ത്താംതരം പാസ്സാകാതെ നിത്യ ജീവിതത്തിനുള്ള വഴിമുട്ടിയപ്പോള്‍ പാലക്കാട് അടക്കാപൂത്തൂര് സ്വദേശിയായ രാജേഷ് എത്തപ്പെട്ടത് ഒറ്റപ്പാലത്തെ മനിശ്ശേരിയിലെ ഒരു സ്വകാര്യ ഈര്‍ച്ചമില്ലിലാണ്. തന്നിലെ കലാകാര ഹൃദയം ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ല മരങ്ങളുടെ ജീവനെടുക്കുന്ന ആ ജോലി. എന്നാല്‍ കയ്യില്‍ കാക്കാശില്ലാതെ അലഞ്ഞപ്പോള്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ സഹായിച്ചത് ഈര്‍ച്ചമില്ലിലെ ജോലിയാണ്. എന്നാല്‍ മരങ്ങളുടെ ശവപ്പറമ്പായ ഈര്‍ച്ചമില്ലിലെ ജോലിയില്‍ പലപ്പോഴും മനംമടുത്തും കുറ്റബോധം കൊണ്ടും രാജേഷിന്റെ തലകുനിഞ്ഞപ്പോള്‍ അദ്ദേഹം എടുത്തതാണ് മരങ്ങളെ സംരക്ഷിക്കുക എന്ന മനോഹര തീരുമാനം. 

ഈ 9 വര്‍ഷത്തിനിടയ്ക്ക് കേരളത്തിനും പുറത്തുമായി രാജേഷും അദ്ദേഹം ഉണ്ടാക്കിയ സംസ്‌കൃതി എന്ന പരിസ്ഥിതി സംഘടനയും നട്ടത് അഞ്ച് ലക്ഷത്തോളം വൃക്ഷങ്ങളാണ്. അവയില്‍ 70% വും നിലനില്‍ക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നു എന്നതാണ് രാജേഷിനെ മറ്റ് മരം നടീല്‍ മാമാങ്കക്കാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

അന്നത്തെ ജീവിത സാഹചര്യത്തില്‍ ആ ജോലി ഉപേക്ഷിക്കുക വയ്യ, അതിനാലാണ് ഇഷ്ടമില്ലാഞ്ഞിട്ടും ഈര്‍ച്ചമില്ലില്‍ തുടര്‍ന്നത്. പിന്നെ ജീവിതം പച്ചപിടിച്ചു. അതിനിടെയാണ് ആഗോള താപനത്തിന് മരം മറുപടി എന്ന വനം വകുപ്പിന്റെ സന്ദേശം എന്റെ ജീവിതം മാറ്റിമറിയ്ക്കുന്നത്. ഓരോ മരം മുറിക്കുമ്പോഴും അതിന്റെ വേര് തേടി അലഞ്ഞ് അവിടെ ഒരു തൈ നടാന്‍ ഞാന്‍ ശ്രമിച്ചു. എന്നിട്ടും എന്റെ കൈവെള്ളയിലെ പാപക്കറ മായുന്നില്ലെന്ന തോന്നലില്‍ ഉണ്ടാക്കിയതാണ് സംസ്‌കൃതി എന്ന പരിസ്ഥിതി സംഘടന- രാജേഷ് പറയുന്നു. 

 2015ലെ ഇന്ദിരാ ഗാന്ധി സദ്ഭാവനാ പുരസ്‌കാരം, 2014ല്‍ കേരളസര്‍ക്കാരിന്റെ വനമിത്രപുരസ്‌കാരം, ചെന്നൈ ലയണ്‍സ് ക്ലബ്ബിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് എന്നീ പുരസ്‌കാര നേട്ടങ്ങള്‍ക്ക് ശേഷമായിരുന്നു തന്റെ ഈര്‍ച്ചമില്‍ സംരംഭത്തിലേക്ക് രാജേഷ് കാലെടുത്തു വെച്ചത്. 

2008ല്‍, രൂപപ്പെട്ട കാലം മുതല്‍ ഇന്നോളം വരെ എത്ര തൈകള്‍ നട്ടിട്ടുണ്ടാവും എന്ന് ചോദിച്ചാല്‍  നടുന്ന മരങ്ങളുടെ എണ്ണത്തിലല്ല, സംരക്ഷിക്കപ്പെടുന്നു എന്ന ഉറപ്പിലാണ് കാര്യം എന്ന ഉത്തരമേ രാജേഷിന് നല്‍കാനുള്ളൂ. അപ്പോഴും നിര്‍ബന്ധ ബുദ്ധിയോടെ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഏതാണ്ട് അഞ്ച് ലക്ഷത്തോളം വൃക്ഷത്തൈകള്‍ നട്ടിട്ടുണ്ടാവുമെന്ന് ഏകദേശ കണക്കേ രാജേഷിന് പറയാനുള്ളൂ. പക്ഷെ നടുന്ന മരങ്ങളില്‍ 70% വും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന കാര്യത്തില്‍ രാജേഷിന് യാതൊരു സംശയവുമില്ല. സെക്രട്ടറിയും പ്രസിഡന്റും മറ്റ് ഭാരവാഹികളൊന്നുമില്ലാത്ത സംഘനയായിരുന്നിട്ടും രാജേഷിന്റെ നേതൃത്വത്തില്‍ സംസ്‌കൃതി രാജ്യത്തെ വിവിധ കാമ്പസുകളെ കൊച്ചു കാനനമാക്കിയിട്ടുണ്ട്.

വാരാണസിയിലെ ബനാറസ് യൂനിവേഴ്‌സിററി കാമ്പസില്‍ 100ന് നടുത്ത് കണിക്കൊന്നകള്‍ രാജേഷും സംഘവും നട്ടു. ഇനി 101 തെങ്ങിന്‍ തൈകള്‍ നടാന്‍ ബനാറസ് യൂനിവേഴ്‌സിറ്റിയില്‍ ക്ഷണം ലഭിച്ചിട്ടുണ്ട്. ബനാറസ് കൂടാതെ അലിഖഡ് മുസ്ലീം യൂനിവേഴ്‌സിറ്റി, കല്‍ക്കത്തയിലെ ശാന്തിനികേതന്‍, പോണ്ടിച്ചേരിയിലെ ജിപ്മര്‍, കേരളത്തിലെ തന്നെ വിവിധ കോളേജുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളിലായി ഒട്ടനേകം തൈകള്‍ സൗജന്യമായി നട്ടു. വനം വകുപ്പില്‍ നിന്നാണ് തൈകള്‍ സംഘടിപ്പിക്കുന്നത്. അധ്വാനം തികച്ചും സൗജന്യം.

ഈര്‍ച്ചമില്ലിലെ തൊഴിലാളി മരങ്ങളുടെ സഹകാരി

മരങ്ങളോടുള്ള സ്‌നേഹവും വരുമാനം തരുന്ന ജോലി ഉപേക്ഷിക്കാന്‍ വയ്യാത്ത നിസ്സാഹാവാസ്ഥയും ഉള്‍ച്ചേര്‍ന്ന ആദ്യകാലങ്ങളിലുണ്ടായ തന്റെ ധര്‍മ്മസങ്കടത്തെ  രാജേഷ് അതിജീവിച്ചത് 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു കൊണ്ടാണ്. ജൈവ വൈവിധ്യത്തിന്റെ കലവറയായ അനങ്ങന്‍ മലയെ കുറിച്ചുള്ള ഈ ഡോക്യുമെന്ററി ബനാറസ് യൂണിവേഴസിറ്റിയില്‍ നടന്ന സാര്‍ക്ക് സെമിനാറില്‍ പ്രദര്‍ശിക്കാന്‍ അപ്രതീക്ഷിതമായാണ് രാജേഷിന് ക്ഷണം ലഭിക്കുന്നത്. 

പിന്നീട് 'ചിതകള്‍ പൂക്കുമ്പോള്‍' എന്ന ഡോക്യുമെന്ററിയെടുത്തു. ഡോക്യുമെന്ററിയില്‍  മരംവെട്ടുകാരന്‍ തൈ നടുന്ന നന്‍മയെ സ്വന്തം ജീവിതത്തില്‍ പ്രതിഫലിപ്പിച്ച് മരം നടല്‍ ഒരു ജീവിത സപര്യയാക്കുകയായിരുന്നു ഇദ്ദേഹം. കുട്ടികളില്‍ പരിസ്ഥിതി സ്‌നേഹം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ ഈ ഡോക്യുമെന്ററി 85 ലധികം സ്‌കൂളുകളില്‍ ഇതിനോടകം പ്രദര്‍ശിപ്പിച്ചു. അനങ്ങന്‍ മലയെ എക്കോ ടൂറിസം മേഖലയായി ബിനോയ് വിശ്വം പ്രഖ്യാപിച്ചതിനു പിന്നില്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എന്ന ഡോക്യുമെന്ററിക്കുള്ള പങ്കു വലുതാണ്. 

2008ല്‍ ഹരിത ഗ്രാമം പദ്ധതിയുടെ ഭാഗമായി സംസ്‌കൃതി 2000 വീടുകളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചിരുന്നു. പിന്നീട് വീടുകളില്‍ കൊണ്ടു കൊടുത്തിട്ടില്ല. പഞ്ചായത്തിന്റെ വൃക്ഷ കുടുംബം പദ്ധതിയില്‍പ്പെടുത്തി ഒരു വീട്ടില്‍ രണ്ട് പപ്പായ, രണ്ട് കാന്താരി മുളക്, രണ്ട് മുരിങ്ങ, രണ്ട് കറിവേപ്പില, രണ്ട് നെല്ലി എന്നിവ നല്‍കുന്ന പദ്ധതി സംസ്‌കൃതി ആണ് ഏറ്റെടുത്ത് നടത്തുന്നത്.

ഈര്‍ച്ചമില്‍ തൊഴിലാളിയില്‍ നിന്ന് മുതലാളിയിലേക്ക്

വെട്ടിയ പാപം നട്ടാല്‍ തീരുമെന്ന സ്വന്തം സിദ്ധാന്തത്തിലാണ് രാജേഷ് ആശ്വാസം കണ്ടെത്തുന്നത്. ജോലി ചെയ്യുന്ന ഈര്‍ച്ചമില്ലില്‍ ആദ്യമായി മാവിന്‍ത്തൈ നട്ട് ആണ് ആ സിദ്ധാന്തത്തെ സാക്ഷാത്കരിക്കുന്ന കര്‍മ്മത്തിന് രാജേഷ് തുടക്കമിട്ടത്. ആ മാവിന്‍ തൈ രാജേഷിനേക്കാള്‍ പൊക്കം വെച്ചപ്പോഴേക്കും ഈര്‍ച്ചമില്ലില്‍ മരങ്ങള്‍ക്കായി ഒരു കുഞ്ഞു നഴ്‌സറിയും പിറന്നു. മരത്തൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്ന ലോകത്തിലെ തന്നെ ഏക ഈര്‍ച്ചമില്ലായിരിക്കും ഇതെന്ന് രാജേഷ് പറയുമ്പോള്‍ മരങ്ങളോടു ചെയ്ത എല്ലാ പാപങ്ങളുടെയും കണക്കുപുസ്തകം അടച്ചു വെച്ചതിന്റെ സംതൃപ്തിയുണ്ട് ആ മനസ്സില്‍. ഈര്‍ച്ചമില്ലില്‍ പിഴുതുമാറ്റപ്പെട്ട ഓരോ മരത്തടികളുമായെത്തുന്നവരുടെ കയ്യില്‍ മരത്തൈ നല്‍കിയും ആദ്യകാലങ്ങളില്‍ രാജേഷ് മോക്ഷം നേടാന്‍ ശ്രമിച്ചു. 

plant

പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം 2017 ഫെബ്രുവരിയില്‍ സ്വന്തമായി ഒരു ഈര്‍ച്ചമില്‍ തന്നെ തുടങ്ങി ഒരു ഈര്‍ച്ചമില്‍ മുതലാളിയുമായി അദ്ദേഹം. 2015ലെ ഇന്ദിരാ ഗാന്ധി സദ്ഭാവനാ പുരസ്‌കാരം, 2014ല്‍ കേരളസര്‍ക്കാരിന്റെ വനമിത്രപുരസ്‌കാരം, ചെന്നൈ ലയണ്‍സ് ക്ലബ്ബിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് എന്നീ പുരസ്‌കാര നേട്ടങ്ങള്‍ക്ക് ശേഷമായിരുന്നു തന്റെ ഈര്‍ച്ചമില്‍ സംരംഭത്തിലേക്ക് രാജേഷ് കാലെടുത്തു വെച്ചത്. അപ്പോഴും ഈര്‍ച്ചമില്ല് സ്ഥിതി ചെയ്യുന്ന ഒരേക്കര്‍ സ്ഥലത്തെ അഞ്ച് സെന്റ് സ്ഥലം വൃക്ഷത്തൈകള്‍ക്കും വിത്തുകള്‍ക്കും വേണ്ടിയുള്ള നഴ്‌സറിയ്ക്കായി രാജേഷ് മാറ്റിവെച്ചു. പുതിയ ഈര്‍ച്ചമില്‍ തുടങ്ങിയ ശേഷം തന്റെ ഒരേക്കര്‍ സ്ഥലത്ത് 20000 വിത്തുകള്‍ രാജേഷ് പാകി. 

വലിച്ചെറിയാം നാളേയ്ക്ക് വേണ്ടി

അവരവരുടെ വീടുകളില്‍ ലഭ്യമായ വിത്തുകള്‍ വിദ്യാര്‍ഥികളെക്കൊണ്ട് ശേഖരിപ്പിച്ച് അവ ഒരുമിച്ച് കൂട്ടി കുട്ടികളുടെ സംഘമായി അനങ്ങന്‍മലയുടെ മുകളില്‍ കയറി വലിച്ചെറിയുന്നതാണ് രാജേഷിന്റെ വലിച്ചെറിയാം നാളേയ്ക്ക് വേണ്ടി എന്ന ഏറ്റവും പുതിയ പദ്ധതി. വിത്ത് ശേഖരണം കഴിഞ്ഞു. ഒരു മഴ കൂടി പെയ്ത ശേഷം അടുത്തയാഴ്ച്ച വലിച്ചെറിയാനാണ് തീരുമാനം

പെറുക്കിയെടുക്കാം ഭൂമിക്ക് വേണ്ടി

ഇതേ കുട്ടികളെ വിളിച്ച് ചെര്‍പ്പുളശ്ശേരി ടൗണിലിറക്കി പ്ലാസ്റ്റിക്  കുപ്പികള്‍ ശേഖരിച്ച് അത് റീസൈക്ലിങ്് ചെയ്യാന്‍ അയയ്ക്കുന്നതാണ് പെറുക്കിയെടുക്കാം ഭൂമിക്ക് വേണ്ടി എന്ന പദ്ധതി.

പോണ്ടിച്ചേരിയിലെ സന്തോഷ് ശിവന്റെ ഒരേക്കര്‍ ഭൂമിയില്‍ സ്വാഭാവിക വനം ഉണ്ടാക്കുന്ന പ്രവൃത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് രാജേഷിപ്പോള്‍. അതിന്റെ ആദ്യ പടിയായി നക്ഷത്ര വനം നട്ടു. തന്റെ പരിസ്ഥിതി ജീവിതത്തില്‍ ശോഭീന്ദ്രന്‍ മാഷ്, സുഗതകുമാരി ടീച്ചര്‍, ബിനോയ് വിശ്വം എന്നിവരുടെ പിന്തുണ രാജേഷ് ഓര്‍മ്മിക്കുന്നു.

റോഡ് സുരക്ഷയോടൊപ്പം പ്രകൃതി സുരക്ഷയും 

ഈ പരിസ്ഥിതി ദിനത്തില്‍ ഒരു വ്യത്യസ്ത പ്രയത്‌നത്തിന് ഒരുങ്ങുകയാണ് മോട്ടോര്‍വകുപ്പുമായി ചേര്‍ന്ന് രാജഷും സംസ്‌കൃതിയും. നിയമം പാലിച്ച് ഹെല്‍മറ്റിടുന്നവര്‍ക്കും സീറ്റ് ബെല്‍റ്റിടുന്നവര്‍ക്കും ഒരു വൃക്ഷത്തൈ നല്‍കുന്നതാണ് ഈ പദ്ധതി. മോട്ടോര്‍ വകുപ്പിനൊപ്പം ചേര്‍ന്നാണ് ഇത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ഇടാതെ വരുന്നവരെ തൈനടാന്‍ കുഴികുഴിപ്പിക്കാന്‍ തങ്ങള്‍ ശ്രമിക്കും, നടക്കുമോ എന്നറിയില്ല, രാജേഷ് പറയുന്നു.

ഗ്ലൂക്കോസ് ഇറിഗേഷന്‍

കൂട്ടത്തിലെ വേറിട്ട പദ്ധതിയാണിത്. പരിസ്ഥിതിക്ക് ഹാനികരമായ ഗ്ലൂക്കോസ് കുപ്പികളുടെ നീഡില്‍ കളഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് നല്‍കി അത് വഴി അവര്‍ നട്ട ചെടികള്‍ക്ക് ഡ്രിപ് ഇറിഗേഷന്‍ നടത്തുന്നു. 1000 കുപ്പികള്‍ ഇതിനകം സംസ്‌കൃതി സപ്ലൈ ചെയ്ത് കഴിഞ്ഞു. രണ്ട് ദിവസം കൂടുമ്പോള്‍ ചെടികള്‍ നനച്ചാല്‍ മതി എന്നതാണ് പ്രത്യേകത.

rajesh
ഗ്ലൂക്കോസ് ഇറിഗേഷന്‍

 

തൃശ്ശൂരും പാലക്കാടും മലപ്പുറവുമാണ് സംസ്‌കൃതിയുടെ പ്രധാന പ്രവൃത്തി മണ്ഡലം. അഞ്ച് ലക്ഷത്തോളം മരത്തൈകള്‍ നാല് ലക്ഷത്തോളം മരങ്ങളുടെ പരിപാലനം, ഡോക്യുമെന്ററികളിലൂടെ പ്രകൃതിയെ കുറിച്ച് കുട്ടികളെ ബോധവാന്‍മാരാക്കുന്ന പ്രവൃത്തി, മരങ്ങളില്‍ തറച്ച ആണി പറിച്ചു കളയുന്ന യജ്ഞം, 50 സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുത്ത 250 കുട്ടികള്‍ക്ക് ഏകദിന ശില്‍പശാല, നട്ടുമാവിന്‍ തൈകള്‍ നടുന്ന മാമരത്തണല്‍ പദ്ധതി, പാലക്കാട് മലപ്പുറം തൃശ്ശൂര്‍ എന്നീ ജില്ലകളിലായി 20 ക്ഷേത്രങ്ങളില്‍ നക്ഷത്ര വനം തുടങ്ങി രാജേഷും സംസ്‌കൃതിയും ചേര്‍ന്നു നടത്തിയ പദ്ധതികള്‍ അനവധിയാണ്.

പോണ്ടിച്ചേരിയിലെ സന്തോഷ് ശിവന്റെ ഒരേക്കര്‍ ഭൂമിയില്‍ സ്വാഭാവിക വനം ഉണ്ടാക്കുന്ന പ്രവൃത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് രാജേഷിപ്പോള്‍. അതിന്റെ ആദ്യ പടിയായി നക്ഷത്ര വനം നട്ടു. തന്റെ പരിസ്ഥിതി ജീവിതത്തില്‍ ശോഭീന്ദ്രന്‍ മാഷ്, സുഗതകുമാരി ടീച്ചര്‍, ബിനോയ് വിശ്വം എന്നിവരുടെ പിന്തുണ രാജേഷ് ഓര്‍മ്മിക്കുന്നു.

ഈര്‍ച്ചമില്ല് മുതലാളിയില്‍ നിന്നൊരു മോക്ഷമോ പറിച്ചു നടലോ ഇനി രാജേഷ് ആഗ്രഹിക്കുന്നില്ല.... വെട്ടൊന്നിന് പകരം നൂറ്.... ജീവിതത്തില്‍ മരങ്ങള്‍ക്കും പ്രകൃതിക്കുമായി ഒരു പുതിയ സമവാക്യം തന്നെ ഉണ്ടാക്കിയിരിക്കുന്നു രാജേഷ്.