പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയായ വിദ്യ അത്രേയ സുപ്രീം കോടതിയില്‍ പോരാടി നേടിക്കൊടുക്കുന്നത് 27 ആനത്താരകളാണ്. ആനത്താരകള്‍ മനുഷ്യന്‍ അതിക്രമിച്ചു ഇതോടെ സഞ്ചാരപഥം മുറിഞ്ഞുപോയി. ആനകളും മനുഷ്യരുമായുള്ള ഏറ്റുമുട്ടലുകളും വര്‍ദ്ധിച്ചുവെന്ന് സുപ്രീം കോടതിയെ അറിയിച്ചുകൊണ്ടാണ് പൂനെയിലെ പരിസ്ഥിതി പ്രവര്‍ത്തകയായ വിദ്യ അത്രേയ ആനത്താരകള്‍ സുഗമമാക്കാന്‍ അത്യുന്നത നീതി പീഠത്തിന്റെ സഹായം തേടിയത്.

ആനകളും ഒരു സംസ്ഥാനത്തു നിന്ന് മറ്റിടങ്ങളിലേക്ക് ദേശാടനം നടത്തുന്നവരാണ്. എന്നാല്‍ ആനകളുടെ വഴികള്‍ മനുഷ്യര്‍ കയ്യേറിയതോടെ അവയുടെ സഞ്ചാരവും തടസ്സപ്പെട്ടു. ശാസ്ത്രീയ പഠനങ്ങള്‍ക്ക് ശേഷമാണ് ആനത്താരകള്‍ നിലവില്‍ വന്നിരിക്കുന്നത്.

27 ആനത്താരകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ടാസ്‌ക് ഫോഴ്സ് ഇതിനകം തിരിച്ചറിഞ്ഞിട്ടുള്ളതാണ്. അവ പ്രായോഗികമാക്കി ആനകളുടെ സംരക്ഷണത്തിന് മുന്‍ഗണന നല്‍കണമെന്നാണ് ഹര്‍ജിക്കാരിയായ വിദ്യ അത്രേയ ആവശ്യപ്പെടുന്നത്.

ടാസ്‌ക് ഫോഴ്സിന്റെ ശുപാര്‍ശകളെക്കുറിച്ച് കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം മൂന്ന് മാസത്തിനുള്ളില്‍ നല്‍കാനാണ് കോടതി ഉത്തരവ്. അസം, ഒഡീഷ്യ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് മനുഷ്യരുമായി കാട്ടാനകളുടെ ഏറ്റുമുട്ടല്‍ കൂടുതലായിട്ടുള്ളത്.

ആനത്താരകളിലെ കയ്യേറ്റങ്ങള്‍ വിശദമായി ഹര്‍ജിക്കാരി കോടതിയെ അറിയിച്ചിട്ടുണ്ട്. മുംബൈ നഗരത്തിലെ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിലെ പുള്ളിപ്പുലികളെക്കുറിച്ചുള്ള വിദ്യയുടെ പഠനമാണ് ഇന്ത്യയിലെങ്ങും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്.

കേരളം ഉള്‍പ്പെടെ ഒന്‍പത് സംസ്ഥാനങ്ങളില്‍ ആനകളുടെ സുഗമമായ സഞ്ചാരപഥത്തിന് 27 ആനത്താരകള്‍ കണ്ടെത്തണമെന്നാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.