ്രി്യപ്പെട്ട മായേ നശ്വരമായ ജീവിതത്തിൽ നീ കവിതകളിലൂടെ അനശ്വരതയിലേക്കുള്ള യാത്രയിലാണ്. കാലിടറാതെ മുന്നോട്ട് കൈപിടിച്ചു നടത്താൻ ഇതുവരെയുള്ള അനുഭവങ്ങളുടെ താങ്ങും തണലും മാത്രം മതിയാകും.