കൊച്ചി: പെൺകുട്ടികളെയും സ്ത്രീകളെയും കുമ്പസാരിപ്പിക്കാനുള്ള അവകാശം കന്യാസ്ത്രീകൾക്ക് നൽകണമെന്നാവശ്യപ്പെട്ട് കേരള കാത്തലിക് റിഫോർമേഷൻ മൂവ്‌മെന്റ് (കെ.സി.ആർ.എം.) പ്രവർത്തകർ ബിഷപ്പ് ഹൗസിനു മുൻപിൽ സത്യഗ്രഹ സമരം നടത്തി.

എറണാകുളം അങ്കമാലി അതിരൂപതയുടെ ആർച്ച്‌ ബിഷപ്പ് ഹൗസിനു മുന്നിൽ രാവിലെ 11ന് സത്യജ്വാല മാസികയുടെ എഡിറ്റർ ജോർജ് മൂലേച്ചാലിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് കെ.സി.ആർ.എം. നിയമോപദേഷ്ടാവ് ഇന്ദുലേഖ ജോസഫ് ബൈബിൾ വായിച്ച് സത്യഗ്രഹ സമരത്തിന് തുടക്കമിട്ടു. ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ, ലാറ്റിൻ കാത്തലിക് അസോസിയേഷൻ, ക്‌നാനായ കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം എന്നിവയുടെ പിന്തുണയോടെയായിരുന്നു സമരം. 

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ജോസഫ് വെളിവിൽ, കെ.സി.ആർ.എം. ചെയർമാൻ ജോർജ് ജോസഫ്, ലാറ്റിൻ കാത്തലിക് അസോസിയേഷൻ പ്രസിഡന്റ് ഇ.ആർ. ജോസഫ്, സഭ പുറത്താക്കിയ സിസ്റ്റർ മരിയ എന്നിവർ പ്രസംഗിച്ചു.  കൂടുതൽ സമരപരിപാടികളിലേക്ക് നീങ്ങാനാണ് ആലോചിക്കുന്നതെന്ന് ഇന്ദുലേഖ ജോസഫ് പറഞ്ഞു.