ആലുവ: ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഉയര്‍ന്ന സാമ്പത്തിക നിലവാരത്തില്‍ കഴിയുന്നവരുമാണ് എം.ഡി.എം.എ. പോലുള്ള ലഹരിവസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നതെന്ന് എക്‌സൈസ് പറയുന്നു. ഒരു കോടി രൂപ വില വരുന്ന ലഹരിവസ്തുക്കളുമായി അറസ്റ്റിലായ യുവാവിനെ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിലൂടെ ലഹരിയുടെ കണ്ണികള്‍ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് എക്‌സൈസ് സംഘം.

ഡാന്‍സ് പാര്‍ട്ടികളും നിശാമേളകളുമാണ് പ്രധാന കച്ചവട കേന്ദ്രങ്ങള്‍. കൊച്ചിയിലെ വന്‍കിട ഹോട്ടലുകളിലേക്കെന്ന പേരിലും പ്രതി സനീഷിനെ സമീപിച്ച് ലഹരിവസ്തുക്കള്‍ വാങ്ങിയിരുന്നു. ഷൂട്ടിങ് ലൊക്കേഷനുകള്‍ സനീഷിന്റെ പ്രധാന വില്പന കേന്ദ്രമായിരുന്നെന്നും ഉദ്യോഗസ്ഥ സംഘത്തിനു ബോധ്യപ്പെട്ടിട്ടുണ്ട്. ഷൂട്ടിങ് ലൊക്കേഷനിലേക്കെന്നു പറഞ്ഞ് സനീഷിന്റെ അടുത്ത് ഉപഭോക്താക്കള്‍ എത്താറുണ്ടായിരുന്നുവെന്ന് എക്‌സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങള്‍ ശക്തമായി നിരീക്ഷിക്കാന്‍ എക്‌സൈസ് സംഘം തീരുമാനിച്ചു.

സനീഷിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ലഭ്യമായാല്‍ കേസിലെ പ്രധാന കണ്ണികളെ കണ്ടെത്താന്‍ കഴിയുമെന്നാണ് എക്‌സൈസിന്റെ പ്രതീക്ഷ.

ഉന്മാദാവസ്ഥ ദിവസങ്ങളോളം

ആലുവ:
സ്ഥടിക, ദ്രവ രൂപത്തിലുള്ള എം.ഡി.എം.എ. കുറഞ്ഞ അളവില്‍ ഒരു തവണ ഉപയോഗിച്ചാല്‍ പോലും മണിക്കൂറുകള്‍ കഴിഞ്ഞാണ് കെട്ടുവിടുക. ചിലപ്പോള്‍ ദിവസങ്ങളോളം ഉന്മാദാവസ്ഥ നിലനില്‍ക്കും. അതിനാല്‍ ഇത്തരം ലഹരി വസ്തുക്കളുടെ ചെറിയ അളവിനു പോലും വന്‍ വിലയാണ് ഈടാക്കിയിരുന്നത്.

കൊക്കെയിനിനും ഹാഷിഷിനും ഗ്രാമിന് 5000 മുതല്‍ 6000 രൂപ വരെയാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ക്രിസ്റ്റല്‍ രൂപത്തിലുള്ള എം.ഡി.എം.എ. 100 മില്ലി ഗ്രാമിന് 5000 മുതല്‍ 6500 രൂപ വരെ വാങ്ങിയിരുന്നു. ഇതേ അളവിന് മോഹവിലയായി 11,000 രൂപ വരെ ഉണ്ടെന്നും എക്‌സൈസ് സംഘത്തിന്റെ പിടിയിലായ പ്രതി സനീഷ് പറഞ്ഞു. ചെറിയ പഞ്ചസാരക്കട്ടയില്‍ ഒരു തുള്ളി ദ്രവ രൂപത്തിലുള്ള എം.ഡി.എം.എ. ഇട്ടു നല്‍കാന്‍ 1500 രൂപ വരെയാണ് വാങ്ങിയിരുന്നത്. ഗോവയില്‍ നിന്ന് നാലായിരം രൂപ വരെ നല്‍കിയാണ് ഒരു ഗ്രാം എം.ഡി.എം.എ. വാങ്ങുന്നത്.