കൊച്ചി: മെട്രോ ഉദ്ഘാടനത്തിനായി ഒരുങ്ങുകയാണ്. മെട്രോയിലേറാനുള്ള കാത്തിരിപ്പിന് ഇനി ദിവസങ്ങള്‍ മാത്രം. ആലുവ മുതല്‍ പാലാരിവട്ടം വരെ 13 കിലോമീറ്റര്‍ ദൂരമാണ് മെട്രോ ആദ്യമായി സര്‍വീസ് നടത്തുക. 11 സ്റ്റേഷനുകളാണ് ഈ റൂട്ടിലുള്ളത്.

രാത്രി പകലാക്കിയെന്ന മട്ടില്‍ സ്റ്റേഷനുകളില്‍ നിര്‍മാണം മുന്നേറുകയാണ്. നിലമൊരുക്കല്‍, മേല്‍ക്കൂരയുടെ നിര്‍മാണം, വൈദ്യുതീകരണ ജോലികള്‍, വെള്ളമുള്‍പ്പെടെ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം എല്ലാ സ്റ്റേഷനുകളിലും പൂര്‍ത്തിയായതായി കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു.

ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് എളുപ്പം ഉപയോഗിക്കാവുന്ന തരത്തിലാണ് മെട്രോ സ്റ്റേഷനുകളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വീല്‍ചെയറുകള്‍ അനായാസം കൊണ്ടുപോകാനാകും. കാഴ്ചശേഷിയില്ലാത്തവര്‍ക്കുള്ള സൗകര്യങ്ങളും സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. ഇവയെല്ലാം പൂര്‍ത്തിയായതായി കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു.

സ്റ്റേഷനുകളില്‍ ഇനി പ്രധാനമായും ശേഷിക്കുന്നത് അഞ്ചു ജോലികളാണ്. അകത്തളത്തിന്റെ സൗന്ദര്യവത്കരണം, സ്റ്റേഷനുകളുടെ ഇരു വശങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണം, സ്റ്റേഷന്‍ സൗകര്യ വികസനം, പാര്‍ക്കിങ്, സ്റ്റേഷനുകളുടെ പുറംചുവരില്‍ അലുമിനിയം കംപോസിറ്റ് പാനല്‍ (എ.സി.പി.-Aluminium composite panel) ക്ലാഡിങ് എന്നിവയാണിവ.

സ്റ്റേഷനുകളും നിര്‍മാണ പുരോഗതിയും ഇങ്ങനെ: (നിര്‍മാണ പുരോഗതി ശതമാന കണക്കില്‍. ഈ ആഴ്ചയിലെ കണക്കുകളാണിത്.)

കൊച്ചിയിലെത്തി ഒന്‍പത് ട്രെയിനുകള്‍

നിലവില്‍ ഒന്‍പത് ട്രെയിനുകളാണ് കൊച്ചിയിലെത്തിയിട്ടുള്ളത്. മുട്ടത്തെ യാര്‍ഡിലാണ് ഇവയുള്ളത്. മെട്രോയുടെ കോച്ചുകള്‍ ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിലുള്ള അല്‍സ്റ്റോമിന്റെ പ്ലാന്റിലാണ് നിര്‍മിക്കുന്നത്. റോഡ് മാര്‍ഗമാണ് ഇവ െകാച്ചിയിലെത്തിക്കുന്നത്.

ആലുവ-പാലാരിവട്ടം സര്‍വീസിന് ഏഴു ട്രെയിനുകള്‍ മതിയാകും. എന്നാല്‍ അഞ്ചു കിലോമീറ്റര്‍ ദൂരം കൂടി പിന്നിട്ട് മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള മെട്രോ സര്‍വീസിന് ഒന്‍പത് ട്രെയിനുകള്‍ വേണ്ടിവരും.

കൊച്ചിയിലെത്തിയതില്‍ നാലു വണ്ടികള്‍ക്ക് സര്‍വീസിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ശേഷിക്കുന്നവയ്ക്കുള്ള അനുമതി ഈ മാസം തന്നെ ലഭിക്കുമെന്ന് മെട്രോ അധികൃതര്‍ പറഞ്ഞു.