ന്യൂഡല്‍ഹി: ആനക്കുട്ടിക്ക് വഴി അറിയില്ലെങ്കില്‍ എന്തു ചെയ്യും? വഴി കാട്ടാന്‍ മുതിര്‍ന്ന ആനകള്‍ ശ്രമിക്കും. എന്നാലിവിടെ നേരെ നടത്താനൊന്നും കൂട്ടത്തിലെ കൊമ്പന്‍ ശ്രമിച്ചില്ല. പകരം പോകേണ്ട വഴിയിലേക്ക്‌ ഒരു ഏറായിരുന്നു. കുറച്ചകലെ ചെന്നു വീണ ആനക്കുട്ടിക്ക്‌ ആദ്യം ഒരു അമ്പരപ്പായിരുന്നു. അമ്പരപ്പ് മാറുന്നതിന് മുമ്പെ അതാ നീണ്ടു വന്ന തുമ്പിക്കൈ വീണ്ടും അവനെ തൂക്കിയെടുത്തു വഴിയിലേക്കിട്ടു.

പിന്നെയും വഴി അറിയാതെ കഷ്ടപ്പെട്ട അവനെ തുമ്പിക്കൈയില്‍ കൊരിയെടുത്തു വഴികാട്ടി കൊമ്പന്‍. ദക്ഷിണാഫ്രിക്കയിലെ അഡോ എലിഫന്റ് നാഷണല്‍ പാര്‍ക്കിലാണ് സംഭവം. പാര്‍ക്കില്‍ നിന്ന് പകര്‍ത്തിയ ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യത്തിലാണ് കുട്ടിയാനയെ മുതിര്‍ന്ന ആന മൂന്ന് പ്രാവശ്യം എടുത്തെറിയുന്നതുള്ളത്. എന്നാല്‍ ആനക്കുട്ടിക്ക് പരിക്കേറ്റതായി ദൃശ്യത്തിലില്ല. എന്താണ് സംഭവിക്കുന്നതെന്ന അമ്പരപ്പ് മാത്രമാണ് അവനുള്ളത്. 

ഒരു ജലസ്രോതസിനടുത്തുവെച്ച്‌ പരിസ്ഥിതി പ്രവര്‍ത്തകനായ ജെനി സ്മിത്തീസ്, ഫോട്ടോഗ്രാഫറായ ലോയ്ഡ് കാര്‍ട്ടര്‍ എന്നിവര്‍ ചേര്‍ന്നാണ് വീഡിയോ പകര്‍ത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി ആളുകളാണ് വീഡിയോ കണ്ടത്.