കൂട് മത്സ്യക്കൃഷിയുമായി മുന്നേറുകയാണ് കേരളം. പടിഞ്ഞാറും കിഴക്കും ഒരുപോലെ കൃഷി വളരുന്നു. പടിഞ്ഞാറ്്‌ കായൽനിലങ്ങളിലാണ് കൃഷിയെങ്കിൽ കിഴക്കൻ പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട പാറമടകളിലും കുളങ്ങളിലുമാണ്. ഈ കൃഷിരീതി കേരളത്തിൽ പ്രചുരപ്രചാരം നേടിക്കൊണ്ടിരിക്കുകയാണെന്ന്  സമുദ്ര മത്സ്യഗവേഷണ സ്ഥാപന ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു. നല്ല മത്സ്യം കഴിക്കാൻ ആളുകൾ താല്പര്യപ്പെടുന്നതിനാൽ അനുദിനം കൃഷി വ്യാപിക്കുകയാണെന്ന് കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ഷിനോജ് സുബ്രഹ്മണ്യൻ, ഈ രംഗത്തെ വിദഗ്ദ്ധൻ ഡോ. പി.എ. വികാസ് എന്നിവർ പറയുന്നു. 

എന്തിന് കൂട് മത്സ്യക്കൃഷി?

പുതിയ മീൻപിടിത്ത രീതികളുടെ വരവോടെ കഴിഞ്ഞ ഏതാനും വർഷമായി മീൻപിടിത്തം വളരെയധികം വർദ്ധിച്ചിരിക്കുകയാണ്. ഇതുകാരണം സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണപ്പെടുന്ന മത്സ്യങ്ങളുടെ വൈവിധ്യവും ശരാശരി എണ്ണവും കുറഞ്ഞു. ഈ സാഹചര്യത്തിൽ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റണമെങ്കിൽ മത്സ്യക്കൃഷി നടത്തിയേ മതിയാകൂ. കുറച്ച് സ്ഥലത്ത് കൂടുതൽ മത്സ്യം ഉല്പാദിപ്പിക്കണം. അതിനു വേണ്ടിയുള്ള പരീക്ഷണങ്ങൾ പലതു നടന്നു. പല രീതികൾ നിലവിലുണ്ടെങ്കിലും കൂട് മത്സ്യക്കൃഷിയാണ് ഏറ്റവും ചെലവ് കുറഞ്ഞതും അനായാസേന നടത്താവുന്നതും. 
നിയന്ത്രിത ചുറ്റുപാടിൽ കൂടുതൽ മത്സ്യങ്ങളെ തുറസ്സായതോ കെട്ടിക്കിടക്കുന്നതോ ആയ ജലാശയങ്ങളിൽ വളർത്തുകയെന്നതാണ് കൂട് മത്സ്യക്കൃഷി കൊണ്ട് ഉദ്ദേശിക്കുന്നത്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ മത്സ്യങ്ങളെ വളർത്താം എന്നതോടൊപ്പം ആവശ്യാനുസരണം തീറ്റ ക്രമപ്പെടുത്തി വളർച്ച നിയന്ത്രിക്കാം. വളരെ എളുപ്പത്തിൽ വിളവെടുപ്പ് നടത്തുകയും ചെയ്യാം. 

എവിടെ കൃഷി ചെയ്യാം?

വലിയ കുളങ്ങൾ, പാറമടകൾ, ഒഴുക്കു കുറഞ്ഞ കായൽപ്രദേശങ്ങൾ, വിശാലമായ ചെമ്മീൻ പാടങ്ങൾ എന്നിവിടങ്ങളാണ് കൂട് മത്സ്യക്കൃഷി നടത്താൻ യോജിച്ച സ്ഥലങ്ങൾ. 
പുഴയിലും അണക്കെട്ട് ജലസംഭരണിയിലുമൊക്കെ കൃഷി ചെയ്യാവുന്നതേയുള്ളൂ. കുറഞ്ഞത് രണ്ടു മീറ്ററെങ്കിലും ആഴം ലഭിക്കുന്ന സ്ഥലം വേണം തിരഞ്ഞെടുക്കാൻ. തിരഞ്ഞെടുക്കുന്ന ജലസ്രോതസ്സുകൾ കുടിക്കുന്നതിനും മറ്റ് വീട്ടാവശ്യങ്ങൾക്കും ഉപയോഗിക്കുന്നതാവരുത്. വേനൽക്കാലത്ത് പൂർണമായും വറ്റിപ്പോകുന്ന ജലാശയങ്ങൾ ഒഴിവാക്കേണ്ടതാണ്. ഞണ്ടിന്റേയോ ആമയുടേയോ അമിതമായ ശല്യമുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേക പ്രതിരോധ നടപടികൾ സ്വികരിക്കണം. 

 കൂടുകൾ ലഭ്യമാണോ? 

കുളങ്ങൾ, പാറമടകൾ എന്നിവയിൽ ഉപയോഗിക്കാവുന്ന പി.വി.സി. പൈപ്പ്, എച്ച്.ഡി.പി.ഇ. വല എന്നിവകൊണ്ടുണ്ടാക്കുന്ന ചെറിയ കൂടുകളുണ്ട്. കായലുകൾ, പുഴകൾ തുടങ്ങി ഒഴുകുന്ന ജലാശയങ്ങളിൽ ഉപയോഗിക്കാവുന്ന ഇരുമ്പ് ഫ്രെയിം, പ്ലാസ്റ്റിക്ക് ബാരലുകൾ, നെറ്റുകൾ തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിക്കുന്ന കൂടുകളുമുണ്ട്. സമുദ്രത്തിൽ ഉപയോഗിക്കാവുന്ന വലിയ കൂടുകളും പ്രചാരത്തിലുണ്ട്. കൂടുകൾ കരയിൽ നിന്ന്  ചുരുങ്ങിയത് 2 മീറ്റർ മാറി വേണം സ്ഥാപിക്കാൻ. ഒരു കൂട്ടിൽ നിന്നും ഒരു മീറ്റർ അകലെ വേണം അടുത്ത കൂട് സ്ഥാപിക്കാൻ.

കൃഷിക്ക് യോജിച്ച മത്സ്യങ്ങൾ 

പരസ്പരം ഭക്ഷിക്കുന്നതോ ആക്രമിക്കുന്നതോ ആയ വിഭാഗത്തിൽ പെട്ട മത്സ്യങ്ങളെ ഒരു കൂട്ടിൽ വളർത്തരുത്. ആറു മുതൽ എട്ടുവരെ മാസത്തെ വളർച്ചയ്ക്കു ശേഷം വിപണനത്തിന്‌ പാകമാകുന്ന വിഭാഗത്തിലുള്ളവയെ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഉപ്പുജലാശയങ്ങളിലാണെങ്കിൽ കരിമീൻ, കാളാഞ്ചി, തിരുത എന്നിവയാണ് ഈ കൃഷിക്ക് യോജിച്ചത്. ശുദ്ധജലത്തിലും ഒരുവെള്ളത്തിലും ഒരു പോലെ വളർത്താവുന്നവയാണ് കരിമീനും തിലാപ്പിയയും. 

മത്സ്യങ്ങളെ നിക്ഷേപിക്കൽ
 
ഒഴുകുന്ന ജലാശയമാണെങ്കിൽ ഒരു കൂട്ടിൽ 450 കുഞ്ഞുങ്ങളേയും കെട്ടിക്കിടക്കുന്നതാണെങ്കിൽ 300 കുഞ്ഞുങ്ങളേയും നിക്ഷേപിക്കാം.മത്സ്യങ്ങൾക്ക് കൃത്യമായ രീതിയിലും അളവിലും പോഷകങ്ങൾ എല്ലാമടങ്ങിയ തീറ്റ നൽകണം. വിപണിയിൽ ലഭ്യമായ തിരി രൂപത്തിലുള്ള ഫാക്ടറി തീറ്റകളാണ് ഉത്തമം. ഇവ ലഭ്യമല്ലാത്തപ്പോൾ തവിട്, പിണ്ണാക്ക് എന്നിവ 1:1 എന്ന അനുപാതത്തിൽ കലർത്തി നൽകാം. മത്സ്യങ്ങളുടെ ശരീരഭാരത്തിന്‌ ആനുപാതികമായി വേണം തീറ്റ നൽകാൻ. ഒരോ തരം മത്സ്യവും വളർന്ന് വിൽക്കാൻ  പാകമാകുന്ന കാലയളവ് വ്യത്യാസപ്പെട്ടിരിക്കും. 
കരിമീൻ വിൽക്കാനുള്ള വലിപ്പം (200 ഗ്രാം) ഇത്രയുമാകാൻ എട്ടു മുതൽ 10 വരെ മാസത്തിന്റെ വളർച്ച വേണം. എന്നാൽ തിലാപ്പിയ, തിരുത എന്നിവ ഇത്രയും കാലം കൊണ്ട് 500 ഗ്രാമിലെത്തും. കാളാഞ്ചി, ചെമ്പല്ലി എന്നിവ 700 ഗ്രാമിലുമെത്തും. 

മത്സ്യക്കുഞ്ഞുങ്ങളെ ഇവിടെ കിട്ടും

മത്സ്യക്കുഞ്ഞുങ്ങളെ കിട്ടുന്ന സ്ഥാപനം, ലഭ്യമായ മത്സ്യങ്ങൾ ഫോൺ നമ്പർ എന്നിവ

നാഷണൽ ഫിഷ് സീഡ് ഫാം, നെയ്യാർ ഡാം, തിരുവനന്തപുരം-കട്‌ല, രോഹു, മൃഗാൽ- 8301002119
എഫ്.എഫ്.ഡി.എ. ഹാച്ചറി, നീണ്ടകര, കൊല്ലം -ചെമ്മീൻ -0474-2795545
ഫിഷറീസ് കോംപ്ലക്‌സ്, പന്നിവേലിച്ചിറ, കോഴഞ്ചേരി, പത്തനംതിട്ട- കട്‌ല, രോഹു, മൃഗാൽ, അലങ്കാര മത്സ്യങ്ങൾ- 0468-2214589
നാഷണൽ ഫിഷ് സീഡ് ഫാം, പോളച്ചിറ, തിരുവല്ല, പത്തനംതിട്ട- കട്‌ല, രോഹു, മൃഗാൽ- 0469-2619543
ഗവ. മോഡൽ ഫിഷ് ഫാം, പള്ളം, കോട്ടയം- കരിമീൻ, കട്‌ല,രോഹു, മൃഗാൽ, അലങ്കാര മത്സ്യങ്ങൾ- 0481-2434039
റീജണൽ ഷ്രിംപ് ഹാച്ചറി, അഴീക്കോട്, തൃശ്ശൂർ- കരിമീൻ, കൊഞ്ച്, ചെമ്മീൻ, അലങ്കാര മത്സ്യങ്ങൾ- 0480-2819698
പ്രോൺ ഹാച്ചറി, തിരുമുല്ലവാരം, കൊല്ലം -ചെമ്മീൻ -0474-2793012, 9526041061
നാഷണൽ ഫിഷ് സീഡ് ഫാം, മലമ്പുഴ, പാലക്കാട് -കട്‌ല, രോഹു, മൃഗാൽ - 0491-2815143
ആർ.ജി.സി.എ. സീബാസ് ഹാച്ചറി, കൂഴിയാർ റോഡ്, തൊടുവായ്, തിരുമുല്ലൈവാസൽ, സിർകാളി, നാഗപട്ടണം, തമിഴ്‌നാട് - കാളാഞ്ചി - 04364-264502, 9486303406
ആർ.ജി.സി.എ. തിലാപ്പിയ പ്രോജക്ട്, കോനത്തനപ്പാട്, പ്രോഡുത്തൂർ, കങ്കിപാട്, മണ്ടൽ, കൃഷ്ണ, ആന്ധ്രാപ്രദേശ്-ഗിഫ്റ്റ് തിലാപ്പിയ- 086-2821775