ഒരു ജ്ഞാനിയും ദൈവഭക്തനും കൂടി ഒരു വനത്തിലൂടെ പോവുകയായിരുന്നു. വഴിയിൽവെച്ച്‌ അല്പമകലെയായി അവർ ഒരു പുലി വരുന്നതു കണ്ടു. ജ്ഞാനി പറഞ്ഞു. ‘‘നമുക്ക്‌ രക്ഷപ്പെടാൻ ഒരു വഴിയുമില്ല. സർവശക്തനായ ദൈവം നിശ്ചയമായും നമ്മെ രക്ഷിക്കും.’ ഭക്തൻ മൊഴിഞ്ഞു. അങ്ങനെ പറയരുത്‌ സോദരാ. വരൂ. നമുക്ക്‌ ഓടി രക്ഷപ്പെടാം. നമുക്ക്‌ തന്നെ ചെയ്യാനാവുന്നത്‌ ചെയ്യാൻ നാം ഭഗവാനെ എന്തിനു ബുദ്ധിമുട്ടിക്കണം?’’

ലക്ഷങ്ങളിലൊരാൾ മാത്രം ദൈവത്തെ പ്രേമിക്കുന്നു. അവരിലൊരാൾ മാത്രം ദൈവത്തെ അനുസരിക്കുന്നു. തന്നെത്തന്നെ ദൈവത്തിനു സമർപ്പിക്കുന്നു ‘‘ദൈവത്തെ പ്രേമത്തിലൂടെ അറിയുക. എന്തെന്നാൽ പ്രേമം അതിന്റെ ദൈവികമായ അവസ്ഥയിൽ അനന്തമാകുന്നു’’ 
-മെഹർബാബ

ഈ പ്രേമം ഉള്ളിലുദിക്കാൻ തുടങ്ങുമ്പോൾ ഈശ്വരൻ നമുക്കൊപ്പമാണ്‌. പക്ഷേ, നാം അവന്റെ ഒപ്പമല്ല എന്നാണ്‌ ഒരാളറിയുക. ഈ പ്രേമം തീവ്രമാകുമ്പോൾ ഒരു നിലയ്ക്ക്‌ ദൈവം നമ്മുടെ കൈകാലുകളെക്കാൾ നമുക്കടുത്താണ്‌ എന്ന്‌ അയാൾക്കനുഭവപ്പെടാൻ തുടങ്ങുന്നു. തുടർന്ന്‌ ഒരു സൂഫി കവി കണ്ടെത്തിയതുപോലെ ‘അദ്ദേഹത്തിന്റെ ധൂളിയിവിടെയുണ്ട്‌. എന്നാൽ അദ്ദേഹം അനന്തതയിലാണ്‌ എന്ന അയാളറിയുന്നു.
അണുശാസ്ത്രവിദഗ്‌ധനായ ഒരാൾക്ക്‌ ചന്ദ്രനിലേക്ക്‌ പോകുന്ന റോക്കറ്റിന്റെ പ്രവർത്തനത്തെപ്പറ്റി പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ച ഒരു കുട്ടിയോട്‌ വിശദീകരിച്ചുകൊടുക്കാനാകുമോ? ഇല്ല ദൈവികതയെപ്പറ്റി ഒരു ശരാശരി മനസ്സുമായി വിനിമയം ചെയ്യുക അസാധ്യമാണ്‌.
‘നാമെന്താണോ എന്നതു നമുക്കുദൈവം തന്ന സമ്മാനമാണ്‌. നാമെന്തു ചെയ്യുന്നുവെന്നത്‌ നാം ദൈവത്തിനു നൽകുന്ന സമ്മാനവും’’ എന്ന്‌ ലൂയിസ്‌ നിബർ
തന്നെത്തന്നെ ദൈവത്തിനു നൽകിയ നിരവധി പേർ ഉണ്ടായിട്ടുണ്ട്‌. ശ്രീരാമകൃഷ്ണ പരമഹംസർ അങ്ങനെയുള്ള ഒരാളായിരുന്നു. അതുകൊണ്ട്‌ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഓരോ ദിവസവും അദ്ദേഹം കരയുമായിരുന്നു. എത്രതന്നെ പ്രാർഥിച്ചിട്ടും ദൈവമയിയായ ജഗദംബയെ കാണാനാവുന്നില്ലല്ലോ എന്നോർത്തായിരുന്നു അദ്ദേഹം കരഞ്ഞത്‌.
ദൈവത്തോടുള്ള പ്രേമം തന്റെ സഹജാതർക്കു നേരെ അളവില്ലാതെ ചൊരിഞ്ഞ സൂർദാസ്‌ മറ്റൊരു തരത്തിലുള്ള ദൈവാന്വേഷിയായിരുന്നു. അദ്ദേഹത്തിന്റെ പ്രാർഥന തന്നെ ദൈവത്തിന്റെ ദാസന്റെ ദാസനായി മാറ്റണമേ’’ എന്നായിരുന്നല്ലോ. സൂർദാസ്‌ മൊഴിയുന്നു: ‘‘ദൈവത്തിന്‌ എന്റെ സേവനമാവശ്യമില്ല. എന്തെന്നാൽ ദൈവത്തിന്‌ എന്നെക്കാൾ സമർഥരായ എത്രയോ ഭക്തരുണ്ട്‌. പക്ഷേ, അദ്ദേഹത്തിന്റെ ഏറെ ഭക്തന്മാർക്കും തീരാത്ത ദുരിതങ്ങളുണ്ട്‌. അതിനാൽ അവരെ ശുശ്രൂഷിക്കുകയും പരിചരിക്കുകയും വേണ്ടിയിരിക്കുന്നു. ഞാനവരെ സേവിക്കാനാഗ്രഹിക്കുന്നു.
     ഃഃഃഃഃഃ രണ്ട്‌ ഃഃഃഃഃഃ
ശരീരത്തോടെ ജീവിക്കുന്ന മനുഷ്യന്റെ ബോധംകൊണ്ട്‌ ദൈവത്തെ അറിയാനാവില്ല. കാരണം ദൈവം അശരീരിയാകുന്നു.
അതിവേഗം ദൈവത്തെ കാണാനാഗ്രഹിച്ച ഒരു ശിഷ്യൻ ഗുരുവിനോട്‌ പോംവഴിയാരാഞ്ഞു. ഗുരു മൊഴിഞ്ഞു: ‘‘നീ പോയി ഒരു വിളക്ക്‌ കത്തിക്കൂ. ശിഷ്യൻ അതിനു ശ്രമിച്ചു. പക്ഷേ, എത്രതന്നെ ശ്രമിച്ചിട്ടും അതു കത്തിക്കാൻ കഴിഞ്ഞില്ല. വിളക്കിൽ നിറയെ വെള്ളമാണ്‌. ഗുരു ശിഷ്യനോട്‌ വെള്ളം മുഴുവൻ വാർത്ത്‌, തിരിയിൽനിന്ന്‌ വെള്ളം നല്ലതുപോലെ പിഴിഞ്ഞ്‌ തിരിയുണക്കി, വിളക്കിലെ നനവ്‌ മുഴുവൻ തുടച്ച്‌, വിളക്കിലെണ്ണയൊഴിച്ച്‌ തിരി അതിലിട്ട്‌ കത്തിക്കാൻ പറഞ്ഞു.
വെള്ളം ആഗ്രഹം, തിരി ഉണക്കുന്ന വെയിൽ ത്യാഗം, വിളക്കിലെ ദീപശിഖ ജ്ഞാനം. ഗുരു മൊഴിഞ്ഞു: ‘‘നിനക്കീ ഉപദേശം ധാരാളം മതിയാവും. പോകൂ. വിളക്കു കൊളത്തൂ...’’
ഓരോ മനുഷ്യനും ബോധപ്രകാശത്തിന്റെ ഏറ്റക്കുറവുകളിൽ നിന്നുകൊണ്ട്‌ ഒരേ സത്യത്തെ നോക്കുമ്പോൾ അതു പലതായി തോന്നുന്നു. ദൈവത്തെ ഭിന്നമാനസികാവസ്ഥകളിലുള്ള വിശ്വാസികൾ ഭിന്നമായ പല ‘വസ്തു’ക്കളായി, പ്രതിഭാസങ്ങളായി കണ്ടു. പരമമായ ഒന്നിനെ വികലമായി, വികൃതമായി, തെറ്റായി കാണുമ്പോൾ സത്യത്തിനു സംഭവിക്കുന്ന മാറ്റം എത്ര ഭയങ്കരമായിരിക്കും. ഇതു കണ്ടു ഞെട്ടിയ ബുദ്ധൻ ഈശ്വരനില്ലെന്നുവരെ പ്രഖ്യാപിച്ചു. ബുദ്ധൻ പറഞ്ഞു: ‘‘മനുഷ്യന്റെ അജ്ഞതയ്ക്ക്‌ തുടക്കമില്ല. മറിച്ച്‌ ഒരന്ത്യമുണ്ട്‌. അവബോധത്തിനാകട്ടെ തുടക്കമുണ്ട്‌. പക്ഷേ, അന്ത്യമില്ല!’’
ആഴമേറിയ സത്യം, യഥാർഥമായ ജ്ഞാനം വാക്കുകൾ വഴി പകരാനാവില്ല. പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ചുള്ള പല ചോദ്യങ്ങൾക്കും ബുദ്ധൻ അവലംബിച്ച മൗനം ഇതിന്റെ അടിസ്ഥാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പൂർണ നിശ്ശബ്ദതയിൽ മാത്രമേ മനസ്സിന്റെ ആഴവും വ്യാപ്തിയും പരമമായി ഉപയോഗിക്കാനാവൂ. ചിന്ത, അറിവ്‌, അനുഭവങ്ങൾ, ഓർമകൾ എന്നിവയിൽനിന്നെല്ലാം പൂർണമായി അകലുമ്പോൾ മനസ്സ്‌ നിശ്ശബ്ദമാവുന്നു.
ഒരാൾ പരമമായതിനെ അറിയുമ്പോൾ അയാളൊരു ഓടത്തണ്ടാണ്‌. നിശ്ശബ്ദതയിലിരുന്ന്‌ അയാൾ അനന്തതയ്ക്ക്‌ കടന്നുപോകാനുള്ള ഒരു വഴിയായി മാറുന്നു. ഒരൊഴിഞ്ഞ ഓടത്തണ്ട്‌, ഒരു മുരളി, അത്തരമൊരു ബോധാവസ്ഥയിലാണ്‌ ബുദ്ധന്‌ വിശ്വത്തോടാകെ, ചരാചരത്തോടാകെ മൈത്രിയുദിച്ചത്‌.
ഗാഢനിദ്രയിൽ, പൂർണ സുഷുപ്തിയിൽ ഒരാളുടെ മനസ്സ്‌ സർവ ഇന്ദ്രിയങ്ങളുമായുള്ള സ്ഥൂലവും സൂക്ഷ്മവുമായ ബന്ധങ്ങൾ മുറിച്ചുകളയുന്നു. പരമമായ ശാന്തിയിൽ, സ്വാസ്ഥ്യത്തിൽ, വിശ്രമാവസ്ഥയിൽ ഇരിക്കുന്ന അത്തരം ഒരന്തക്കരണത്തിൽ ഉണർന്ന്‌, കണ്ണുതുറന്ന്‌ ഇരിക്കുമ്പോൾ അയാളുടെ മനസ്സ്‌ ഭൗതികതയു​െട ഒന്നും പുരളാത്ത തെളിഞ്ഞ ഒരു ബോധമാണ്‌. 
സുഖദുഃഖങ്ങൾ, ന്യായാന്യായങ്ങൾ, ചേരിതിരിവുകൾ, താരതമ്യങ്ങൾ ഒന്നും പുലർത്താത്ത നിശ്ചലവും നിശ്ശബ്ദവും ആയ അതീത മനസ്സാണ്‌. അത്തരം ഒരു മനസ്സുകൊണ്ടേ അപ്പുറത്തുള്ള ഒന്നിലേക്ക്‌ സഞ്ചരിക്കാനാവൂ.
ഇത്തരമൊരു മനസ്സുകൊണ്ട്‌ ധ്യാനത്തിന്റെ നൗകയിൽ അപ്പുറത്തേക്ക്‌ പോകാൻ ഒരാൾക്കു കഴിയുന്നു. അത്തരം ഒരു നിമിഷത്തിൽ മാത്രം ദൈവികത ഒരനുഭൂതിയായി ഒരാളുടെ മനസ്സിലേക്കിറങ്ങിവരുന്നു.


‘ദൈവം വെളിച്ചത്തിലെന്നപോലെ
ഇരുട്ടിലും നിശ്ചയമായും നമുക്കൊപ്പമുണ്ട്‌’
‘നമ്മുെട അന്നന്നത്തെ അപ്പം’
-എന്ന പുസ്തകത്തിൽനിന്ന്‌