രട്ടാര്‍ ഒരു പുഴ മാത്രമായിരുന്നില്ല, ഒരു ദേശത്തിന്റെ സാമൂഹ്യ, സാംസ്കാരിക ജീവിതത്തെ നിര്‍ണയിച്ച ജലരാശിയായിരുന്നു. അടുത്തിടെ വരട്ടാര്‍ മാധ്യമശ്രദ്ധ നേടിയത് ആ പുഴയെ പുനരുജ്ജീവിപ്പിക്കാന്‍ നടത്തിയ 'പുഴയാത്ര'യുടെ പേരിലായിരുന്നു. പുഴയെ തിരിച്ചുപിടിക്കാനുള്ള ഒരു നാടിന്റെ വലിയൊരു ശ്രമത്തിന്റെ തുടക്കമായിരുന്നു അത്. മന്ത്രിമാരും ജനപ്രതിനിധികളുമടക്കം നിരവധി പേര്‍ അതില്‍ പങ്കെടുത്തു. ഒരു പുഴയെ തങ്ങളുടെ ജീവിതത്തിലേയ്ക്ക് തിരിച്ചുപിടിക്കാനുള്ള ഈ മഹാപ്രയത്നം സമാനതകളില്ലാത്തതാണ്.

ഒരു പ്രദേശത്തിന്റെ സംസ്‌കാരവുമായും സാമൂഹ്യജീവിതവുമായും ഒന്നുചേര്‍ന്നൊഴുകിയിരുന്ന നദിയായിരുന്നു വരട്ടാര്‍; നാല്‍പത് വര്‍ഷം മുന്‍പുവരെ. എന്നാല്‍ ഇന്ന് അങ്ങനെയൊരു നദിയില്ല. വരട്ടാര്‍ പുനരുജ്ജീവനം എന്നത് പുതിയതായി ഒരു പുഴനിര്‍മിക്കുന്നതുപോലെ അതിസാഹസികമായ പ്രവൃത്തിയാവുന്നത് അതുകൊണ്ടാണ്.

വരട്ടാറിന് എന്താണ് സംഭവിച്ചത്?

ആലപ്പുഴ- പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന വരട്ടാര്‍ മണിമലയാറിനെയും പമ്പയാറിനെയും ബന്ധിപ്പിച്ചാണ് ഒഴുകിയിരുന്നത്. തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ കാലത്ത് നിര്‍മിച്ച പുഴയാണ് വരട്ടാര്‍ എന്ന് ചരിത്രം പറയുന്നു. രണ്ട് പ്രധാന നദികളെ പരസ്പരം ബന്ധിപ്പിക്കുന്നതുകൊണ്ടുതന്നെ ഈ നദികളിലെ ജലനിരപ്പില്‍ സംതുലനമുണ്ടാക്കി വര്‍ഷകാലത്ത് ഈ പ്രദേശത്ത് വെള്ളപ്പൊക്കം തടയുന്നതില്‍ ഈ പുഴയ്ക്ക് വലിയ പങ്കാണുണ്ടായിരുന്നത്. ഈ മേഖലയില്‍ വന്‍തോതിലുണ്ടായിരുന്ന കരിമ്പ് കൃഷി വരട്ടാറിലെ വെള്ളത്തെ ആശ്രയിച്ചാണ് നടന്നുവന്നത്. 

varattar
ഒരിക്കല്‍ ഇവിടൊരു പുഴയുണ്ടായിരുന്നു- പുല്ലുവളര്‍ന്ന് കിടക്കുന്ന വരട്ടാര്‍. ഫോട്ടോ: സി. ബിജു

 

മനുഷ്യന്റെ യുക്തിരഹിതവും സ്വാര്‍ഥവുമായ ഇടപെടല്‍ തന്നെയാണ് വരട്ടാറിനെയും നാമാവശേഷമാക്കിയത്. വരട്ടാറിന്റെ ഇരു കരകളിലുമായി നടന്ന കയ്യേറ്റങ്ങളും പുഴയിന്‍ നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങളും മരണമണിയായി. 'റ' ആകൃതിയില്‍ ഒഴുകുന്ന വരട്ടാറിന്റെ ഇരു ഭാഗങ്ങളിലും എക്കല്‍ അടിഞ്ഞ് നികന്നുവരുന്നതിനുള്ള സാഹചര്യം സ്വാഭാവികമായിത്തന്നെയുണ്ടായിരുന്നെന്ന് വരട്ടാറിന്റെ പുനരുജ്ഞീവനത്തിനായി ഏറെ ശ്രമങ്ങള്‍ നടത്തിയ പ്രൊഫ. കെ. പി മാത്യു പറയുന്നു. അശാസ്ത്രീയമായ നിര്‍മാണ പ്രവൃത്തികളാണ് നദിയുടെ നാശത്തിന് പ്രധാന കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

varattar
കടപ്പാട്: പ്രൊഫ. കെ. പി മാത്യു 

 

ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി നദിക്കു കുറുകെ കലുങ്ക് നിര്‍മിച്ച് റോഡുണ്ടാക്കിയത് ഇതിന്റെ ഒരു ഉദാഹരണമാണ്. കലുങ്ക് നിര്‍മിച്ചതോടെ 200 മീറ്ററോളം വീതിയുണ്ടായിരുന്ന നദി എക്കലടിഞ്ഞ് ഒരു മണ്‍കൂനയായി മാറി. നദിയുടെ നിരവധി ഭാഗങ്ങളില്‍ ഇങ്ങനെ കലുങ്കുകള്‍ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. നദീയുടെ പുനരുദ്ധാരണത്തിനായി കോടിക്കണക്കിന് പണം പലകാലങ്ങളിലായി ചിലവഴിക്കപ്പെട്ടെങ്കിലും അതെല്ലാം പാഴായതായി പ്രൊഫ. കെ. പി മാത്യു പറയുന്നു.

വരട്ടാറിനായി യത്നിച്ച അധ്യാപകന്‍

Prof. k p mathew
പ്രൊഫ. കെ. പി. മാത്യു

രട്ടാര്‍ നവീകരണത്തിനായി സ്വന്തം നിലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആളാണ് ചെങ്ങന്നൂര്‍ എസ്.എന്‍ കോളജില്‍ ഫിസിക്സ് വകുപ്പ് മേധാവിയായിരുന്ന പ്രൊഫ. കെ. പി. മാത്യു. കോളേജിലെ വിദ്യാര്‍ഥികളെ സംഘടിപ്പിക്കുകയും അഞ്ച് പഞ്ചായത്തുകളിലെ പഞ്ചായത്ത് ഭാരവാഹികളെ ചേര്‍ത്ത് സമിതി രൂപീകരിക്കുകയും വരട്ടാര്‍ നവീകരണത്തിനായുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. 

വിദ്യാര്‍ഥികളെക്കൊണ്ട് നദീയുടെ സ്ഥിതി പഠിക്കുന്നതിനായി സര്‍വ്വേകള്‍ നടത്തി. വിദ്യാര്‍ഥികളെ കൂടി പങ്കെടുപ്പിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങളും ചിത്രപ്രദര്‍ശനങ്ങളും ശില്‍പശാലകളും നടത്തി വരട്ടാറിന്റെ പ്രശ്‌നം ജനശ്രദ്ധയിലെത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള വ്യക്തിയാണ് പ്രൊഫ. കെ. പി. മാത്യു.

നദിയുടെ പുനരുജ്ജീവനത്തിനായി പ്രൊഫ. കെ. പി. മാത്യുവിന്റെ നേതൃത്വത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുകയും മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. വിരമിച്ചതിനു ശേഷം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പ്രോഫ. കെ. പി മാത്യു നിരവധി നോവലുകളുടെ രചയിതാവുകൂടിയാണ്.

 

വരട്ടാറിനു കുറുകെ കലുങ്കുകള്‍ നിര്‍മിച്ചത് പുഴയുടെ ഒഴുക്കിനെ കാര്യമായി ബാധിച്ചു. പത്ത് കിലോമീറ്റര്‍ ദൂരത്തിനിടയില്‍ എട്ട് കലുങ്കുകളാണ് നിര്‍മിക്കപ്പെട്ടത്. ഇതോടെ ഇവിടങ്ങളില്‍ വന്‍തോതില്‍ മണ്ണു വന്നടിയുകയും പുഴ നികന്നുവരികയും ചെയ്തു. വെള്ളത്തിന്റെ ഒഴുക്ക് കാര്യമായി കുറഞ്ഞു. മുന്‍പ് ആറന്മുള വള്ളംകളിക്കുള്ള കളിയോടങ്ങള്‍ പോലും കടന്നുപോയിരുന്ന പുഴയില്‍ ചങ്ങാടം പോലും ഇറക്കാന്‍ സാധിക്കാത്ത നിലവന്നു. 

മുന്‍പ് കര്‍ഷകര്‍ കരിമ്പ് വരട്ടാറിലൂടെ കെട്ടുവള്ളങ്ങളിലൂടെയായിരുന്നു കൊണ്ടുപോയിരുന്നത്. ജലത്തിലൂടെയുള്ള ഗതാഗതം സാധ്യമാകാതെവന്നതോടെ കരമാര്‍ഗ്ഗം കരിമ്പ് ലോറിയില്‍ കയറ്റി കൊണ്ടുപോകേണ്ട സ്ഥിതിവന്നു. വലിയ തുക ചിലവാകുന്നതിനാല്‍ ഇത് കര്‍ഷകര്‍ക്ക് വലിയ നഷ്ടം വരുത്തിവെച്ചു. ക്രമേണ കരിമ്പുകൃഷിയില്‍നിന്ന് കര്‍ഷകര്‍ പിന്‍വലിയാന്‍ തുടങ്ങി. ഇവിടെനിന്നുള്ള കരിമ്പിനെ ആശ്രയിച്ച് പ്രവര്‍ത്തിച്ചിരുന്ന ഷുഗര്‍ ഫാക്ടറികളുടെ പ്രവര്‍ത്തനത്തെയും ഇത് ബാധിച്ചു. 

ഇരു കരകളിലും വ്യാപകമായ കയ്യേറ്റം നടക്കുകയും ഭൂമി കൃഷിയിടങ്ങളായി മാറുകയും ചെയ്തു. പലയിടങ്ങളിലും കെട്ടിടങ്ങള്‍ ഉയര്‍ന്നു. പലയിടത്തും അക്ഷരാര്‍ഥത്തില്‍ത്തന്നെ പുഴ ഇല്ലാതായി. ഒരു ജനതയുടെ സാമൂഹ്യ-സാംസ്‌കാരിക ജീവത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്ന ഒരു നദി പതിയപ്പതിയെ അപ്രത്യക്ഷമാവുകയായിരുന്നു. പിന്നെ അത് വിസ്മൃതിയിലാണ്ടു; പതിറ്റാണ്ടുകളോളം.

varattar
കൃഷിയിടമായി മാറിയ വരട്ടാര്‍. ഫോട്ടോ: സി. ബിജു

കാലക്രമത്തില്‍ പ്രദേശത്ത് ജലക്ഷാമം രൂക്ഷമായി. വറ്റാത്ത വെള്ളമുള്ള കിണറുകള്‍ വറ്റിവരളുകയും ഭൂമിയിലെ ജലനിരപ്പ് കുത്തനെ താഴുകയും ചെയ്തു. ഏതുവിധേനയും പുഴയെ വീണ്ടെടുക്കണമെന്ന തിരിച്ചറിവിലേയ്ക്ക് പ്രദേശവാസികള്‍ എത്തിച്ചേരുന്നത് അങ്ങനെയാണ്. കണ്‍മുന്നില്‍ ഇല്ലാതായ പുഴയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിരവധി പേര്‍ അതിനായി അധ്വാനിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ ശ്രമങ്ങളും ഏറെക്കുറെ വിഫലമായിരുന്നു എന്നതാണ് സത്യം. 

നാടൊരുമിക്കുന്നു, വരട്ടാറിനെ വീണ്ടെടുക്കാന്‍

നാല് പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റി യും ഉല്‍പ്പെടുന്ന പ്രദേശത്തുകൂടിയാണ് പുഴ ഒഴുകുന്നത്. ഇരവിപേരൂര്‍, കോയിപ്രം, തിരുവമണ്ടൂര്‍, കുറ്റൂര്‍ എന്നീ പഞ്ചായത്തുകളിലൂടെയും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയുടെ നാല് വാര്‍ഡുകളിലൂടെയും ഈ പുഴ കടന്നുപോകുന്നുണ്ട്.  പഞ്ചായത്തുകള്‍ പലതും സ്വന്തം നിലയ്ക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ പലതും നടത്തിയിരുന്നെങ്കിലും ഒന്നും ഫലംകണ്ടില്ല. പുഴയുടെ നവീകരണം എങ്ങനെ സാധ്യമാക്കണം എന്നതു സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടക്കുകയും റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്തിരുന്നു. എന്നാല്‍ ഒന്നും പ്രവൃത്തിപഥത്തിലെത്തുകയുണ്ടായില്ല. ഒടുവിലാണ് എല്ലാ പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും സംയുക്തമായി പുഴയുടെ വീണ്ടെടുപ്പിനായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. 

unnamed-(16).jpg
വരട്ടാര്‍ നവീകരണത്തിന് മുന്നോടിയായി നടന്ന പുനരുജ്ജീവന സന്ദേശ യാത്ര.
ഫോട്ടോ: സി. ബിജു

പൂര്‍വ്വ പമ്പയില്‍നിന്ന് വെള്ളം പമ്പയിലൂടെ വരട്ടാറിലെത്തിച്ച് അവിടെനിന്ന് മണിമലയാറ്റിലേയ്ക്ക് ഒഴുകുന്ന സ്ഥിതിയുണ്ടാക്കുക എന്നതാണ് ഇപ്പോള്‍ നടക്കുന്ന വരട്ടാര്‍ നവീകരണ പ്രവൃത്തികളുടെ ലക്ഷ്യം. സാധാരണയായി മഴക്കാലത്ത് വെള്ളം കൂടുതലുള്ളപ്പോള്‍ പൂര്‍വ്വ പമ്പയില്‍നിന്ന് പമ്പയിലൂടെ വരട്ടാറു വഴി മണിമലയാറ്റിലേയ്ക്കാണ് ജലപ്രവാഹമുണ്ടാകുക. വെള്ളം കുറയുന്ന വേനല്‍ക്കാലത്ത് മണിമലയാറ്റില്‍നിന്ന് വരട്ടാറുവഴി പമ്പയിലേയ്ക്ക് വെള്ളം ഒഴുകും. ഇത്തരമൊരു സവിശേതയുള്ളതുകൊണ്ടുതന്നെ ഈ മൂന്ന് നദികളുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകളെക്കുറിച്ച് പഠിച്ചു വേണം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍. ഇതിനായി ഒരു പഠനസമിതി രൂപീകരിച്ചിട്ടുണ്ട്. പഠനപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും- ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എന്‍. രാജീവ് പറയുന്നു.

ഭൂമിയിലെ വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്കിന് സഹായിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് അദ്യ ഘട്ടത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. വരട്ടാറിലേയ്ക്ക് വെള്ളം എത്തേണ്ടത് പമ്പയില്‍നിന്നാണ്. പമ്പയില്‍നിന്ന് വരട്ടാറിലേയ്ക്കുള്ള ഒഴുക്ക് വര്‍ധിപ്പിക്കുന്നതിന് വഴിയൊരുക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പുല്ലും പായലും ചെടികളും വളര്‍ന്ന് ഈ ഭാഗം അടഞ്ഞുനില്‍ക്കുയാണ്. ഇത് മാറ്റി വെള്ളം കടന്നുവരുന്നതിനുള്ള വഴിയൊരുക്കുകയാണ് ലക്ഷ്യം. ഏതാനും ദിവസംകൊണ്ട് ഇത് പൂര്‍ത്തിയാകും.

എക്കല്‍ വന്ന് അടിഞ്ഞിരിക്കുന്നിടങ്ങളില്‍ തുറന്നുകൊടുക്കുകയെന്നതാണ് അടുത്ത ഘട്ടം. പുഴയുടെ സ്വമേധയാ ഉള്ള പ്രവാഹം ഉറപ്പുവരുത്തുകയാണ് ഉദ്ദേശിക്കുന്നത്. മഴക്കാലത്തിനു ശേഷമാണ് അടുത്ത ഘട്ടം പ്രവൃത്തികള്‍ നടക്കുക. അപ്പോഴേയ്ക്കും വിദഗ്ധ സമിതിയുടെ പഠനറിപ്പോര്‍ട്ടു വരും. അതിനനുസരിച്ച് ബാക്കി പ്രവൃത്തികള്‍ ചെയ്യാനും മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനുമാണ് ഉദ്ദേശിക്കുന്നത്.

unnamed-(22).jpg
വരട്ടാര്‍ നവീകരണത്തിന് മുന്നോടിയായി നടന്ന പുനരുജ്ജീവന സന്ദേശ യാത്രയില്‍
മന്ത്രിമാരായ തോമസ് ഐസക്, മാത്യു ടി. തോമസ് തുടങ്ങിയവര്‍ ഫോട്ടോ: സി. ബിജു

 

ഹരിത കേരള മിഷനില്‍ ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ വരട്ടാര്‍ പുനരുജ്ജീവനം നടപ്പാക്കുന്നത്. വരട്ടാറിന്റെ 10 കിലോമീറ്റര്‍ ദൂരവും ആദിപമ്പയുടെ ഭാഗമായിവരുന്ന എട്ട് കിലോമീറ്ററും അടക്കം 18 കിലോമീറ്ററാണ് പുനരുജ്ജീവിപ്പിക്കുന്നത്. മന്ത്രി തോമസ് ഐസകിന്റെ സവിശേഷ താല്‍പര്യവും പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലുണ്ട്. ഒരു ജനകീയ പരിപാടിയായാണ് വരട്ടാര്‍ പുനരുജ്ജീവനം നടപ്പാക്കുന്നത്. 'ജലമൊഴുകും മുന്‍പേ ജനമൊഴുകും' എന്ന മുദ്രാവാക്യത്തോടുകൂടി അടുത്തിടെ വരട്ടാര്‍ പുനരുജ്ജീവനയാത്ര സംഘടിപ്പിച്ചിരുന്നു. മന്ത്രിമാരായ തോമസ് ഐസക്, മാത്യു ടി. തോമസ്, രാജു എബ്രഹാം എം.എല്‍.എ., ടി.എന്‍. സീമ തുടങ്ങിയവരൊക്കെ ഈ പുഴനടത്തത്തില്‍ പങ്കെടുത്തു. ഇത് ജനങ്ങള്‍ക്കിടയില്‍ വലിയ ആവേശവും പ്രതീക്ഷയും ഉണർത്തിയിട്ടുള്ളതായി സംഘാടകര്‍ പറയുന്നു.

മണ്ണുമൂടിപ്പോയ ഭാഗങ്ങള്‍ നീക്കുക, കാടും ചെടികളും നീക്കുക, കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക, വരട്ടാറിന്റെ കൈവഴികള്‍ കൂടി ഉള്‍പ്പെടുത്തി പുനരുദ്ധാരണം നടത്തുക തുടങ്ങിയ പ്രവൃത്തികള്‍ കൂടാതെ ഇരു കരകളിലും മുള, ഈറ്റ, കണ്ടല്‍ തുടങ്ങിയവ വെച്ചുപിടിപ്പിക്കുക, ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുക എന്നിങ്ങനെ തുടര്‍പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

'പുഴനടത്ത'ത്തിന്റെ ചിത്രങ്ങള്‍ കാണാം