കൊച്ചി: മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്. ലോകം മുഴുവന്‍ ഉറവിട മാലിന്യ സംസ്‌കരണത്തിന് പ്രാധാന്യം നല്‍കുകയും സര്‍ക്കാര്‍തന്നെ ഹരിതകേരളത്തിലൂടെ ഉറവിടമാലിന്യ സംസ്‌കരണത്തിന് പ്രചാരണം നല്‍കുകയും ചെയ്യുമ്പോള്‍ കൊച്ചിയില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേന്ദ്രീകൃത പദ്ധതി നടപ്പാക്കാന്‍ പോകുന്നതിനെതിരെയാണ് പരിഷത്ത് വിമര്‍ശമുന്നിയിക്കുന്നത്.

ഹരിത ട്രിബ്യൂണിലിനു മുന്നില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ്മൂലത്തില്‍ മാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്‌കരിക്കുന്നതിനുള്ള പദ്ധതികള്‍ കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും ഗ്രാമപ്പഞ്ചായത്തുകളും നടപ്പാക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും സ്വന്തംനിലയില്‍ മാലിന്യം സംസ്‌കരിക്കുമെന്ന് വ്യക്തമാക്കുമ്പോള്‍ത്തന്നെ മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് പറയുന്നത് വൈരുധ്യമാണെന്ന് പരിഷത്ത് ചൂണ്ടിക്കാട്ടുന്നു.

ശുചിത്വമിഷന്റെ നേതൃത്വത്തില്‍ കൊച്ചി ബ്രഹ്മപുരത്ത് മാലിന്യം സംസ്‌കരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുന്നതിനുള്ള ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. ജി.ജെ. എക്കോ പവര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഹരിത ട്രിബ്യൂണലിന് മുന്നില്‍ പ്ലാന്റ് തുടങ്ങുന്നകാര്യം അറിയിച്ചിരിക്കുന്നത്.

യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് സര്‍ക്കാര്‍ മാലിന്യ വൈദ്യുതപദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇടതുമുന്നണി അധികാരത്തില്‍ വന്നശേഷവും പദ്ധതിയുമായി മുന്നോട്ടു പോകുകയായിരുന്നു. യു.ഡി.എഫ്. സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ത്തന്നെ ശാസ്ത്ര-സാഹിത്യ പരിഷത്ത് ഇതിനെതിരെ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നതാണ്.

മാലിന്യങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ സംസ്‌കരിക്കുമെന്ന് പറയുമ്പോള്‍ പിന്നെ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ എവിടെനിന്ന് മാലിന്യം കിട്ടുമെന്നാണ് പരിഷത്തിന്റെ ചോദ്യം. ബ്രഹ്മപുരത്തെ പദ്ധതി നടപ്പാകണമെങ്കില്‍ ചുറ്റുപാടുമുള്ള മുനിസിപ്പാലിറ്റികളില്‍ നിന്ന് മാലിന്യം അങ്ങോട്ട് കൊണ്ടുപോകേണ്ടിവരും. എന്നാല്‍ അത് മാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്‌കരിക്കുകയെന്ന പ്രഖ്യാപിത നയത്തിന് എതിരാണെന്ന് പരിഷത്ത് പരിസരവിഭാഗം കണ്‍വീനര്‍ എം.എസ്. മോഹനന്‍ 'മാതൃഭൂമി'യോട് പറഞ്ഞു.

സാങ്കേതികമായി കേരളത്തിന് ചേരാത്ത പദ്ധതിയാണ് ബ്രഹ്മപുരത്ത് നടപ്പാക്കുന്നത്. ഇവിടെ ഈര്‍പ്പം കൂടുതലായതിനാല്‍ മാലിന്യം കത്തിക്കുന്നത് അപ്രായോഗികമാണ്. മാലിന്യം കത്തിക്കാനായി ഈര്‍പ്പം ഇല്ലാതാക്കുകയാണെങ്കില്‍, പദ്ധതിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ അധികം വൈദ്യുതി ഇതിനായി വേണ്ടിവരും.

പദ്ധതിയില്‍ നിന്ന് ഉണ്ടാക്കുന്ന വൈദ്യുതിക്ക് വിലയും കൂടുതലായിരിക്കും. ഇന്ത്യയിലെങ്ങും ഇത്തരം പദ്ധതികളില്ല. ഡല്‍ഹിയിലും ഹൈദരാബാദിലും ആരംഭിച്ച പദ്ധതികള്‍ വളരെ വേഗം അടച്ചുപൂട്ടി. ലോകത്ത് മിക്കയിടത്തും ഇത്തരം പദ്ധതികള്‍ സാമ്പത്തിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് നിര്‍ത്തിവെയ്ക്കുകയാണ്. ലോകം തള്ളിക്കളഞ്ഞ പദ്ധതി കേരളത്തിലേക്കു കൊണ്ടുവന്ന് പരിസ്ഥിതിയെ കൂടുതല്‍ നശിപ്പിക്കരുതെന്നാണ് പരിഷത്ത് ആവശ്യപ്പെടുന്നത്.