ആലുവയിൽ നിന്ന് പാലാരിവട്ടം വരെ മെട്രോയെത്തിയപ്പോഴും ഒറ്റ ചോദ്യം നഗര ഹൃദയത്തിലൂടെ മെട്രോയെന്ന് പറക്കുമെന്നായിരുന്നു. ചൊവ്വാഴ്ച രാവിലെ 10.37ന് അതിനുത്തരമായി. 10.36ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരവികസന, ഭവന സഹമന്ത്രി ഹർദീപ്‌സിങ് പുരിയും ചേർന്ന് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്തതോടെ മെട്രോ ട്രെയിൻ പാഞ്ഞകന്നു. 
നിമിഷങ്ങൾക്കകം യാത്രയ്ക്കായുള്ള ആദ്യ ട്രെയിൻ വന്നെത്തി. എല്ലാ കോച്ചിലെയും വാതിലുകൾ മലർക്കെ തുറന്നു. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമടക്കം പ്രമുഖരെല്ലാം അകത്തേക്ക്. അപ്പോഴും പൊതുജനത്തിനു സംശയം, മെട്രോയിൽ തങ്ങൾക്ക് കയറാമോ എന്ന്. കുറച്ചു നേരം സംശയിച്ചു നിന്ന ശേഷം ഓരോരുത്തരായി കയറാൻ തുടങ്ങി. പിന്നൊരു തള്ളിക്കയറ്റമായിരുന്നു. കിട്ടിയ സീറ്റിലെല്ലാം ആളുകളിരുന്നു. സീറ്റ് കിട്ടാത്തവർ അതിലേറെ. ജില്ലാ കലക്ടർ കെ. മുഹമ്മദ് വൈ. സഫിറുള്ളയ്ക്കും കിട്ടിയില്ല സീറ്റ്. മഹാരാജാസ് സ്റ്റേഷനിലെത്തി ട്രെയിൻ തിരികെ കലൂർ സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കും വരെ ജില്ലാ കളക്ടർ മെട്രോയിൽ നിന്നുകൊണ്ട് യാത്രചെയ്തു. കലൂർ സ്റ്റേഷനിൽ ട്രെയിൻ നിർത്തുമെന്ന് പ്രതീക്ഷിച്ചവരുടെയെല്ലാം പ്രതീക്ഷകൾ കാറ്റിൽ പറത്തി മെട്രോ കുതിച്ചു. എം.ജി. റോഡിലെയും കലൂരിലെയും കെട്ടിടങ്ങളുടെ മുകളിൽ മെട്രോയെ വരവേൽക്കാൻ പൊരിവെയിലത്തും ആളുകൾ കാത്തുനിന്നു. പരസ്പരം കൈകൾ വീശി യാത്രികരും കാഴ്ചക്കാരും സന്തോഷം പങ്കിട്ടു.
കച്ചേരിപ്പടിയിലെ കൊടുംവളവായിരുന്നു എല്ലാ യാത്രികരും പ്രതീക്ഷയോടെ കാത്തിരുന്നത്. വളവ് പിന്നിട്ട് എം.ജി. റോഡിലെ വ്യാപാര സ്ഥാപനങ്ങൾക്കിടയിലൂടെ മെട്രോ കുതിച്ചപ്പോൾ ഇരുവശത്തേക്കും യാത്രികരുടെ കണ്ണുകൾ നീങ്ങി. ട്രെയിൻ മഹാരാജാസ് സ്റ്റേഷനിൽ എത്തിയതോടെ എല്ലാവരുടേയും നോട്ടം ഗ്രൗണ്ടിലേക്കായി. മഹാരാജാസ് സ്റ്റേഷനെത്തിയപ്പോൾ ട്രെയിൻ ട്രാക്ക് മാറി എതിർ വശത്തെ ട്രാക്കിലേക്ക് നീങ്ങി തിരികെയുള്ള യാത്ര തുടർന്നു. 
തിരിച്ച് കലൂരെത്തിയപ്പോൾ സമയം 10.39. സ്റ്റേഷനിൽ ട്രെയിൻ നിന്നു. വാതിലുകൾ തുറന്നു. പല മുഖങ്ങളിലും നിരാശാ ഭാവം. എന്നാൽ ആദ്യ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞ സന്തോഷത്തിനു മുന്നിൽ ആ നിരാശയെല്ലാം മാഞ്ഞകന്നു. പുതുപാതയിലൂടെയുള്ള ആദ്യയാത്രയിൽ ട്രെയിനിനകത്ത് ഏറ്റവുമധികം കേട്ട വാക്കായിരുന്നു കുമ്മനടി. പരസ്പരം കുമ്മനടിച്ചുവെന്ന് പറഞ്ഞ് കളിയാക്കിയും ചിരിച്ചുമൊക്കെ ആദ്യയാത്ര ഉത്സവമാക്കി. സൗജന്യ യാത്രയുടെ സുഖം അനുഭവിച്ച പലരും സെൽഫിയെടുക്കൽ മാമാങ്കം തുടങ്ങി. 
ട്രെയിനിനുള്ളിൽ ചില പരാതികളും കേട്ടു. മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷൻ എന്ന മാധ്യമങ്ങളുടെ പ്രയോഗത്തിനെതിരേയായിരുന്നു പരാതി. മഹാരാജാസ് സ്റ്റേഷനെ, ഗ്രൗണ്ട് എന്നുകൂടി ചേർത്ത് വിശേഷിപ്പിക്കേണ്ടതില്ലെന്നാണ് വാദം.