• കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ
  • അത്യാധുനിക സംവിധാനങ്ങളോടെ പുതിയ ആഭ്യന്തര ടെർമിനൽ
  • ആഭ്യന്തര യാത്രക്കാർക്ക് അന്താരാഷ്ട്ര മികവിൽ   സൗകര്യങ്ങൾ
  • ഏഴ് എയ്‌റോബ്രിഡ്ജ്, ആധുനിക അഗ്നിശമന സന്നാഹങ്ങൾ
  • മണിക്കൂറിൽ 4000 യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി
  • 56 ചെക്ക്-ഇൻ കൗണ്ടറുകൾ നിർമാണച്ചെലവ് 160 കോടി
  • മൂന്ന് നിലകളിലായി നിർമാണം ഇൻ ലേൻ ബാഗേജ് ഹാൻഡ്‌ലിങ് സംവിധാനം
  • 20 വർഷത്തെ ആഭ്യന്തര ട്രാഫിക് വർധന മുൻനിർത്തി വികസനം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ പുതിയ ആഭ്യന്തര ടെർമിനൽ (ഒന്നാം ടെർമിനൽ) മാർച്ച് അവസാനത്തോടെ പ്രവർത്തനമാരംഭിക്കും. ആറുലക്ഷത്തിലധികം ചതുരശ്രയടി വിസ്തീർണത്തിൽ പണിത ഒന്നാം ടെർമിനൽ പൂർണമായും ആഭ്യന്തര യാത്രക്കാർക്കും സർവീസുകൾക്കുംവേണ്ടി മാത്രമായുള്ളതാണ്.
 അന്താരാഷ്ട്ര യാത്രക്കാർക്ക് ലഭ്യമാക്കിയിട്ടുള്ളതുപോലെ ആഭ്യന്തര യാത്രക്കാർക്കും ഏറ്റവും മികച്ച സൗകര്യങ്ങളൊരുക്കാൻ 160 കോടി രൂപ മുടക്കിയാണ് സിയാൽ ഒന്നാം ടെർമിനൽ വികസിപ്പിക്കുന്നത്. സിയാലിന്റെ അന്താരാഷ്ട്ര ടെർമിനലായ ടി-3 ഇക്കഴിഞ്ഞ ഏപ്രിലിൽ പൂർണതോതിൽ പ്രവർത്തനം തുടങ്ങിയിരുന്നു. തൊട്ടടുത്തമാസംതന്നെ പഴയ അന്താരാഷ്ട്ര ടെർമിനലായ ടി-1 പുനർനിർമിക്കുന്ന പ്രക്രിയ തുടങ്ങി. ടി-1 നെ എത്രയുംവേഗം ആഭ്യന്തര ടെർമിനലായി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ, കസ്റ്റംസ്,  ഇമിഗ്രേഷൻ തുടങ്ങിയ സജ്ജീകരണങ്ങളൊന്നും ആഭ്യന്തര ഓപ്പറേഷന് വേണ്ടാത്തതിനാൽ, ടെർമിനലിന്റെ ഉൾവശം മുഴുവൻ മാറ്റി നിലവിലെ വ്യോമയാന-എൻജിനീയറിങ് രംഗത്തെ നിലവാരമനുസരിച്ച് പുനർനിർമിക്കുകയുമാണ് സിയാൽ ചെയ്യുന്നത്.

 ആഭ്യന്തര വ്യോമയാനരംഗത്തുണ്ടാകുന്ന വൻ വളർച്ച മുൻനിർത്തി, അടുത്ത 20 വർഷത്തേക്ക്‌ ഉപയുക്തമാക്കാവുന്ന തരത്തിലാണ് ഒന്നാം ടെർമിനൽ വികസിപ്പിക്കുന്നത്. നിലവിൽ ആഭ്യന്തര ഓപ്പറേഷൻ നടക്കുന്ന രണ്ടാം ടെർമിനലിന്റെ ആറിരട്ടിയിലധികം വിസ്‌തൃതിയും ആധുനിക സജ്ജീകരണങ്ങളും പുതിയ ടെർമിനലിൽ ഉണ്ടാകും.

 നിലവിലെ ടെർമിനലിൽ ഒരുമണിക്കൂറിൽ കൈകാര്യം ചെയ്യാവുന്ന യാത്രക്കാരുടെ പരമാവധി എണ്ണം 800 ആണ്. ഒന്നാം ടെർമിനൽ പ്രവർത്തനം തുടങ്ങുന്നതോടെ ഇത് 4000 ആയി ഉയരും. അന്താരാഷ്ട്ര ടെർമിനലായ ടി-3 യ്ക്കും സമാനശേഷിയാണ്. നിലവിലെ ആഭ്യന്തര ടെർമിനലിൽ ആഗമനവും പുറപ്പെടലും ഒരേ നിരപ്പിൽ നിന്നാണ്. എന്നാൽ, മൂന്ന് നിലകളിലായാണ് ടി-1 വിന്യസിച്ചിരിക്കുന്നത്. 2.42 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള താഴത്തെ നിലയിൽ ചെക്ക്-ഇൻ ഡിപ്പാർച്ചർ, അറൈവൽ ബാഗേജ് ഏരിയ എന്നിവയ്ക്കായി മാറ്റിവച്ചിട്ടുണ്ട്. 56 ചെക്ക്-ഇൻ കൗണ്ടറുകൾ ഇവിടെയുണ്ടാകും. നിലവിലെ  ആഭ്യന്തര ടെർമിനലിൽ ഇത് 29 ആണ്. ഭക്ഷണശാലകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, മെഡിക്കൽ റൂം എന്നിവയും താഴത്തെ നിലയിലുണ്ട്.

 നിലവിലെ ആഭ്യന്തര ടെർമിനലിൽ എയ്‌റോ ബ്രിഡ്ജ് സംവിധാനമില്ല. എന്നാൽ ടി ഒന്നിൽ ഇത് പരിഹരിക്കപ്പെടുന്നു. ഒന്നാം നിലയിൽ സുരക്ഷാ പരിശോധനാ സൗകര്യവും ഗേറ്റുകളുമുണ്ട്. എയ്‌റോ ബ്രിഡ്ജ് സൗകര്യമുള്ള ഏഴ് ഗേറ്റുകൾ ഉൾപ്പെടെ 11 ഗേറ്റുകളിലേക്ക്‌ ഇവിടെനിന്നാകും പ്രവേശനം. ആയിരത്തിലധികം പേർക്ക് ഇവിടെ ഇരിപ്പിടമുണ്ടാകും. കടകൾ, പ്രാർത്ഥനാമുറി, റിസർവ് ലോഞ്ച്, ബേബി കെയർ റൂം എന്നിവയും ഒന്നാം നിലയിലുണ്ടാകും. 2.18 ലക്ഷം ചതുരശ്രയടിയാണ് ആകെ വിസ്‌തൃതി. 90000 ചതുരശ്രയടി വിസ്തീർണമുള്ള രണ്ടാം നിലയിൽ, ടി-3യിൽ ഉള്ളതുപോലെ ഫുഡ് കോർട്ട്, എക്സിക്യുട്ടീവ് ലോഞ്ച്, ബാർ എന്നിവ സജ്ജീകരിക്കും. അനുബന്ധ സൗകര്യങ്ങൾക്കായി 62,000 ചതുരശ്രയടി സ്ഥലം കൂടി സിയാൽ വികസിപ്പിക്കുന്നുണ്ട്. ടെർമിനലിനായി ഒരുക്കുന്ന ആധുനിക അകച്ചമയ സംവിധാനങ്ങളുടെ ഭാഗമായി മുഴുവൻ ഫാൾസ് സീലിങ്ങും തറയും മാറ്റുന്നുണ്ട്.

 വിമാനത്തിനുള്ളിൽ നിന്ന് ഏറ്റവുംവേഗത്തിൽ യാത്രക്കാരെ ഗ്രൗണ്ട് ഫ്ലോറിലുള്ള അറൈവൽ മേഖലയിൽ എത്തിക്കാനായി റാമ്പുകൾ നിർമിക്കുന്നുണ്ട്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷന്റെ ഏറ്റവും പുതിയ നിർദേശപ്രകാരമുള്ള ഇൻ ലേൻ ബാഗേജ് ഹാൻഡ്‌ലിങ് സംവിധാനമാണ് സിയാൽ ഒന്നാം ടെർമിനലിൽ ഒരുക്കുന്നത്. തുടക്കംമുതൽതന്നെ രണ്ട് സി.ടി. മെഷീൻ ഉപയോഗിച്ച് ബാഗേജുകൾ സ്കാൻ ചെയ്യും. ഓരോ ബാഗിന്റെയും ദ്വിമാന ചിത്രങ്ങൾ പരിശോധകന് കാണാൻ കഴിയും. 45 സെക്കൻഡുകൊണ്ട് ബാഗ് പരിശോധന പൂർത്തിയാക്കുന്ന വിധത്തിലാണ് ബാഗേജ് ഹാൻഡ്‌ലിങ് സംവിധാനം ഒരുക്കിയിട്ടുള്ളത്. അമേരിക്കൻ വ്യോമയാന സുരക്ഷാ ഏജൻസിയായ ടി.എസ്.എ. നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കൊപ്പമാണ് ഒന്നാം ടെർമിനലിന്റെ ബാഗേജ് സംവിധാനം ഒരുക്കുന്നത്. അറൈവൽ ഭാഗത്ത് നിലവിലുള്ള രണ്ട് കൺവേയർ ബെൽറ്റുകൾക്ക് പകരം ടി-ഒന്നിൽ നാല് ബെൽറ്റുകളുണ്ടാകും. മൊത്തം 68 മീറ്ററാണ് ഇവ ഓരോന്നിന്റെയും നീളം. റിസർവ്  ലോഞ്ച്, ഷോപ്പിങ് ഏരിയ, പ്രീ-പെയ്ഡ് ടാക്സി കൗണ്ടർ എന്നിവ അറൈവൽ മേഖലയിലുണ്ട്.

 അത്യാധുനിക അഗ്നിരക്ഷാ സംവിധാനമാണ് ഒന്നാം ടെർമിനലിൽ ഒരുക്കുന്നത്. ടെർമിനലിന്റെ മുഴുവൻ മേഖലയും ഫയർ ഹൈഡ്രന്റ് സംവിധാനത്തിന്റെ പരിധിയിലുണ്ടാകും. തീ കണ്ടാൽ സ്വയം ജലം പമ്പുചെയ്യുന്ന രണ്ടായിരത്തോളം സ്‌പ്രിംഗ്ലറുകൾ ടെർമിനലുകളിലാകെ ഘടിപ്പിച്ചുവരുന്നു. ഏറ്റവും സുരക്ഷിതമായ രീതിയിൽ അഗ്നിശമന സന്നാഹങ്ങൾ ഒരുക്കാൻ മാത്രം 6.67 കോടി രൂപയാണ് സിയാൽ ചെലവിടുന്നത്. എട്ട് ലിഫ്റ്റുകൾ, നാല് എസ്കലേറ്ററുകൾ, വിമാനത്തിന്റെ ആഗമന-പുറപ്പെടൽ വിവരങ്ങൾ തത്സമയം കാണിക്കുന്ന 168 ഫ്ളൈറ്റ് ഡിസ്‌പ്ലേ സിസ്റ്റം, 800 സുരക്ഷാ ക്യാമറകൾ എന്നിവയും ഒന്നാം ടെർമിനലിൽ സജ്ജീകരിക്കുന്നുണ്ട്്. ടെർമിനലിന്റെ നിർമാണം വേഗത്തിൽ പുരോഗമിക്കുന്നുണ്ട്. മാർച്ച് അവസാനത്തോടെ ഇവിടെ സർവീസ് തുടങ്ങാൻ കഴിയുമെന്നാണ് സിയാലിന്റെ പ്രതീക്ഷ.  

2015-16: 31.29 ലക്ഷം
2016-17: 39.43 ലക്ഷം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലുള്ള കുതിപ്പ് കണക്കിലെടുത്താണ് കൂടുതൽ സൗകര്യങ്ങളോടുകൂടിയ അത്യാധുനിക ടെർമിനൽ സിയാൽ ഒരുക്കുന്നത്. പോയ സാമ്പത്തികവർഷം ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 26 ശതമാനം വളർച്ചനേടാൻ സിയാലിനായി. 2015-16 വർഷം 31.29 ലക്ഷം പേരാണ് കൊച്ചി വഴി ആഭ്യന്തര യാത്ര നടത്തിയത്. എന്നാൽ 2016-17 വർഷമിത് 39.43 ലക്ഷമായി ഉയർന്നു. ഈ രീതിയിൽ വളർച്ച തുടർന്നാൽ നാലുവർഷത്തിനുള്ളിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 80 ലക്ഷത്തിലെത്തും. ഇതെല്ലാം മുന്നിൽക്കണ്ടാണ് സിയാൽ പുതിയ ആഭ്യന്തര ടെർമിനൽ പണികഴിപ്പിക്കുന്നത്. കഴിഞ്ഞ വർഷം സിയാൽവഴി പറന്ന മൊത്തം യാത്രക്കാർ 89.41 ലക്ഷമാണ്. ഇതിൽ അന്താരാഷ്ട്ര യാത്രക്കാർ അരക്കോടിയോളം വരും.

 അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ഏഴു ശതമാനമാണ് വളർച്ച. നടപ്പുസാമ്പത്തികവർഷം മൊത്തം യാത്രക്കാരുടെ എണ്ണം ഒരു കോടിയിലെത്തുമെന്നാണ് സിയാലിന്റെ പ്രതീക്ഷ. കൂടുതൽ അന്താരാഷ്ട്ര-ആഭ്യന്തര സർവീസുകൾ കൊച്ചിയിലേക്കെത്തിച്ച്്് യാത്രക്കാരുടെ എണ്ണം ഉയർത്തുന്നതിനുള്ള ശ്രമത്തിലാണ് സിയാൽ. പുതിയ വിമാനസമയക്രമത്തിൽ കുവൈത്തിൽ നിന്നുള്ള ജസീറ എയർവേയ്സും തായ് ലയൺ എയറും അന്താരാഷ്ട്ര സർവീസ് ആരംഭിക്കുന്നുണ്ട്്്. കൂടാതെ ആഭ്യന്തരമേഖലയിൽ ഗോ എയർ ലഖ്‌നൗവിലേക്ക് പുതിയ സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്കുശേഷം 2.25 ന് ലഖ്‌നൗവിൽ നിന്നെത്തുന്ന ഗോ എയർ വിമാനം 3.05 ന് മടങ്ങിപ്പോകും. നവംബർ 10 ന് സർവീസ് തുടങ്ങും. ഇൻഡിഗോ നാല് പുതിയ സർവീസുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കാണ് ഇൻഡിഗോ കൂടുതൽ സർവീസുകൾ നടത്തുക. പുതിയ സമയപ്പട്ടികയനുസരിച്ച് ആഴ്ചയിൽ ഡൽഹിയിലേക്ക്‌ 93, മുംബൈയിലേക്ക്‌ 64 ബെംഗളൂരുവിലേക്ക്‌ 67 എന്നിങ്ങനെ സർവീസുകളുണ്ട്. അഹമ്മദാബാദ്, ഹൈദരാബാദ്, കൊൽക്കത്ത, ജയ്‌പുർ, ചെന്നൈ, തിരുവനന്തപുരം, പുണെ, കോഴിക്കോട്, അഗത്തി തുടങ്ങിയ സ്ഥലങ്ങളിലേക്കും കൊച്ചിയിൽ നിന്ന് നേരിട്ടുള്ള സർവീസുകളുണ്ട്. വേനൽക്കാല സമയപ്പട്ടികയിൽ മൊത്തം പ്രതിവാര സർവീസുകൾ 1314 ആയിരുന്നു. ശീതകാല പട്ടികയിൽ അത് 1422 ആയി ഉയർന്നിട്ടുണ്ട്. ആഭ്യന്തര വിനോദസഞ്ചാരം വർധിച്ചുവരുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ സിയാൽ ശ്രമം നടത്തിവരുന്നു.