കൊച്ചി: രാജ്യത്ത് ദീര്‍ഘവീക്ഷണത്തോടെയുള്ള സമഗ്ര മത്സ്യനയം അനിവാര്യമെന്ന് ഐ.സി.എ.ആര്. ഡയറക്ടര്‍ ജനറല്‍ ഡോ. എസ്. അയ്യപ്പന്. അന്തര്‍ദേശീയ കൂട് മത്സ്യകൃഷി ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഞ്ച് വര്‍ഷത്തിനുള്ളില്‍ 16 ദശലക്ഷം ടണ്‍ മത്സ്യം ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മത്സ്യമേഖല നേരിടുന്ന ഏറ്റവും വലിയ ഭീഷണി കാലാവസ്ഥാ വ്യതിയാനമാണ്. ഗ്രീന്‍ ഫിഷറീസിനും ഗ്രീന്‍ അക്വാ കള്‍ച്ചറിനും പ്രാമുഖ്യം നല്‍കണം. മത്സ്യക്കുഞ്ഞുങ്ങളുടെ ലഭ്യതക്കുറവ് കൂട് മത്സ്യ കൃഷിക്ക് തിരിച്ചടിയാണ്. സൂക്ഷിക്കാന്‍ സ്ഥല സൗകര്യം ഇല്ലാത്തതും പ്രശ്നമാണ്. മത്സ്യക്കുഞ്ഞുങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുകയും കുറഞ്ഞ ചെലവില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയും വേണം. രാഷ്ട്രീയ തീരുമാനവും സര്‍ക്കാര്‍ പിന്തുണയും ലഭിച്ചാല്‍ കൂട് മത്സ്യകൃഷി മേഖലയില്‍ ഇന്ത്യക്ക് മികച്ച നേട്ടം കൊയ്യാനാവുമെന്നും ഡോ. അയ്യപ്പന് ചൂണ്ടിക്കാട്ടി.
മലേഷ്യ ഏഷ്യന്‍ ഫിഷറീസ് സൊസൈറ്റി നിയുക്ത അധ്യക്ഷന്‍ ഡോ. ജെ.കെ. ജെന, പ്രൊഫ. ഡോ. മോഹന്‍ ജോസഫ് മോടയില്‍, ഡോ. ദെരെക് സ്റ്റെപില്സ്, ഡോ. ആലിസ് ജോന് ഫെറര്‍, ഡോ. എ. ഗോപാലകൃഷ്ണന്, ഡോ. ബി.എ. ശ്യാം സുന്ദര്‍ എന്നിവര്‍ സംബന്ധിച്ചു.
നൂറിലേറെ പ്രബന്ധങ്ങളാണ് നാല് ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ അവതരിപ്പിക്കുന്നത്. മുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.