പറഞ്ഞേ തീരൂ...


കൊച്ചി:
മരുന്നുകളുടെ ഭീകര വിലയില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ജന്‍ ഔഷധി വില്പന കേന്ദ്രങ്ങള്‍ മരുന്നില്ലാതെ പ്രതിസന്ധിയില്‍.
ജീവന്‍രക്ഷാ ഔഷധങ്ങള്‍ മുപ്പത് മുതല്‍ എണ്‍പത് ശതമാനം വരെ വിലക്കുറവില്‍ വില്‍ക്കുക എന്ന ഉദ്ദേശ്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ജന്‍ ഔഷധി ആരംഭിക്കുന്നത്.
പ്രഷര്‍, കൊളസ്‌ട്രോള്‍ മുതല്‍ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് വരെയുള്ള മരുന്നുകള്‍ ഇവിടെ നിന്ന് വിലക്കുറവില്‍ ലഭ്യമാക്കിയിരുന്നു.
എന്നാല്‍ ആവശ്യത്തിന് മരുന്നില്ലാതെ സംരംഭകരെയും പൊതുജനത്തെയും ഒരുപോലെ കുഴക്കുകയാണ് ജന്‍ ഔഷധി കേന്ദ്രങ്ങള്‍.
മരുന്നില്ലാത്തതിനാല്‍ വളരെ ചുരുങ്ങിയ കച്ചവടം മാത്രമേ ജന്‍ ഔഷധി കേന്ദ്രങ്ങളിലുള്ളൂ. വില്പന കേന്ദ്രങ്ങള്‍ തുടങ്ങിയ സംരംഭകര്‍ ഫാര്‍മസിസ്റ്റിനും സഹായിക്കും ശമ്പളം കൊടുക്കാനും മുറി വാടക കൊടുക്കാനും ബുദ്ധിമുട്ടുന്ന നിലയാണ്.
പദ്ധതി നടത്തിപ്പിലെ അപാകങ്ങള്‍ തന്നെയാണ് വില്ലനായിരിക്കുന്നത്.
ആദ്യം ജനങ്ങള്‍ക്കിടയില്‍ ജന്‍ ഔഷധി വില്പന കേന്ദ്രങ്ങള്‍ക്ക് വേണ്ടത്ര പ്രചാരണം ലഭിക്കാഞ്ഞതും ആളുകള്‍ എത്തിത്തുടങ്ങിയപ്പോള്‍ മരുന്നുകള്‍ സ്റ്റോക് ഇല്ലാത്തതും പ്രശ്‌നമായി മാറി.
ഡോക്ടര്‍മാര്‍ മരുന്നുകളുെട രാസനാമങ്ങള്‍ക്കു പകരം ബ്രാന്‍ഡ് നെയിമുകള്‍ ഉപയോഗിക്കുന്നത് ആളുകളെ ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ നിന്ന് അകറ്റുന്നു എന്നൊരു ആക്ഷേപവും മുന്‍പ് ഉണ്ടായിരുന്നു. എന്നാല്‍ ഭൂരിഭാഗം ഡോക്ടര്‍മാരും ജന്‍ ഔഷധി കേന്ദ്രങ്ങളെക്കുറിച്ച് രോഗികളെ അറിയിക്കുന്നുണ്ടെന്നും മരുന്നുകള്‍ വാങ്ങാന്‍ ഈ കേന്ദ്രങ്ങള്‍ റഫര്‍ ചെയ്യുന്നുണ്ടെന്നുമാണ് അറിയാന്‍ കഴിഞ്ഞത്.
ചെറിയ ഒരു വിഭാഗം ആളുകളും ഡോക്ടര്‍മാരും മരുന്നുകളിലെ ചില ബ്രാന്‍ഡുകള്‍ക്കായി വാശി പിടിക്കുന്നുണ്ടെങ്കിലും അത് മൊത്തം ആവശ്യത്തിന്റെ 10 ശതമാനത്തില്‍ താഴെയാെണന്നും സംരംഭകര്‍ പറയുന്നു.
മരുന്ന് കിട്ടാതെ മടങ്ങിപ്പോകുന്നവരുടെ എണ്ണം കുറയ്ക്കാനായാല്‍ സംരംഭകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോെല ലാഭകരമായിരിക്കും.
ഓര്‍ഡര്‍ നല്‍കുന്നതിന്റെ കാല്‍ഭാഗം മാത്രം മരുന്നുകളാണ് ഓരോ മാസവും ജന്‍ ഔഷധി കേന്ദ്രങ്ങളിലെത്തുന്നത്.
ഫാര്‍മസ്യൂട്ടിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിനു കീഴിലുള്ള ബിബിബിഐ എന്ന സ്ഥാപനമാണ് മരുന്നുകള്‍ സംഭരിച്ച് ജന്‍ ഔഷധിക്ക് കീഴില്‍ വിതരണത്തിനായി എത്തിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് മരുന്ന് നാട്ടിലെത്തിക്കാന്‍ താമസം നേരിടുന്നത് സംരംഭകരെ വിഷമത്തിലാക്കുന്നു.
ജന്‍ ഔഷധിക്ക് ഡല്‍ഹിയില്‍ നിന്നെത്തുന്ന സ്റ്റോക്കുകള്‍ സംഭരിക്കുന്നതും മറ്റ് വിതരണ കേന്ദ്രങ്ങളിലെക്ക് എത്തിച്ചുകൊടുക്കുന്നതും എറണാകുളത്തു നിന്നാണ്. എറണാകുളത്ത് സ്റ്റോക്കില്ലെങ്കില്‍ ഡല്‍ഹിയില്‍ നിന്ന് സ്റ്റോക്കെത്തുന്നതു വരെ കാക്കണം.
ഇപ്പോള്‍ 40 ജന്‍ ഔഷധി കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സംരംഭകര്‍ ശ്രമിച്ചിരുന്നു. ജന്‍ ഔഷധി വില്പന കേന്ദ്രം ആരംഭിച്ച സോന്‍ജോ ആന്റണി മൂന്ന് കേന്ദ്രങ്ങള്‍ കൂടി തുടങ്ങാന്‍ ഉദ്ദേശിച്ചിരുന്നു. പക്ഷേ, മരുന്നുകളുടെ കുറവ് കാരണം ഇവ ഇതുവരെ തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇതിനായി എടുത്ത കടമുറികള്‍ക്ക് വാടകയും ജോലിക്കാര്‍ക്ക് വേതനവും നല്‍കി വരികയാണ് ഇദ്ദേഹം. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സോന്‍ജോ പറയുന്നു.
ജന്‍ ഔഷധി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് എറണാകുളത്ത് ചേര്‍ന്ന യോഗത്തില്‍ ബിബിബിഐ സിഇഒ ബിപ്ലാബ് ചാറ്റര്‍ജി മരുന്നുകളുടെ ലഭ്യതക്കുറവ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഗവണ്‍മെന്റ് ഹോസ്​പിറ്റലുകളിലും ഫാര്‍മസി കോളേജുകളിലുമായി കൂടുതല്‍ ജന്‍ ഔഷധി വില്പനകേന്ദ്രങ്ങള്‍ തുടങ്ങാന്‍ പദ്ധതിയുണ്ടെന്നും അവര്‍ അറിയിച്ചു.
പക്ഷേ, നിലവിലുള്ള കേന്ദ്രങ്ങളില്‍ പോലും ആവശ്യത്തിന് മരുന്നുകള്‍ എത്തിക്കാന്‍ കഴിയാത്ത നിലയില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കുന്നതിനേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് ഇപ്പോഴുള്ള കേന്ദ്രങ്ങളില്‍ മരുന്നുകള്‍ എത്തിക്കുന്നതിനാണ്.