പട്ടാമ്പി: വര്‍ഷങ്ങളോളം നീണ്ട അനിയന്ത്രിത മണലെടുപ്പുമൂലം ഭാരതപ്പുഴ ചെളിക്കുണ്ടായി മാറുന്നു. നിയന്ത്രണമില്ലാത്ത മണലെടുപ്പുമൂലം നിളയുടെ മണല്‍ത്തിട്ട ശരാശരി അഞ്ച് മീറ്റര്‍ താഴ്ന്നതായാണ് പഠനങ്ങള്‍ പറയുന്നത്.

പുഴയില്‍ മണലില്ലാതായതോടെ ചെളി നിറയുകയും, ചെളിയില്‍ വേരുമുളച്ച് കുറ്റിക്കാട് വളരുകയും ചെയ്തു. നിലവില്‍ പലേടത്തും വലിയ മരങ്ങള്‍വരെ പുഴയുടെ മധ്യഭാഗത്ത് വളര്‍ന്ന് നില്‍ക്കുന്നു.

മുപ്പതോളം വര്‍ഷങ്ങളായി ഭാരതപ്പുഴയില്‍ രൂക്ഷമായ മണലെടുപ്പ് തുടങ്ങിയിട്ട്. പാസില്ലാതെ മണലെടുക്കുന്നതിന് യാതൊരു നിയന്ത്രണവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവാതിരുന്നതോടെ വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ നിള വരണ്ടുണങ്ങി.

മണല്‍ കുറഞ്ഞതോടെ പുഴയില്‍ വെള്ളം സംഭരിച്ചു നിര്‍ത്താനാവാതായി. മഴപെയ്താല്‍ മഴവെള്ളം മണിക്കൂറുകള്‍ക്കുള്ളില്‍ ഒലിച്ച് അറബിക്കടലില്‍ ചേരുമെന്ന സ്ഥിതി വന്നു. നിരവധി ലോറികളാണ് പുഴയുടെ മടിത്തട്ടിലിറങ്ങി മണല്‍ കയറ്റിക്കൊണ്ടുപോയത്. ഇതോടെ പുഴയിലെ സ്വാഭാവിക മണല്‍ത്തിട്ടകള്‍ക്ക് കോട്ടം സംഭവിക്കുകയും ചെയ്തു.

തിട്ടകള്‍ തകര്‍ന്നതോടെ പുഴയിലെ ഉറവകള്‍ ഇല്ലാതായി. മുമ്പ് ചെറിയ ആഴത്തിലുള്ള കുഴിയെടുത്താല്‍പ്പോലും ഭാരതപ്പുഴയില്‍ തെളിഞ്ഞ വെള്ളം പൊങ്ങി വരുമായിരുന്നുവെന്ന് പ്രായമായവര്‍ പറയുന്നു. എന്നാല്‍ ഇന്ന് കുടിവെള്ളപദ്ധതികള്‍ക്കും മറ്റുമായി ജെ.സി.ബി. ഉപയോഗിച്ച് ആഴത്തില്‍ കുഴിയെടുത്താല്‍പ്പോലും വെള്ളം ലഭിക്കാത്ത സ്ഥിതിയാണ്.

ഒരുകാലത്ത് പട്ടാമ്പി മണല്‍ എന്ന് പേരുകേട്ട പഞ്ചാരമണലും ഇല്ലാതായി. പട്ടാമ്പി പാലത്തില്‍നിന്നു് നോക്കിയാല്‍ ഇപ്പോള്‍ കാണാനാവുക പൊന്തക്കാടുകളും, ചെളിയും നിറഞ്ഞ പുഴയാണ്. വെള്ളിയാങ്കല്ല് പദ്ധതി വന്നതോടെ പുഴയില്‍ വേനലിലും ജലസമൃദ്ധിയുണ്ടാവാറുണ്ട്. എന്നാല്‍ ഇക്കുറി രൂക്ഷമായ വരള്‍ച്ചമൂലം വറ്റിയ സ്ഥിതിയാണ്. പല കുടിവെള്ളപദ്ധതികളും നിര്‍ത്തേണ്ടിവന്നു.

നിലവില്‍ ഭാരതപ്പുഴയ്ക്ക് നാഥനില്ലാത്ത സ്ഥിതിയാണ്. ആര്‍ക്കുവേണമെങ്കിലും പുഴയില്‍നിന്ന് മണലെടുക്കാം, കൈയേറാം, മാലിന്യം തള്ളാം. നടപടിയെടുക്കേണ്ട അധികൃതര്‍ മൗനം പാലിക്കുകയാണ്. പുതിയ സര്‍ക്കാര്‍ വന്നതിനുശേഷം പരിസ്ഥിതി കമ്മിറ്റിയംഗങ്ങള്‍ പട്ടാമ്പി മേഖലയിലെ ഭാരതപ്പുഴയുടെ നിജസ്ഥിതി അറിയാന്‍ നേരിട്ടെത്തിയിരുന്നു.

പരിസ്ഥിതി കമ്മിറ്റി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്റെ നേതൃത്വത്തിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയശേഷം നിളാനദിസംരക്ഷണ വിഷയത്തില്‍ നടപടിയെടുക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നടപടികള്‍ ഇനിയും നീണ്ടുപോയാല്‍ തിരിച്ചുകൊണ്ടുവരാനാവാത്ത വിധം ഭാരതപ്പുഴ നശിച്ചുപോകും.