ടമക്കുടി എന്ന സ്ഥലം വൈപ്പിന് കിഴക്കും വരാപ്പുഴയ്ക്ക് പടിഞ്ഞാറും സ്ഥിതി ചെയ്യുന്ന ഒരു സുന്ദരന്‍ ദ്വീപ് ആകുന്നു. കരിമീനും കണമ്പും കൂരിയും പൊക്കാളിച്ചോറും കഴിച്ച്, കടമക്കുടിയുടെ കറുത്ത കവിയായ ജോസുകുട്ടനുമായി സാഹിത്യവും രാഷ്ട്രീയവും തര്‍ക്കിച്ചും വായിച്ചും കഴിഞ്ഞിരുന്ന ജീവിതത്തിന്റെ ആദ്യ പതിറ്റാണ്ടുകളില്‍, ഇടക്കിടെ വിഷം തീണ്ടിയ പ്രഭാതങ്ങള്‍ ഞങ്ങളെ ശ്വാസം മുട്ടിച്ചുകൊണ്ടേയിരുന്നു.

ഏലൂരില്‍ നിന്നും കാറ്റ് പടിഞ്ഞാറേയ്ക്ക് മാറി വീശുന്ന പ്രഭാതങ്ങളില്‍ കമ്പനിപ്പുക ശ്വാസകോശങ്ങളില്‍ ഗന്ധകത്തിന്റെ ഗന്ധത്തില്‍ സഹവസിച്ചു. ശ്വാസംമുട്ട്, കഫക്കെട്ട് എന്നിങ്ങനെയുള്ള വളരെ സ്വാഭാവിക പ്രതികരണങ്ങളിലൂടെ 'വികസനം', 'വ്യവസായവത്കരണം' എന്നിവയുടെ ഒഴിച്ചുകൂടാനാവാത്ത പാര്‍ശ്വഫലങ്ങളിലൂടെ ഞങ്ങള്‍ കടമക്കുടിക്കാരും ചരിത്രത്തോടൊപ്പം മുന്നോട്ടുനീങ്ങി.

കൊല്ലം പത്തുമുപ്പത് കടന്നിരിക്കുന്നു. ഏലൂരിലെ കമ്പനികളുടെ പുകക്കുഴലുകള്‍ അവയുടെ ഉയരം വര്‍ദ്ധിപ്പിച്ചതുകൊണ്ടും, കടമക്കുടിയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പിന്നീട് കൂടുമാറിയതുകൊണ്ടും കുത്തിക്കുത്തിച്ചുമകള്‍ പതിയെ മാറിപ്പോയി. ലാറ്റിനമേരിക്കന്‍ സാഹിത്യകാരനായ ഗബ്രിയേല ഗാര്‍സിയ മാര്‍ക്കേസിന്റെ 'മൊകോണ്ടോ' പോലെ, മാജിക് റിയലിസത്തിന്റെ ചാരവര്‍ണ്ണത്തില്‍ പാതിക്കണ്ണടച്ച് പഴയ കാര്യങ്ങള്‍ മയങ്ങിക്കിടപ്പാണ്.

നീരൊഴുക്ക് കുറയുന്ന തരത്തില്‍, ഓര് കയറാതിരിക്കാന്‍, കുടിവെള്ള സംഭരണിയുടെ ബണ്ട് അടക്കേണ്ടി വരുമ്പോള്‍, പെരിയാറിന് എന്താണ് സംഭവിക്കുന്നത്.? പെരിയാര്‍ വെറും ഒരു കെട്ടിക്കിടക്കുന്ന 'വാട്ടര്‍ ടാങ്ക്' ആയി മാറുകയാണ്. 

അപ്പോഴിതാ മാര്‍ട്ടിന്‍ ഗോപുരത്തിങ്കല്‍ എന്നൊരു സാമൂഹിക ശാസ്ത്രജ്ഞന്‍ അദ്ധേഹത്തിന്റെ കഠിനവര്‍ഷങ്ങള്‍ നീണ്ട ഗവേഷണ വെളിപാടിലൂടെ എന്നെ തൊഴിച്ചുണര്‍ത്തുന്നു. ഗംഗയും യമുനയും ജീവനുള്ള 'വ്യക്തികള്‍' ആണെന്ന കോടതിവിധി, പെരിയാറില്‍ കുളിച്ചുതിമര്‍ത്ത പഴയ നാളുകളിലേക്ക് വീണ്ടും കാറ്റു കുതിക്കുന്നു. 

പെരിയാര്‍ മലിനീകരണവുമായി ബന്ധപ്പെട്ട് കൊച്ചിക്കാര്‍ തന്നെ വാലോ തുമ്പോ അറിയുന്നത് ഇടക്കിടെ പെരിയാര്‍ നിറംമാറി ഒഴുകുമ്പോള്‍ മാത്രമാണ്. അതും ഏലൂര്‍- ഇടയാര്‍ മേഖലയുടെ പ്രാദേശിക പ്രശ്നം എന്ന രീതിയില്‍ മാത്രം. 2011ല്‍, കബനീ നദി പോലെ പെരിയാര്‍ തുടര്‍ച്ചയായി ചുവന്നപ്പോള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അതിനെ ഗൗരവമായി എടുത്തു. ഒരു വനിതാ എഞ്ചിനീയറെ കാര്യങ്ങള്‍ പഠിക്കാന്‍ നിയോഗിച്ചു. കുടിവെള്ളവുമായി ഒരു സ്വാഭാവിക ചങ്ങാത്തം സ്ത്രീകള്‍ക്കുണ്ട്.

water

2011 ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ മാസങ്ങളില്‍ ആ വനിതാ എഞ്ചിനീയര്‍ കാര്യങ്ങള്‍ ഉറക്കിളച്ച് പഠിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 'സ്ഥലംമാറ്റം' എന്ന പതിവു താരിപ്പിലൂടെ കാര്യങ്ങള്‍ മുന്നോട്ടുപോയെങ്കിലും 2015 - 16 വര്‍ഷങ്ങളില്‍, പുഴ സ്ഥിരമായി പല വര്‍ണ്ണങ്ങളില്‍ ഒഴുകിയപ്പോള്‍, 2016 സെപ്തംബറില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് തന്നെ ഒരു വെടി പൊട്ടിച്ചു. വിപ്ലവസിദ്ധാന്തങ്ങള്‍ ഒന്നും പെരിയാറിനെ ചുമപ്പിക്കുന്നില്ല. മറിച്ച്, സിമോക്സ് (അയേണ്‍ സംയുക്തങ്ങള്‍) എന്ന രാസപദാര്‍ത്ഥമാണ് അതിന് പിന്നിലുള്ളതെന്ന് വരമൊഴിയായിത്തന്നെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥിരീകരിച്ചു. അപ്പോള്‍ നമ്മുടെ കുടിവെള്ളത്തില്‍ ആരാണ് നഞ്ച് കലര്‍ത്തുന്നത്? വിഷലിപ്തമായ വെള്ളം ഏത് പ്രകാരമാണ് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നത്.? 

 കുറുവ, പൂളാന്‍, കൂരി, ഈല്‍ തുടങ്ങി പതിനാലോളം ഇനം മത്സ്യങ്ങള്‍, കടമക്കുടിക്കാരുടെ നാവുകളില്‍ നിന്നും സ്മരണയുടെ സെമിത്തേരിയിലേക്ക് പേര് മാറ്റിയിരിക്കുന്നു. പത്തൊമ്പതോളം ഇനങ്ങളില്‍പ്പെട്ട മറ്റ്  മത്സ്യങ്ങള്‍ അവയുടെ കുടുംബപ്പേര് നിലനിര്‍ത്താന്‍ പിടഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു.

കൊച്ചിയിലെ കുടിവെള്ളത്തിനായുള്ള ശുദ്ധീകരണശാല 1936ല്‍ ആദ്യമായി തുറമുഖത്തുനിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ചൊവ്വര എന്ന സുരക്ഷിതമായ മേഖലയിലാണ് സ്ഥാപിച്ചത്. എന്നാല്‍ പിന്നീട് സ്ഥാപിച്ച പമ്പിംഗ് സ്റ്റേഷനുകള്‍ (ആലുവ, മുപ്പത്തടം) കൊച്ചി കായലിനോടും മലിനീകരണ സാധ്യതയുള്ള വ്യവസായ മേഖലയോട് അടുപ്പിച്ചുമാണ് സ്ഥാപിച്ചത്. പെരിയാര്‍ നദിയില്‍ ഒഴുക്ക് കുറയുമ്പോള്‍ വെള്ളം സംഭരിക്കുന്ന തടയണകള്‍ (പാതാളം ബണ്ട്, മഞ്ഞുമ്മല്‍ ബണ്ട) വ്യവസായ മേഖലയുടെ മധ്യത്തിലുമായി. അതായത്, നീരൊഴുക്ക് കുറയുന്ന തരത്തില്‍, ഓര് കയറാതിരിക്കാന്‍, കുടിവെള്ള സംഭരണിയുടെ ബണ്ട് അടക്കേണ്ടി വരുമ്പോള്‍, പെരിയാറിന് എന്താണ് സംഭവിക്കുന്നത്.? പെരിയാര്‍ വെറും ഒരു കെട്ടിക്കിടക്കുന്ന 'വാട്ടര്‍ ടാങ്ക്' ആയി മാറുകയാണ്. അപ്പോള്‍, കടമക്കുടിയുടെ കവി പഴയ പാട്ട് മാറ്റിയെഴുതി, പെരിയാറേ പൊന്നു വാട്ടര്‍ ടാങ്കേ എന്ന് പുതിയ ഈണത്തില്‍ തട്ടിമൂളിക്കുന്നു.

ചരിത്രത്തിലേക്ക് പേജ് മറിക്കാം. 1963 മുതല്‍ കുടിവെള്ളത്തിന്റെ പൊതുവിതരണം ആരംഭിക്കുകയും 1975ല്‍ കൂടുതല്‍ വിതരണത്തിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും, എറണാകുളം ജില്ലയിലെ 40 ലക്ഷം പേര്‍ക്ക് കുടിവെള്ളം എത്തിക്കാനായി ദിവസേന 275-300 ദശലക്ഷം ലിറ്റര്‍ വെള്ളം പെരിയാറില്‍ നിന്ന് പമ്പ് ചെയ്ത് വിതരണം നടത്തുകയുമാണ് ചെയ്യുന്നത്. പുഴയില്‍ നിന്നും എടുക്കുന്ന വെള്ളം നീറ്റുകക്കയും ആലവും ആയി മിക്സ് ചെയ്തതിന് ശേഷം, പല കനത്തിലുള്ള വെള്ളാരംകല്ലുകളില്‍ കൂടി ഊറി ഇറങ്ങുമ്പോള്‍, വെള്ളത്തെ യാന്ത്രികമായി അടിയിപ്പിച്ച്, പിന്നെ ക്ലോറിന്‍ കടത്തിവിട്ട് ശുദ്ധീകരിക്കുന്നതാണ് വിഷാംശങ്ങള്‍ കഴുകിക്കളഞ്ഞ് ഇതിനെ കുടിവെള്ളമായി പരിവര്‍ത്തിപ്പിക്കുന്ന പാരമ്പര്യ ശുദ്ധികലശം.

water

എന്നാല്‍ ദേഹവും ദേഹിയും ഉത്സവപ്പറമ്പിലെ കളറുമിഠായികള്‍ പോലെ വര്‍ണ്ണരാജി വിരിഞ്ഞ് പെരിയാര്‍ ഈസ്റ്റ്മാന്‍ കളറില്‍ ഒഴുകുമ്പോള്‍, അതിന്റെ ആത്മാവില്‍ വഹിക്കുന്ന ഘനലോഹ മാലിന്യങ്ങളായ സിങ്ക്, കാഡ്മിയം, ലെഡ് എന്നീ ഭീകരന്മാരെ ഇല്ലാതാക്കാന്‍ നമ്മുടെ വെള്ളാരങ്കല്ലുകള്‍ക്ക് സാധിക്കുമോ? പുണ്യപുരാണ ക്ലോറിനേഷന്‍ മാമോദീസയില്‍ അലിഞ്ഞുപോകാത്ത മഹാവിഷങ്ങളും മാരകലോഹങ്ങളും ചെന്നടിയുന്നത് കൊച്ചിയുടെ ആമാശയങ്ങളില്‍ തന്നെയല്ലേ. മനുഷ്യന്‍ ഇല്ലാതാകുംമുമ്പ്, മത്സ്യങ്ങള്‍ ഇല്ലാതായിരിക്കുന്നു.

കടമക്കുടിക്കും അപ്പുറം നെടുങ്കാട് വരെ നീളുന്ന വീരന്‍പുഴയില്‍ നടത്തിയ പതിനെട്ടോളം പഠനങ്ങളില്‍ കാണുന്ന ചാവുദോഷങ്ങളുടെ പട്ടിക അല്പംകൂടി നീണ്ടതാണ്. മെര്‍കുറി, കാഡ്മിയം, ലെഡ്, ക്രോമിയം, കോപ്പര്‍, നിക്കല്‍, സിങ്ക്, അയേണ്‍, പിന്നെ പലതരം പെസ്റ്റിസൈഡുകള്‍. കുറുവ, പൂളാന്‍, കൂരി, ഈല്‍ തുടങ്ങി പതിനാലോളം ഇനം മത്സ്യങ്ങള്‍, കടമക്കുടിക്കാരുടെ നാവുകളില്‍ നിന്നും സ്മരണയുടെ സെമിത്തേരിയിലേക്ക് പേര് മാറ്റിയിരിക്കുന്നു. പത്തൊമ്പതോളം ഇനങ്ങളില്‍പ്പെട്ട മറ്റ്  മത്സ്യങ്ങള്‍ അവയുടെ കുടുംബപ്പേര് നിലനിര്‍ത്താന്‍ പിടഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു.

water

ഗൃഹാതുരത്വം പെരിയാര്‍ മലിനീകരണത്തെപ്പറ്റി ചര്‍ച്ചചെയ്യുമ്പോള്‍ പുര നിറഞ്ഞ് നില്‍ക്കുകയാണ്. കഴിഞ്ഞ കുറേ കൊല്ലങ്ങളായി ഏലൂരിലെ നന്മ നിറഞ്ഞ ചില ആക്ടിവിസ്റ്റുകള്‍ നൂറ്റൊന്നാവര്‍ത്തിച്ച ഒരു വിഷയമാണിത്. മാര്‍ട്ടിന്റെ വായില്‍ നിന്ന് നേരിട്ട് കേട്ടപ്പോള്‍ ശരിക്കും നടുങ്ങി: ''മീനും പച്ചക്കറീം പഴങ്ങളും എല്ലാം വിഷം ആണെന്നല്ലേ സാറ് പറേണത്. അപ്പോപ്പിന്നെ നുമ്മ വെള്ളം മാത്രം നോക്കണോ'?

ശബ്ദം നഷ്ടപ്പെടുന്ന കുട്ടികള്‍ ഉണ്ടായിരുന്ന എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയിലേക്ക് സ്ഥലംമാറ്റം കിട്ടിച്ചെന്ന പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍, ഒരു പ്രഭാത പ്രാര്‍ത്ഥന പോലെ തന്റെ കുട്ടികളോട് ഒന്നുറക്കെ കൂവാന്‍ പറഞ്ഞിരുന്നു. അവരുടെ കണ്ഠങ്ങള്‍ അടഞ്ഞുപോയിട്ടില്ലെന്ന് ദിവസേന ഉറപ്പിക്കാന്‍. ഏറ്റവും കൂടുതല്‍ വംശനാശം സംഭവിച്ചിരിക്കുന്ന നദികളില്‍ മുന്‍നിരയിലാണ് പെരിയാര്‍ എന്ന മഹാവിധിയോട് രാജിയായി എന്റെ ഗ്രാമമായ കടമക്കുടിയും കിടക്കുന്നു. ഗംഗയും യമുനയും വ്യക്തികളാണ് എന്ന് കോടതിവിധി വരുമ്പോള്‍, പെരിയാറിന്റെ വിധി എന്താണിങ്ങനെ?