കല്പറ്റ: സസ്യവൈവിധ്യംകൊണ്ട് സമ്പന്നമായിരുന്ന വയനാടാണ് ദിവാകരന്റെ ഓര്‍മകളില്‍. വീതിച്ചുകിട്ടിയ പുരയിടത്തില്‍നിന്ന് കാവുകളെ പിഴുതെറിഞ്ഞും മരങ്ങള്മുറിച്ചുമാറ്റിയും മുന്നേറുന്നവര്ക്കൊരു തിരുത്താണ് ഈ മനുഷ്യന്റെജീവിതം. 500 വര്‍ഷത്തിലധികം പഴക്കമുള്ള വന്മരങ്ങള് തണല്‍വിരിക്കുന്ന കാവുകളാണ് പകരംവെക്കാനില്ലാത്ത സമ്പാദ്യം. ആകാശംമുട്ടെ വളര്‍ന്ന്, വള്ളിപ്പടര്‍പ്പുകള്‍ തൂങ്ങിയാടുന്ന ഈ ചെറുവനത്തെക്കുറിച്ചാണ് ദിവാകരന് എപ്പോഴും അഭിമാനം കൊള്ളുന്നത്.
മാറുന്ന പ്രകൃതിയെക്കുറിച്ചും താളംതെറ്റുന്ന മഴക്കാലത്തെക്കുറിച്ചുമെല്ലാം ആകുലതപ്പെടുന്നവരോട് മാറിയ മനുഷ്യരെക്കുറിച്ചാണ് അദ്ദേഹത്തിന് പറയാനുള്ളത്. സ്വാഭാവികമായ താളത്തിന് ക്രമംതെറ്റിയത് എവിടെനിന്നാണെന്ന ചോദ്യമാണ് ഓരോ വയനാട്ടുകാരനും സ്വയം ചോദിക്കേണ്ടതെന്ന് ദിവാകരന് പറയുന്നു.
ജൈവവൈവിധ്യംപോലും പണയപ്പെടുത്തുന്ന രീതികള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ അടയാളംകൂടിയാണ് പൊഴുതനയിലെ ദിവാകരന്റെ കൃഷിയിടം. 1970-ലാണ് പൊന്നാനിയില്‍നിന്ന് ദിവാകരന് വയനാട്ടിലെത്തുന്നത്. ഇതിനിടയില്‍ റെയില്‍വേയിലും പിന്നീട് സെന്‍ട്രല്‍ വെയര്‍ഹൗസിലും ജോലി ലഭിച്ചു. ഡല്‍ഹിയിലും ബെംഗളൂരിലുമൊക്കെയായിരുന്നു ജോലി. ജോലിയുടെ ഇടവേളകളിലെല്ലാം വയനാട്ടിലെ കൃഷിയിടത്തിലേക്ക് കുടുംബത്തോടൊപ്പം ഓടിയെത്തി.
ഇക്കാലങ്ങളിലെല്ലാം കാവുസരംക്ഷണത്തിനും സമയം കണ്ടെത്തി. സ്വന്തം കൃഷിയിടത്തിലെ 25 സെന്റുള്ള കാവിനുപുറമെ കുടംബസ്വത്തായുള്ള ഒന്നരയേക്കര്‍ വിസ്തൃതിയുള്ള പാമ്പിന് കാവിനെയും പരിപാലിക്കുന്നുണ്ടിപ്പോള്. പ്രകൃതിസ്നേഹികള്‍ക്ക് ഇതൊരു കുളിരിന്റെ കൂടാരമാണ്. സസ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠശാലയും.
നട്ടുവളര്‍ത്തിയ മുളങ്കാടുകള്‍
നാനാതരം മുളവര്ഗങ്ങള്ക്കായി കൃഷിയിടത്തിന്റെ നല്ലൊരുഭാഗം ഈ പ്രകൃതിസ്നേഹി ഒഴിച്ചിട്ടുണ്ട്. പത്തോളം ഇനം മുളകള്‍ ഇവിടെ വളര്‍ന്ന് പന്തലിച്ചുനില്‍ക്കുന്നു. ആനമുള മുതല്‍ ബുദ്ധമുളവരെയുള്ളവയുണ്ട് കൂട്ടത്തില്‍. അന്യം വന്നുകൊണ്ടിരിക്കുന്ന കൈതയോലച്ചെടികളും ഈറ്റയും ഓടയുമെല്ലാം ഇതിന്റെ തണല്‍പറ്റി വളരുന്നു. വലിയ അഞ്ചു കുന്നുകള്‍ക്ക് നടുവിലാണ് പൊഴുതന ആനോം ദേശമുള്ളത്. മുന്‍കാലത്ത് സ്വയം പര്യാപ്തമായ കാര്‍ഷിക ഗ്രാമമായിരുന്നു ഈ നാട്.
വയലും ചതുപ്പുകളും കണ്ണടയാത്ത ഉറവകളെല്ലാമായിരുന്നു ഈ ഗ്രാമത്തിന്റെ പ്രത്യേകത. ലാറി ബേക്കര്‍ ശൈലിയില്‍ നിര്‍മിച്ച പ്രകൃതിസൗഹൃദ വീടിന്റെ മുറ്റത്ത് അശോകമരവും വലിയ മാവുകളും കുടചൂടി നില്ക്കുന്നു. സന്ധ്യയാകുന്നതോടെ അനവധി പക്ഷികള്‍ ഈ വൃക്ഷശിഖരങ്ങളില്‍ കൂടണയും. ഇതിനടുത്തായി സ്വാഭാവികമായ ആവാസവ്യവസ്ഥയില്‍ പക്ഷികള്‍ കൊണ്ടിട്ട വിത്തുകള്‍ മുളച്ച് മറ്റൊരു വനവും വളരുന്നുണ്ട്.
ചെറുതവളകളും സസ്യജാലങ്ങളുമായി ഒരു കാവ് രൂപപ്പെട്ടുവരുമ്പോള്‍ അതിനെ അതിന്റെ സ്വാതന്ത്ര്യത്തിലേക്കുതന്നെ വളരാന്‍ വിടുകയാണ് അദ്ദേഹം. ഏതുവെയിലിലും ചൂട് അരിച്ചിറങ്ങാത്ത വീട്ടുമുറ്റത്തെ ഈ തണലില്‍ ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ് ഡോ. എം.എസ്. സ്വാമിനാഥന് വരെ അതിഥിയായി വന്നിട്ടുണ്ട്.
നാടിന്റെ പാഠപുസ്തകം
1992-ല്‍ സര്‍വീസില്‍നിന്ന് വിരമിച്ചതോടെ നാട്ടിലെ കൃഷിയിടത്തിലും സാമൂഹികസാംസ്കാരിക രംഗത്തും ഒരുപോലെ ദിവാകരന് സക്രിയമായി. പുത്തൂര്‍വയലിലുള്ള സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളില്‍ തുടക്കംമുതലേ പങ്കാളിയാണ്.സ്വന്തം കൃഷിയിടത്തില്‍ നെല്ലും പച്ചക്കറികളും കരിമ്പുമെല്ലാം കൃഷിചെയ്തു. കാസര്‍ക്കോഡ് കുള്ളനും വെച്ചൂര്‍ പശുവിനെയുമെല്ലാം വളര്‍ത്തി സീറോ ബജറ്റ് ഫാമിങ്ങിനെയും നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തി.
പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും ഇവയ്ക്കൊപ്പം ചെലവിടുമ്പോള്‍ സമയം പോകുന്നത് അറിയുന്നില്ലെന്ന് ദിവാകരന് പറയുന്നു. കാഴ്ചക്കുലത്തോട്ടവും ഒന്നാന്തരം മത്സ്യക്കുളവും ഇവിടെയുണ്ട്.കേരളസിംഹം പഴശ്ശിരാജയടക്കം വന്ന് തമ്പടിച്ചിരുന്ന സ്ഥലമായിരുന്നു പൊഴുതനയിടം.
കോട്ടയം രാജവംശത്തിന്റെ പോര്ക്കലിദേവിയുടെ ക്ഷേത്രവും ഈ നാട്ടിലുണ്ടായിരുന്നു. ഇതിനെ ചുറ്റിനില്ക്കുന്ന കാവുകളും അത് സംരക്ഷിക്കാന്‍ മുന്‍തലമുറ കാണിച്ച കൃത്യത അദ്ദേഹം എടുത്തുപറയുന്നു. ഇവയ്ക്കെല്ലാം കാവല്‍ നില്ക്കാന് കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു പറയുമ്പോഴും ഇതെല്ലാം വരുംകാലത്തിനുവേണ്ടി ആരേറ്റെടുക്കുമെന്ന ചോദ്യവും അദ്ദേഹം അവശേഷിപ്പിക്കുന്നു.