ഓഗസ്റ്റ് ഒമ്പത്. ആഗോള ഗോത്രവര്‍ഗദിനം. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം 90 രാജ്യങ്ങളിലായി അധിവസിക്കുന്ന 370 ദശലക്ഷംവരുന്ന ഗോത്രജനതയുടെ അവകാശദിനമായി ആചരിക്കുകയാണ്. ഗോത്രജനതയുടെ സ്വത്വത്തെ അംഗീകരിക്കുവാനും അവരുടെ പരമ്പരാഗത ഭൂമിയില്‍ ജീവിക്കുവാനും അവരുടെ ആചാരാനുഷ്ഠാനങ്ങളെയും ജീവിതരീതികളെയും സംരക്ഷിക്കുവാനും പ്രകൃതിവിഭവങ്ങളിന്മേല്‍ ഗോത്രവിഭാഗങ്ങളുടെ അവകാശം ഉറപ്പിക്കുന്നതിനും വേണ്ടി ലോകത്തിലെ വിവിധ ഗോത്രവര്‍ഗ തലവന്മാര്‍ ചേര്‍ന്ന് 1993-ലാണ് ഗോത്രവര്‍ഗദിനാചരണം ആചരിക്കുന്നതിനെക്കുറിച്ച് ആദ്യമായി ചിന്തിച്ചത്. അതില്‍ പിന്നീട് യു.എന്‍. പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ്  ഒമ്പത്  ഗോത്രവര്‍ഗദിനമായി ലോകമെങ്ങും ആചരിച്ചുപോന്നു. ഇന്ത്യയില്‍ ഇത്തരമൊരു ദിനാചരണത്തെ സംബന്ധിച്ച പ്രചാരണങ്ങളൊന്നും തന്നെ കാണാന്‍ കഴിയില്ല. 

ഇന്ത്യാ ഗവണ്‍മെന്റിന്റെ കീഴിലുള്ള മിനിസ്ട്രി ഓഫ് ട്രൈബല്‍ അഫയേഴ്സിന്റെ വെബ്സൈറ്റില്‍ ഇതേക്കുറിച്ച് ചെറിയൊരു പരാമര്‍ശംപോലും കാണാന്‍ കഴിയില്ല. കാരണം ലളിതം. ഗോത്രവര്‍ഗത്തിന്റെ അവകാശസംരക്ഷണത്തെക്കുറിച്ച് ചിന്തിക്കാന്‍ മാത്രം ഇന്ത്യയുടെ ജനാധിപത്യബോധം വളര്‍ച്ചപ്രാപിച്ചിട്ടില്ല. പ്രഖ്യാപിത രണ്ടക്ക വളര്‍ച്ചനിരക്കിലേക്ക് ഉയരാനുള്ള ഇന്ത്യയുടെ മോഹങ്ങള്‍ക്ക് ഇനിയും ഏറെ ബലിദാനങ്ങള്‍ വേണ്ടതുണ്ട്. ബലിദാനികള്‍ എപ്പോഴും ആദിവാസികളും ദളിതരും കര്‍ഷകരും മാത്രമായിരിക്കുമല്ലോ.

'ഗുജറാത്തിന്റെ ജീവരേഖ' എന്നറിയപ്പെടുന്ന സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം 122 മീറ്ററില്‍നിന്ന് 138.68 മീറ്ററായി ഉയര്‍ത്താനുള്ള തീരുമാനം 40000-ത്തോളം ആളുകളുടെ ജീവിതത്തെയാണ് പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്. ഈ നാല്പതിനായിരം പേരില്‍ അറുപതുശതമാനവും ആദിവാസികളാണ് എന്നത് ഇന്ത്യാ ഗവണ്‍മെന്റിനെയോ ഇന്ത്യയിലെ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളെയോ അലട്ടുന്ന കാര്യമേ അല്ല. കാരണം ആദിവാസികള്‍ ഒരുകാലത്തും വോട്ടുബാങ്കായി ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒരു വിലപേശല്‍ശക്തിയായി മാറാന്‍ പോകുന്നില്ലെന്ന തിരിച്ചറിവുതന്നെ. പക്ഷേ, നര്‍മദയിലെ ജനങ്ങള്‍ക്ക് സമരംചെയ്‌തേ മതിയാകൂ. കാരണം കിടപ്പാടവും ജീവിതവൃത്തിയും നഷ്ടപ്പെടുന്നത് അവരുടെതാണ്. അതുകൊണ്ടുതന്നെ 192 ഗ്രാമങ്ങളിലെ ജനങ്ങളും നര്‍മദാതീരത്തുള്ള ചിക്കല്‍ദായില്‍ സത്യാഗ്രഹത്തിലാണ്. നര്‍മദാ ബചാവോ ആന്ദോളന്റെ നേതൃത്വത്തില്‍, മേധാ ദീദിയുടെ പോരാട്ടവീര്യത്തില്‍, അവര്‍ പ്രക്ഷോഭപാതയിലാണ്.

Dam
photo courtesy: www.sardarsarovardam.org

മൂന്നു പതിറ്റാണ്ടിലേറെയായി നര്‍മദാ തീരത്ത് ജനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരം ഒരിക്കല്‍കൂടി ദേശീയശ്രദ്ധ നേടിയെടുത്തിരിക്കുകയാണ്. സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം 122 മീറ്ററില്‍ നിന്നും 138.68 മീറ്ററായി ഉയര്‍ത്താനുള്ള തീരുമാനത്തിന് നര്‍മദാ കണ്‍ട്രോള്‍ അതോറിറ്റി അനുമതി നല്‍കിയത് പുതുതായി 192 ഗ്രാമങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. മധ്യപ്രദേശില്‍ സ്ഥിതിചെയ്യുന്ന ഈ ഗ്രാമങ്ങളിലെ 40000 ആളുകളെയാണ് പദ്ധതി പുതുതായി പെരുവഴിയിലാക്കുന്നത്. 

സുപ്രീം കോടതി 2017 ഫെബ്രുവരി 8ന് പുറപ്പെടുവിച്ച വിധി അനുസരിച്ച് 30-40 ശതമാനം ആളുകളെ പ്രത്യേക തകരഷെഡ്ഡുകളില്‍ പാര്‍പ്പിക്കാനുള്ള തയ്യാറെടുപ്പുകളാണ് മധ്യപ്രദേശ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. 90 ഴ്ച 60 അടി പ്ലോട്ടുകളാണ് 88 പുനരധിവാസ കേന്ദ്രങ്ങളിലായി ഓരോ കുടുംബത്തിനും അനുവദിച്ചിരിക്കുന്നത്. ഈ പ്ലോട്ടുകളില്‍ തയ്യാറാക്കിയിരിക്കുന്ന തകര ഷെഡ്ഡുകളില്‍ വേണം അഞ്ചും ആറും വരുന്ന കുടുംബാംഗങ്ങളും അവരുടെ ആടുമാടുകളും താമസിക്കേണ്ടത്! ഇത് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളില്‍ പെടുന്ന കുടുംബങ്ങളുടെ കാര്യം. സ്വന്തമായി ഭൂരേഖയുള്ള കുടുംബങ്ങള്‍ നാല്പത് ശതമാനം മാത്രമേ വരൂ. ബാക്കിയുള്ള 60 ശതമാനം ജനങ്ങള്‍ എവിടെപ്പോകും? അത് സര്‍ക്കാരിന്റെ ബാധ്യതയല്ലെന്നാണ് ശിവരാജ് ചൗഹാന്റെ പ്രതികരണം.
 
പുനരധിവാസം സംബന്ധിച്ച് നര്‍മദാ ബചാവോ ആന്ദോളന്‍ നടത്തിയ എല്ലാ കേസുകളിലും കോടതികളില്‍ അവര്‍ക്ക് വിജയമായിരുന്നു. 2000, 2005, 2006 ഏറ്റവും ഒടുവില്‍ 2017 ഫെബ്രുവരി എട്ടിന്  സുപ്രീം കോടതി നടത്തിയ വിധിപ്രസ്താവത്തില്‍പോലും പുനരധിവാസ നടപടികള്‍ നര്‍മദാ ട്രൈബ്യൂണല്‍ നിര്‍ദേശിച്ച വിധത്തിലുള്ള എല്ലാ സൗകര്യങ്ങളോടും കൂടി പൂര്‍ത്തിയാക്കേണ്ടതിനെക്കുറിച്ച് എടുത്തുപറയുന്നുണ്ട്. എന്നാല്‍ ഉന്നത ന്യായാലയങ്ങളുടെയും ട്രിബ്യൂണലുകളുടെയും എല്ലാ ഉത്തരവുകളെയും കാറ്റില്‍പ്പറത്തിക്കൊണ്ട് പതിനായിരങ്ങളെ പെരുവഴിയില്‍ നിര്‍ത്തിയാണ് പദ്ധതിയുടെ ഉയരം വര്‍ധിപ്പിക്കാന്‍ അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്. പശുവിന്റെ പേരില്‍ ജനങ്ങളില്‍ ഭിന്നത സൃഷ്ടിക്കുന്ന, കൊലപാതകങ്ങള്‍ വരെ നടത്തുന്ന ബിജെപി യുടെ സര്‍ക്കാറുകള്‍ അധികാരത്തിലിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലാണ് നര്‍മദാ പദ്ധതി പണിതുയര്‍ത്താന്‍ പോകുന്നത്. കുടിയൊഴിഞ്ഞുപോകുന്ന പതിനായിരക്കണക്കിന് ജനങ്ങളോടൊപ്പം ഏതാണ്ട് അത്രതന്നെ ഗോമാതാക്കളും തെരുവിലാക്കപ്പെടുന്നുണ്ട്. കര്‍ഷക ജീവിതത്തിന്റെ ഭാഗമായ പശുക്കള്‍ക്ക് മേയാനുള്ള യാതൊരു സൗകര്യവും പുനരധിവാസ കേന്ദ്രങ്ങളിലില്ല എന്നത് അവരെ അലട്ടുന്ന കാര്യമാണ്.

മധ്യപ്രദേശിലെ ബഡ്വാനിയിലെ രാജ്ഘട്ടില്‍ ജൂലായ് 27ന് അനിശ്ചിതകാല ഉപവാസ സത്യാഗ്രഹം ആരംഭിക്കാനെത്തിയ നര്‍മദാ ബചാവോ ആന്ദോളന്‍ പ്രവര്‍ത്തകരെ മധ്യപ്രദേശ് സര്‍ക്കാര്‍ നേരിട്ടത് അങ്ങേയറ്റം പരിഹാസ്യമായ രീതിയിലായിരുന്നു. മഹാത്മാഗാന്ധി, കസ്തൂര്‍ബാ, മഹാദേവ് ദേസായി എന്നിവരുടെ ചിതാഭസ്മം ഒഴുക്കിയ നര്‍മദയുടെ തീരത്ത് നിര്‍മിച്ച സമാധി മന്ദിരം ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്. നിരോധനാജ്ഞ പ്രഖ്യാപിച്ചും ഉപവാസ സ്ഥലം നശിപ്പിച്ചും സത്യാഗ്രഹികളെ പിന്തിരിപ്പിക്കാമെന്ന വ്യാമോഹം ജനങ്ങള്‍ ഒറ്റക്കെട്ടായിനിന്ന് തകര്‍ത്തുകളഞ്ഞു. ഉപവാസം ആരംഭിച്ച്  ദിവസങ്ങള്‍ക്കുള്ളില്‍  രാജ്യത്തിലെ വിവിധ ഭാഗങ്ങളില്‍ മേധയുടെയും സഹപ്രവര്‍ത്തകരുടെയും ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള മുറവിളി ഉയരാന്‍ തുടങ്ങിയത് സര്‍ക്കാരിന് തലവേദനയുണ്ടാക്കി. മധ്യപ്രദേശിലെ ധര്‍ ജില്ലയിലെ ചിക്കല്‍ദായില്‍ അസാധാരണമായ നിലയില്‍ പൊലീസ് സൈന്യത്തെ വിന്യസിച്ചുകൊണ്ട് മേധയെയും കൂട്ടരെയും ബലപ്രയോഗത്തിലൂടെ അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു  നാല്പതിനായിരത്തോളം പേരുടെ ഭാവിയെ സംബന്ധിച്ചുള്ള പ്രശ്‌നത്തിന് ശിവ്രാജ് സിംഹ് ചൗഹാന്‍ സര്‍ക്കാരിന്റെ മറുപടി.
 
പ്രതിരോധത്തിന്റെ മൂന്ന് പതിറ്റാണ്ടുകള്‍

Narmada
Photo:Ap

അണക്കെട്ടുകളുയര്‍ത്തുന്ന പാരിസ്ഥിതിക സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളെ ദേശീയ-അന്തര്‍ദേശീയ പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ നര്‍മദാ ബചാവോ ആന്ദോളന്‍ വഹിച്ച പങ്ക് ഗര്‍ഹണീയമാണ്. നര്‍മദയിലെ ആദിവാസി ഗ്രാമങ്ങളില്‍ നടത്തിയ ചെറുതും വലുതുമായ നിരവധി പ്രക്ഷോഭങ്ങള്‍ തൊട്ട് ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും നടത്തിയ നിരവധി സംവാദങ്ങളിലൂടെയും വന്‍കിട അണക്കെട്ടുകളുടെ നിര്‍മാണം പുനരാലോചനയ്ക്ക് വിധേയമാക്കുന്നതിന് നിരവധി ഗവണ്‍മെന്റുകളെ നിര്‍ബന്ധിതമാക്കുകയുണ്ടായി. കുടിയൊഴിപ്പിക്കല്‍, പുനരധിവാസം, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടും പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും മുന്‍കാലങ്ങളിലും സമരങ്ങളും ചെറുത്തുനില്പുകളും ഉണ്ടായിട്ടുണ്ടെങ്കിലും പുനരധിവാസത്തെ സംബന്ധിച്ച പ്രശ്‌നങ്ങളെ സംവാദങ്ങളുടെ കേന്ദ്ര വിഷയമാക്കാനും നാളിതുവരെ നടന്ന കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ നടത്താന്‍ വിവിധ സംഘടനകളെ പ്രേരിപ്പിച്ചതും നര്‍മദാ പദ്ധതിക്കെതിരായ സമരമായിരുന്നുവെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. മഹാരാഷ്ട്രയിലെ മുല്‍ഷി അണക്കെട്ടിനെതിരായി പ്രദേശവാസികള്‍ നടത്തിയ സമരമായിരുന്നു കുടിയൊഴിപ്പിക്കപ്പെടലുമായി ബന്ധപ്പെട്ട് നടന്ന ഇന്ത്യയിലെ ആദ്യത്തെ പ്രക്ഷോഭം. സ്വാതന്ത്ര്യലബ്ധിക്കും മുന്‍പ് 1921-ല്‍ ടാറ്റാ കമ്പനി മുല്‍ഷി ഗ്രാമത്തില്‍ ജലവൈദ്യുത പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ചതിനെതിരെ പ്രാദേശിക കര്‍ഷകരും ഭൂവുടമകളും ചേര്‍ന്ന് സമരം നയിക്കുക
 
യുണ്ടായി. സേനാപതി ബാപത് എന്ന യുവകോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ രണ്ടുവര്‍ഷത്തോളം ഈ സമരം നീണ്ടുനിന്നു. സമരത്തിന്റെ തീവ്രതയ്ക്ക് മുന്നില്‍ ഭൂമി നഷ്ടമാകുന്ന കര്‍ഷകര്‍ക്കും ഭൂവുടമകള്‍ക്കും നഷ്ടപരിഹാരം നല്‍കാമെന്ന് ടാറ്റാ കമ്പനി വ്യക്തമാക്കിയതിനെത്തുടര്‍ന്ന് ബോംബെയിലും പൂണെയിലും താമസമാക്കിയിരുന്ന ഭൂവുടമകള്‍ സമരത്തില്‍നിന്ന് പിന്മാറി. എന്നാല്‍ കമ്പനി വാഗ്ദാനംചെയ്ത നഷ്ടപരിഹാരത്തുകയില്‍ തൃപ്തരാകാഞ്ഞ സാധാരണ കര്‍ഷകര്‍ സമരം തുടര്‍ന്നെങ്കിലും അത് പിന്നീട് പരാജയപ്പെടുകയുണ്ടായി. ഈ സമരത്തില്‍ കര്‍ഷകര്‍ക്ക് യാതൊരുവിധ നഷ്ടപരിഹാരവും പിന്നീട് ലഭിക്കുകയുണ്ടായില്ല. സ്വാതന്ത്രലബ്ധിക്കുശേഷം ജലസേചന-വൈദ്യുത പദ്ധതികള്‍ക്കായി ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട അനേകം അണക്കെട്ടുകളുടെ കാര്യത്തിലും പുനരധിവാസത്തെ സംബന്ധിച്ചോ നഷ്ടപരിഹാരത്തെ സംബന്ധിച്ചോ മുങ്ങിപ്പോകുന്ന വനമേഖലയിലെയും കാര്‍ഷികമേഖലയിലെയും ജനങ്ങളുടെ ജീവിതാവസ്ഥകളെ സംബന്ധിച്ചോ യാതൊരുവിധ കണക്കെടുപ്പുകളും നടത്തുകയുണ്ടായില്ല. ഹിരാക്കുഡ്, ദാമോദര്‍വാലി, തവാ, ബര്‍ഗി, ഭക്രാ-നംഗല്‍ തുടങ്ങി നിരവധി അണക്കെട്ടുകള്‍ക്കുവേണ്ടി ജനങ്ങള്‍ക്ക് കുടിയൊഴിഞ്ഞുപോകേണ്ടിവന്നിട്ടുണ്ട്. പദ്ധതികള്‍ക്കായി കുടിയൊഴിപ്പിക്കപ്പെടുന്ന ആളുകളുടെ എണ്ണത്തെ സംബന്ധിച്ചുപോലും കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുവാന്‍ ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്ന് അത്തരം രേഖകളിലൂടെ കടന്നുപോയാല്‍ മനസ്സിലാകും. പുനരധിവാസം സംബന്ധിച്ച വിഷയത്തില്‍ ലോകബാങ്കിന്റെ അടക്കം ശ്രദ്ധ പതിപ്പിക്കുവാനും പദ്ധതിക്കു നല്‍കിവന്ന സാമ്പത്തിക സഹായത്തില്‍നിന്ന് ലോകബാങ്കിനെ പിന്തിരിപ്പിക്കുന്നതിലും നര്‍മദാ പ്രക്ഷോഭം വിജയിച്ചുവെന്നത് നിസ്തര്‍ക്കമായ സംഗതിയാണ്.
 
1946 തൊട്ടുതന്നെ നര്‍മദാ തടത്തില്‍ അണക്കെട്ടുകളുടെ ശൃംഖലകള്‍ നിര്‍മിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നമ്മുടെ ആസൂത്രണ വിദഗ്ധന്മാര്‍ നടത്തിവരുന്നുണ്ടായിരുന്നു. ആരംഭകാലം മുതല്‍ക്കുതന്നെ പദ്ധതിയുടെ ലാഭ-നഷ്ടങ്ങളെ സംബന്ധിച്ച വാദപ്രതിവാദങ്ങളും നടന്നിരുന്നു. പദ്ധതിക്ക് പൂര്‍ണ അനുമതി ലഭ്യമാകുന്നത് 1987ലാണ്. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ട് ഈ കാലയളവില്‍ അധികാരത്തിലിരുന്ന രാജീവ് ഗാന്ധി സര്‍ക്കാര്‍ പദ്ധതിക്ക് പച്ചക്കൊടി കാണിക്കുകയായിരുന്നു. 

കേന്ദ്ര വനം-പരിസ്ഥിതി വകുപ്പുകളടക്കം വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ പദ്ധതിയുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് നല്‍കിയ മുന്നറിയിപ്പുകള്‍ വകവെക്കാതെ ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ക്ക് അനുകൂലമായൊരന്തരീക്ഷം സൃഷ്ടിക്കുക എന്നതുമാത്രമായിരുന്നു ധൃതിപിടിച്ച് പദ്ധതിക്ക് അനുമതി കൊടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകം. പദ്ധതി സൃഷ്ടിക്കാന്‍ പോകുന്ന പാരിസ്ഥിതിക-സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് നിരവധി ഏജന്‍സികള്‍ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പാരിസ്ഥിതിക നഷ്ടത്തെ സംബന്ധിച്ച് ഗവണ്‍മെന്റ് ഏജന്‍സികള്‍ തന്നെ നല്‍കിയ കണക്കുകള്‍ 40,000 കോടിക്ക് തുല്യമായിരുന്നു.
 
അമര്‍കണ്ടക് മലനിരകളില്‍ (മധ്യപ്രദേശ്) നിന്നുത്ഭവിച്ച് മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലുടെ 1300 കിലോമീറ്റര്‍ സഞ്ചരിച്ച് ഗള്‍ഫ് ഓഫ് ഖമ്പത്ത് വെച്ച് അറബിക്കടലില്‍ ചെന്നുചേരുന്ന നര്‍മദാ നദി ഇന്ത്യന്‍ സംസ്‌കാരത്തിലെ ഏറ്റവും സുപ്രധാനമായ കണ്ണിയാണ്. ഏതാണ്ട് 20ദശലക്ഷം ജനങ്ങള്‍ നര്‍മദാതടത്തില്‍ നര്‍മദാ നദിയെ ആശ്രയിച്ച് കഴിയുന്നുണ്ടെന്ന് 1981-ലെ സെന്‍സസ് പറയുന്നു. 'നര്‍മദാ' എന്ന സംസ്‌കൃതവാക്കിന് അര്‍ഥം 'സന്തോഷദായിനി' എന്നാണ്. ലക്ഷക്കണക്കായ ജനങ്ങളുടെ ജീവിതത്തിലേക്ക് എന്നും സന്തോഷം മാത്രം പ്രദാനം ചെയ്തിട്ടുള്ള, 'രേവാ മയ്യാ' എന്ന് നര്‍മദയിലെ ജനങ്ങള്‍ ആദരപൂര്‍വം വിളിക്കുന്ന, നര്‍മദാ താഴ്വര ഇന്ന് സര്‍ക്കാരിന്റെ വികസനയുദ്ധത്തിന് സാക്ഷ്യം വഹിക്കുകയാണ്. 

നിരാലംബരായ ജനങ്ങള്‍ ഒരുഭാഗത്തും രാഷ്ട്രീയക്കാരും ബിസിനസ് ലോബികളും മറുവശത്തുമായി നിലകൊള്ളുന്ന യുദ്ധം. 3340ഓളം അണക്കെട്ടുകളുടെ ശൃംഖലകളാണ് നര്‍മദാ നദിക്ക് കുറുകെ പണിയുന്നതിനായി നര്‍മദാവാലി ഡെവലപ്പ്മെന്റ് അതോറിറ്റി ലക്ഷ്യമിട്ടിരിക്കുന്നത്. ഇവയില്‍ നര്‍മദാസാഗര്‍, സര്‍ദാര്‍ സരോവര്‍, ഓംകാരേശ്വര്‍, മഹേശ്വര്‍ തുടങ്ങിയ നാല് അണക്കെട്ടുകളാണ് വന്‍തോതിലുള്ള കുടിയൊഴിപ്പിക്കലിനും പാരിസ്ഥിതിക നഷ്ടങ്ങള്‍ക്കും ഇടയാക്കുന്നവ. 3,50,000 ഹെക്ടര്‍ വനഭൂമിയും 2,00,000 ഹെക്ടര്‍ കൃഷി ഭൂമിയും പദ്ധതി പ്രാവര്‍ത്തികമാകുമ്പോഴേക്കും വെള്ളത്തിനടിയിലാകും. പത്ത് ലക്ഷം ആളുകളെയാണ് നര്‍മദാവാലി പദ്ധതി അവരുടെ ജന്മഭൂമിയില്‍ നിന്ന് പറിച്ചെറിയുക. ഇത്രയും ഭീമമായ ഈ പദ്ധതി ചരിത്രത്തില്‍ സമാനതകളില്ലാത്ത വിധത്തില്‍ കുടിയൊഴിപ്പിക്കലുകളും പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കും വഴിയൊരുക്കുമെന്ന് പദ്ധതിയുടെ ആരംഭഘട്ടത്തില്‍ തന്നെ പല വിദഗ്ധന്മാരും ചൂണ്ടിക്കാട്ടുകയുണ്ടായി. മധ്യപ്രദേശിലെ ഈസ്റ്റ് നിമാഡ് ജില്ലയിലെ പുനാസ ഗ്രാമത്തിലാണ് നര്‍മദാ സാഗര്‍ പദ്ധതിക്കായുള്ള അണക്കെട്ട് നിര്‍മിക്കുന്നത്. 1,23,000 ഹെക്ടര്‍ ഭൂമിയില്‍ ജലസേചനം ചെയ്യാനാകുമെന്ന് കരുതപ്പെടുന്ന ഈ പദ്ധതിക്കായ് 90,000 ഹെക്ടര്‍ ഭൂമി വെള്ളത്തിനടിയിലാഴ്ത്തുമെന്നതാണ് വിരോധാഭാസം. 

223 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്ന് ആരംഭത്തില്‍ അധികൃതര്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും പിന്നീടത് 118 മെഗാവാട്ടായി ചുരുക്കുകയുണ്ടായി. നര്‍മദാവാലി പദ്ധതിയിലെ മറ്റൊരു സുപ്രധാന പദ്ധതിയായ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പണിയുന്നത് ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ബാഡ്ഗാം ഗ്രാമത്തിലാണ്. 18ലക്ഷം ഹെക്ടര്‍ ഭൂമിയാണ് ഇതുവഴി ജലസേചന സൗകര്യമെത്തിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. 300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുവാനുള്ള പ്ലാന്‍ പിന്നീട് 150 മെഗാവാട്ടായി വെട്ടിച്ചുരുക്കുകയുണ്ടായി. 'ഗുജറാത്തിന്റെ ജീവരേഖ' എന്ന രീതിയില്‍ അവതരിപ്പിക്കപ്പെട്ട ഈ പദ്ധതിയിലൂടെ അതിരൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന ഗുജറാത്തിലെ കച്ച്-സൗരാഷ്ട്ര മേഖലയിലേക്ക് കുടിവെള്ളം എത്തിക്കാന്‍ സാധിക്കുമെന്ന് പദ്ധതി അനുകൂലികള്‍ അവകാശപ്പെടുകയുണ്ടായി. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ നാല് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് നര്‍മദാതടപദ്ധതി എങ്കിലും പദ്ധതി ഏറ്റവും ദോഷകരമായി ബാധിക്കുന്നത് മധ്യപ്രദേശ് മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെയാണ്. 

സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നിര്‍മിക്കുന്നത് ഗുജറാത്ത് സംസ്ഥാനത്തില്‍ ആണെങ്കിലും പദ്ധതിയുടെ റിസര്‍വ്വോയറിനും മറ്റുമായി മുങ്ങിപ്പോകുന്ന പ്രദേശങ്ങള്‍ മുഖ്യമായും മധ്യപ്രദേശിലെ ഗ്രാമങ്ങളാണ്. നര്‍മദാ പദ്ധതിയിലെ പ്രധാനപ്പെട്ട നാല് അണക്കെട്ടുകളായ നര്‍മദാ സാഗര്‍, സര്‍ദാര്‍ സരോവര്‍, ഓംകാരേശ്വര്‍, മഹേശ്വര്‍ എന്നീ പദ്ധതികള്‍ക്കായി മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുമായി 573 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാകുമെന്നാണ് കണക്ക്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഈ ഗ്രാമങ്ങളില്‍ താമസിക്കുന്ന മൂന്നുലക്ഷത്തോളം ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരും. കുടിയൊഴിപ്പിക്കപ്പെടുന്ന ഈ ഗ്രാമങ്ങളില്‍ 19 എണ്ണം ഗുജറാത്തിലും 33 എണ്ണം മഹാരാഷ്ട്രയിലും ബാക്കിവരുന്ന 521 ഗ്രാമങ്ങള്‍ മധ്യപ്രദേശിലുമാണ് സ്ഥിതിചെയ്യുന്നത്. സര്‍ദാര്‍ സരോവര്‍ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെടുന്നവരില്‍ 51 ശതമാനവും നര്‍മദാ സാഗറിനുവേണ്ടി കുടിയൊഴിപ്പക്കപ്പെടുന്നവരില്‍ 20ശതമാനവും ആദിവാസി വിഭാഗങ്ങളില്‍പെടുന്നവരാണ്.

Modi
photo : www.sardarsarovardam.org

എല്ലാ അണക്കെട്ടുകളുടെയും നിര്‍മാണം പ്രധാനമായും മലയിടുക്കുകളിലും വനമേഖലയിലും ആണെന്നതുകൊണ്ടുതന്നെ പദ്ധതി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഈ മേഖലകളില്‍ താമസിക്കുന്ന ആദിവാസിവിഭാഗങ്ങളെ ആണെന്നത് സംശയരഹിതമായ കാര്യമാണ്. നര്‍മദാവാലി പദ്ധതിയുടെ കാര്യവും ഇതില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല. പദ്ധതിക്കായി നിര്‍ണയിക്കപ്പെട്ട സ്ഥലങ്ങളില്‍ താമസിക്കുന്ന ആദിവാസികളില്‍ ഭീല്‍, ഭിലാല, കോര്‍കു, ഗോണ്ട്, പര്‍ധാന്‍, ഭര്യ-ഭൂമിയ, കോള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കാണ് പ്രാമുഖ്യം. ഇവരെക്കൂടാതെ എണ്ണത്തില്‍ കുറഞ്ഞ മറ്റ് വിഭാഗങ്ങളും ഈ പ്രദേശങ്ങളില്‍ താമസിക്കുന്നുണ്ട്. സാധാരണനിലയില്‍ മലമേഖലകളില്‍ താമസിച്ചുവരുന്നതില്‍നിന്ന് വ്യത്യസ്തമായി മധ്യപ്രദേശിലെ സമതലപ്രദേശങ്ങളിലും ആദിവാസിവിഭാഗങ്ങളെ കണ്ടുവരുന്നുണ്ട്. മധ്യപ്രദേശിലെ ഖാണ്ട്വാ ജില്ലയുടെ കിഴക്കും പടിഞ്ഞാറും, ഗുജറാത്തിലെ ബറൂച്ച്, ബറോഡ ജില്ലകളുടെ കിഴക്കന്‍ മേഖലകളിലും ആദിവാസിജനത കൂട്ടത്തോടെ താമസിച്ചുവരുന്നുണ്ട്. മധ്യപ്രദേശിലെ ഝാബുവാ, ധര്‍ ജില്ലകളില്‍ (പടിഞ്ഞാറന്‍ നിമാഡ്) ഭീല്‍, ഭിലാല ആദിവാസികളും, ഖാണ്ട്വാ, ദേവാസ്, ഹോഷങ്കബാദ്, ബേതുള്‍ മേഖലകളില്‍ ഗോണ്ട്, കോര്‍കു എന്നിവരും വളരെ കുറഞ്ഞതോതില്‍ പര്‍ധാന്‍, ഭര്യ-ഭൂമിയ, കോള്‍ എന്നിവരുമാണ് താമസിക്കുന്നത്. നര്‍മദാ പദ്ധതി പൂര്‍ണമായും നടപ്പിലാക്കപ്പെടുന്നതോടുകൂടി മേല്‍പ്പറഞ്ഞ ആദിവാസി വിഭാഗങ്ങളെല്ലാംതന്നെ വിവിധ പ്രദേശങ്ങളിലേക്ക് ചിതറിമാറുകയും അവരുടെ തനത് ജീവതായോധനവും സംസ്‌കാരവും പൂര്‍ണമായും നഷ്ടപ്പെട്ട ജനതയായി മാറുകയും ചെയ്യും.

ഭൂമിയെ സംബന്ധിച്ച ബോധ്യങ്ങള്‍ മറ്റ് സാമൂഹികവിഭാഗങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ഇന്നും ആദിവാസികളുടെത്. പരമ്പരാഗതമായി, നൂറ്റാണ്ടുകളായി ഈ മേഖലയില്‍ കൃഷിചെയ്തും മത്സ്യംപിടിച്ചും നായാടിയും കഴിഞ്ഞുപോരുന്ന നിരവധി ആദിവാസിവിഭാഗങ്ങള്‍ ഭൂമി സ്വകാര്യസ്വത്തായി കണ്ടുകൊണ്ടായിരുന്നില്ല ജീവിച്ചുപോന്നത്. ഈ ഭൂമിയില്‍നിന്നും അവരെ പറിച്ചെറിയുമ്പോള്‍ അവരുടെ സാമ്പത്തികസ്രോതസ്സുകളെ പൂര്‍ണമായും തകര്‍ത്തെറിയുന്നതോടൊപ്പം അവരുടെ സാംസ്‌കാരികവും സാമൂഹികവുമായ അസ്തിത്വത്തെയും നശിപ്പിക്കുകയായിരിക്കും ചെയ്യുന്നത്. ആദിവാസികളുടെ ജീവനോപാധികള്‍, വിശ്വാസങ്ങള്‍, ആചാരങ്ങള്‍, പാട്ടുകള്‍, നൃത്തങ്ങള്‍ എന്നിവയെല്ലാംതന്നെ മലമേഖലയിലെ ജീവിതവുമായി അഭേദ്യബന്ധമുള്ളതാണ്. നദി-വനം എന്നിവയുമായി ചേര്‍ന്നുനിന്നല്ലാതെ ആദിവാസിജീവിതം നിലനില്‍ക്കുന്നതല്ലെന്ന് നമുക്കറിയാം. ആദിവാസി-ഗോത്രവിഭാഗങ്ങളെ അവരുടെ പരമ്പരാഗത ജീവിതസാഹചര്യങ്ങളില്‍നിന്ന് പറിച്ചെറിയുന്നതിനെതിരായി അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ 107-ാം കണ്‍വെന്‍ഷനിലെ പ്രഖ്യാപനത്തിന് വിരുദ്ധമായ ഒന്നാണിത്. ഈ പ്രഖ്യാപനത്തെ അംഗീകരിച്ച രാജ്യമെന്ന നിലയില്‍ ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ഇന്ത്യ ബാധ്യസ്ഥരായിരിക്കെയാണ് ചരിത്രത്തില്‍ സമാനതകളില്ലാത്തവിധത്തിലുള്ള കുടിയൊഴിപ്പിക്കലുകള്‍ നര്‍മദാതടത്തില്‍ നടന്നത്.

ആദിവാസികളെക്കൂടാതെ നര്‍മദയില്‍ കാലങ്ങളായി മീന്‍പിടിച്ചു ജീവിച്ചുപോരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും പദ്ധതി വഴിയാധാരമാക്കും എന്നതുറപ്പാണ്. ഈ മത്സ്യത്തൊഴിലാളികള്‍ക്ക് അണക്കെട്ടിന്റെ റിസര്‍വോയറില്‍നിന്ന് മത്സ്യം പിടിക്കുവാനുള്ള അവകാശംപോലും നിഷേധിക്കപ്പെടുകയാണ്. താവ അണക്കെട്ടിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങള്‍ക്ക് താവ റിസര്‍വോയറില്‍ മത്സ്യബന്ധനം നടത്താനുള്ള അവകാശത്തിനുവേണ്ടി ഏതാണ്ട് ഒരു ദശകക്കാലം പ്രക്ഷോഭം നടത്തേണ്ടിവന്നുവെന്നത് ലജ്ജാകരമായ വസ്തുതയാണ്. ജനങ്ങളെ അവരുടെ ജീവിതപരിസരങ്ങളില്‍നിന്ന് ആട്ടിയോടിക്കുകയും അവര്‍ക്ക് ഉപജീവനത്തിനുള്ള സാധ്യതകളെ കൊട്ടിയടയ്ക്കുകയും ചെയ്യുകയുമാണ് കാലാകാലങ്ങളായി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

വന്‍കിട അണക്കെട്ടുകളുടെ നിര്‍മാണം തടയുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ നര്‍മദാ ബചാവോ ആന്ദോളന് സാധിച്ചില്ലെങ്കില്‍കൂടിയും കുടിയൊഴിപ്പിക്കല്‍, പുനരധിവാസം എന്നിവ സംബന്ധിച്ച് ഇന്ത്യയുടെ വികസനചരിത്രത്തില്‍ വന്‍തോതിലുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത് നര്‍മദാവാലി പദ്ധതിയുമായി ബന്ധപ്പെട്ടാണ് എന്നത് നര്‍മദാ പ്രക്ഷോഭത്തിന്റെ ഏറ്റവും വലിയ വിജയമായി കണക്കാക്കാവുന്നതാണ്. നാളിതുവരെ പലവിധ വികസന പദ്ധതികള്‍ക്കായി കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള യാതൊരുവിധ ആസൂത്രണവും സര്‍ക്കാര്‍ ഏജന്‍സികള്‍ കാര്യക്ഷമമായി നടത്തിയിട്ടുണ്ടായിരുന്നില്ല. ഉദാഹരണത്തിന്, മഹാരാഷ്ട്രയിലെ കൊയ്ന അണക്കെട്ടിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട 35,000 പേരില്‍ 3000 പേരെ 1985 വരെ പുനരധിവസിപ്പിക്കുകയുണ്ടായില്ല. 1894-ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ഭൂമി ഏറ്റെടുക്കല്‍ നിയമം ഉപയോഗിച്ചാണ് ഈയടുത്തകാലംവരെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തിരുന്നത്. ഈ നിയമം അനുസരിച്ച് പൊതു ആവശ്യങ്ങള്‍ക്കായി ഏതൊരു ഭൂമിയും സര്‍ക്കാരിന് ഏറ്റെടുക്കാവുന്നതാണ്. 

ഈ രീതിയില്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ അവിടെ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസത്തെ സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഈ നിയമത്തിലൂടെ നല്‍കുന്നുമില്ല. നര്‍മദാതട പദ്ധതിക്കായി ധനസഹായം ചെയ്തിരുന്ന വിദേശ രാജ്യങ്ങളുടെ മേല്‍ പലരീതിയിലുള്ള സമ്മര്‍ദങ്ങള്‍ ചെലുത്താന്‍ സമരസമിതിക്ക് കഴിഞ്ഞതുമൂലമായിരുന്നു ഇക്കാര്യത്തില്‍ കുറെയെങ്കിലും മുന്നോട്ടുപോകാന്‍ കഴിഞ്ഞത്. അണക്കെട്ടുകള്‍ക്കായി കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങളെ അവയുടെ ജലസേചനപരിധിയില്‍ പെടുന്ന പ്രദേശങ്ങളില്‍ വേണം പുനരധിവസിപ്പിക്കാനെന്ന് 1906-ല്‍ വിശ്വേശ്വരയ്യ കമ്മിഷന്‍ നിര്‍ദേശിക്കുകയുണ്ടായെങ്കിലും ഇക്കാര്യം ഒരു കാലത്തും അധികാരികളുടെ പരിഗണനയിലുണ്ടായിരുന്നില്ല. വനമേഖലകളിലും നദീതീരത്തും താമസിച്ച് ജീവിച്ചുപോന്ന ജനതയെ തികച്ചും വ്യത്യസ്തമായ ഭൂപരിധിയിലേക്ക് പറിച്ചുനടുമ്പോള്‍ പലതരത്തിലുള്ള സാമൂഹിക-സാംസ്‌കാരിക സംഘര്‍ഷങ്ങള്‍ക്ക് അവര്‍ ഇരയാകുന്നുണ്ടെന്നത് അധികമാരും പരിഗണിക്കാത്ത വിഷയമാണ്. 

പല സന്ദര്‍ഭങ്ങളിലും പുനരധിവാസ മേഖലകള്‍ വിട്ട് മടങ്ങിപ്പോകാന്‍ ജനങ്ങള്‍ നിര്‍ബന്ധമാകുന്നതിന്റെ കാരണങ്ങളും മറ്റൊന്നല്ല. പുനരധിവസിപ്പിക്കപ്പെടുന്ന പ്രദേശങ്ങളിലെ പ്രാദേശിക സമൂഹം അതിഥികളായെത്തുന്ന ജനസമൂഹങ്ങളോട് സൗഹൃദപരമായല്ല ഇടപെട്ടുവരാറുള്ളത് എന്നതും ഈ തിരിച്ച് പോക്കിന് കാരണമാകാറുണ്ട്. സര്‍ദാര്‍ സരോവര്‍ പദ്ധതിക്കായി പുനരധിവാസ സൗകര്യങ്ങളൊരുക്കിയ ഗുജറാത്തിലെ താപി, സൂറത്ത് ജില്ലകളിലെ വിവിധ ഗ്രാമങ്ങള്‍ ഇന്നും ഒഴിഞ്ഞുകിടക്കുന്നത് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഈ പുനരധിവാസ കേന്ദ്രങ്ങളിലെ താമസം അത്രയേറെ ദുഷ്‌കരമായതുകൊണ്ടാണ്. കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങള്‍ മഴക്കാലം കഴിയുമ്പോഴേക്കും വീണ്ടും നര്‍മദയുടെ താഴ്വരകളില്‍ താത്കാലിക കൂടാരങ്ങളുണ്ടാക്കി കഴിയുന്നത് ഇവിടെ പതിവാണ്. നര്‍മദയുമായുള്ള അവരുടെ ഹൃദയബന്ധത്തിന്റെ ആഴമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.

കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങളുടെ പുനരധിവാസമെന്നത് ഉദ്യോഗസ്ഥ-കോണ്‍ട്രാക്ടര്‍-രാഷ്ട്രീയ കൂട്ടുകെട്ടിന് പണമുണ്ടാക്കാനുള്ള മറ്റൊരു എളുപ്പമാര്‍ഗമാണ്. പുനരധിവാസത്തിന് നല്‍കുന്ന നഷ്ടപരിഹാരത്തുകകളും പുനരധിവാസ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളും പലപ്പോഴും വളരെ അപര്യാപ്തമായ രീതിയിലാണ് നിര്‍ണയിക്കപ്പെടാറുള്ളതെങ്കിലും അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന ഇന്ത്യയിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ ഇവയെ തങ്ങളുടെ സാമ്പത്തിക നേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. സര്‍ദാര്‍ സരോവര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുദാഹരണം ഈയൊരു വസ്തുതയെ സ്ഥിരീകരിക്കുന്നതാണ്. സര്‍ദാര്‍ സരോവര്‍ പദ്ധതിക്കായി ജോലിചെയ്യുന്ന 5000ത്തോളം വരുന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് താമസിക്കുന്നതിനായി ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ കേവഡിയാ കോളനിയില്‍ വന്‍തോതിലുള്ള താമസ സൗകര്യങ്ങളും റോഡ്, വൈദ്യുതി, കുടിവെള്ളം എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി 33 കോടിരൂപ പദ്ധതി മാനേജ്മെന്റ് ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ദാര്‍ സരോവറിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ഒരുലക്ഷത്തോളം വരുന്ന ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി നീക്കിവെച്ച തുക 33 കോടിരൂപ മാത്രമായിരുന്നു. പദ്ധതിക്ക് വേണ്ടി സ്വന്തം ഭൂമിയും ജീവിതവും നഷ്ടപ്പെടുത്തിയ ആദിവാസി-കര്‍ഷക സമൂഹത്തോടുള്ള ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടിന്റെ സമീപനത്തെ വെളിപ്പെടുത്തുന്നതാണ് ഈ കണക്കുകള്‍.

ജലപദ്ധതികളുടെ ആദ്യഇരകള്‍ എപ്പോഴും ആദിവാസികളായിരിക്കും എന്നത് വസ്തുതയാണ്. അതുകൊണ്ടുതന്നെ ഏറ്റവുമാദ്യം ഇതേക്കുറിച്ച് വേവലാതിപ്പെടുന്ന വിഭാഗവും ഇവര്‍തന്നെ ആയിരിക്കും. എന്തിനുവേണ്ടിയാണ് തങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടാന്‍ പോകുന്നതെന്ന വസ്തുതകള്‍ പദ്ധതിബാധിതരായ ആളുകളെ പൂര്‍ണമായും ബോധ്യപ്പെടുത്താന്‍ അധികൃതര്‍ ശ്രമിക്കാറില്ല. നര്‍മദാ പദ്ധതിയുടെ കാര്യത്തിലും സംഭവിച്ചത് മറ്റൊന്നല്ല. മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ നര്‍മദാ പദ്ധതി സൃഷ്ടിക്കാന്‍ പോകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ആദ്യംതിരിച്ചറിഞ്ഞത് മഹാരാഷ്ട്രയിലെ ആദിവാസി വിഭാഗങ്ങളായിരുന്നു. 1985-ല്‍ മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ അക്കല്‍കൂവ, അക്രാണ് എന്നീ ആദിവാസി ഗ്രാമങ്ങളിലെ ജനങ്ങളാണ് പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ആദ്യമായി ഒത്തുചേര്‍ന്നത്. അണക്കെട്ടില്‍ മുങ്ങിപ്പോകുന്ന പ്രദേശങ്ങളെക്കുറിച്ചും, കുടിയൊഴിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും, നഷ്ടപരിഹാരത്തെക്കുറിച്ചും ആദ്യമായി ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവന്നത് ഇവരായിരുന്നു. അണക്കെട്ടില്‍ മുങ്ങിപ്പോകുന്ന ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളെ ഉദ്യോഗസ്ഥന്മാര്‍ പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നത്  ''നിങ്ങള്‍ ഇപ്പോള്‍ കുടിയിറങ്ങിയില്ലെങ്കില്‍ വെള്ളം ഉയരുമ്പോള്‍  എലികളെപ്പോലെ ഓടേണ്ടിവരും'' എന്നായിരുന്നു. 

1986 ഫെബ്രുവരി 16-ാം തീയതി നര്‍മദാ വാലി പദ്ധതിക്കെതിരായി 'നര്‍മദാ ധരന്‍ഗ്രസ്ത് സമിതി' എന്ന പേരില്‍ ആദ്യമായി പ്രക്ഷോഭസമിതി രൂപംകൊണ്ടു. നര്‍മദയില്‍ മുങ്ങിപ്പോകാനിരിക്കുന്ന ആദിവാസി ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഭൂമിയെ സംബന്ധിച്ചുള്ള രേഖകള്‍ അന്യമായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ കണ്ണില്‍ അവര്‍ ഭൂമിയില്‍ അതിക്രമിച്ചുകടന്നവരായിരുന്നു! ആദിവാസികളുടെ ഭൂമിയെ സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു പ്രക്ഷോഭസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ തുടക്കംകുറിച്ചത്.

മഹാരാഷ്ട്രയിലെ 33-ഓളം ഗ്രാമങ്ങള്‍ ചേര്‍ന്ന് 'കാരോബാരി സമിതി' (പ്രവര്‍ത്തക സമിതി) രൂപവത്കരിക്കുകയും പ്രശ്നത്തിന്റെ ഗൗരവം കൂടുതല്‍ കൂലംകഷമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ പരിസ്ഥിതി- സാമൂഹ്യ പ്രവര്‍ത്തകര്‍ ആദിവാസി ഗ്രാമീണ ജനതയുടെ പ്രക്ഷോഭങ്ങളില്‍ പങ്കുചേര്‍ന്നു. 1988 ജനുവരി 30-ാം തീയതി ഗുജറാത്തിലെ കേവഡിയായില്‍ അയ്യായിരത്തോളം വരുന്ന ആദിവാസികള്‍ ഒത്തുചേര്‍ന്ന് തങ്ങളുടെ പ്രതിഷേധം സര്‍ക്കാരിനെ അറിയിച്ചു. വര്‍ഷാവസാനമായപ്പോഴേക്കും ഇന്ത്യയിലെ ബുദ്ധിജീവിവര്‍ഗം സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. ഐ.കെ. ഗുജ്റാള്‍, അരുണാ ആസഫ് അലി, പി.എന്‍. ഹക്സര്‍, അച്യുത് പട്വര്‍ധന്‍, മൃണാളിനി സാരാഭായ്, സി. സുബ്രഹ്മണ്യം, പി.ജി. മാവ്ലങ്കര്‍, വി.എം. താര്‍ക്കുണ്ഡെ തുടങ്ങി 300-ഓളം പേര്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുകയുണ്ടായി. 1988 അവസാനത്തോടെ നര്‍മദാ ബചാവോ ആന്ദോളന്‍ എന്ന പേരില്‍ പദ്ധതിക്കെതിരായി വിശാലമായ പ്രക്ഷോഭസമിതി രൂപംകൊണ്ടു. അണക്കെട്ട് ലോബിയുടെയും ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പഞ്ചസാര ലോബിയുടെയും പിന്തുണയോടെ പദ്ധതിയുമായി മുന്നോട്ടുപോകാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. 

ഈ സമയംകൊണ്ട് മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ആദിവാസി-കര്‍ഷക സമൂഹത്തെ തങ്ങളുടെ കുടക്കീഴില്‍ അണിനിരത്താന്‍ നര്‍മദാ ബചാവോ ആന്ദോളന് സാധിച്ചു.  1989 സെപ്റ്റംബര്‍ 28-ാം തീയതി മധ്യപ്രദേശിലെ ഹര്‍സൂദില്‍ 30000-40000ത്തിനും ഇടയില്‍ വരുന്ന പദ്ധതി ബാധിതര്‍ ഒരുമിച്ച് ചേരുകയുണ്ടായി. ഇന്ത്യയിലെ പാരിസ്ഥിതിക സമരങ്ങളുടെ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമായി ഹര്‍സൂദ് റാലി മാറി. പാട്ടും നൃത്തവും മേളവുമായി പരമ്പരാഗത വേഷത്തില്‍ അണിനിരന്ന ആദിവാസി-ഗോത്ര വിഭാഗങ്ങള്‍ തങ്ങളുടെ മണ്ണില്‍നിന്നും ഇറങ്ങിപ്പോകുകയില്ലെന്ന് പ്രഖ്യാപിച്ചു. 'കോയി നഹീ ഹട്ടേഗാ, ബാന്ദ് നഹീ ബനേഗാ' (ആരും ഇറങ്ങിപ്പോകുകയില്ല, അണക്കെട്ട് പണിയുകയുമില്ല) എന്ന മുദ്രാവാക്യം നര്‍മദാവാലിയിലെങ്ങും മുഴങ്ങി. നര്‍മദാ മാതാവിന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് ഭീല്‍, ഭിലാല ആദിവാസികള്‍ ആലപിച്ച ഗാനങ്ങള്‍ ഇന്ത്യയിലെ പാരിസ്ഥിതിക സമരങ്ങളുടെ ഈണങ്ങളായി മാറി. നര്‍മദാ പദ്ധതിയെ എതിര്‍ത്തുകൊണ്ട് അധികാരത്തിലെത്തിയ സുന്ദര്‍ലാല്‍ പട്വയുടെ നേതൃത്വത്തിലുള്ള മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ ഇതിനകം പദ്ധതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്ന് മാത്രമല്ല സമരത്തെ പൊലീസിനെ ഉപയോഗിച്ച് നേരിടാനും ആരംഭിച്ചിരുന്നു. നര്‍മദാ പദ്ധതിയുടെ പ്രശ്നങ്ങള്‍ വിവരിച്ചുകൊണ്ട് ക്ലോഡ് ആള്‍വാരസും രമേഷ് ബില്ലോരിയും ചേര്‍ന്നെഴുതിയ 'ഡാമിങ് ഇന്‍ നര്‍മദ' എന്ന പുസ്തകം സര്‍ക്കാര്‍ നിരോധിച്ചു. 

സമരപ്രവര്‍ത്തകര്‍ നര്‍മദാവാലിയില്‍ പ്രവേശിക്കുന്നത് വിലക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നര്‍മദാ പദ്ധതിക്കെതിരായി പ്രക്ഷോഭങ്ങള്‍ ഇതിനോടകം സംഘടിപ്പിക്കപ്പെട്ടു. ദേശീയ-അന്തര്‍ദേശീയ വേദികളില്‍ നര്‍മദാ പദ്ധതി ഉയര്‍ത്തുന്ന സാമ്പത്തിക-പാരിസ്ഥിതിക-സാമൂഹിക പ്രത്യാഘാതങ്ങളെ സംബന്ധിച്ച് ചര്‍ച്ചാ വിഷയമാക്കാന്‍ നര്‍മ്മദാ ബചാവോ ആന്ദോളന് സാധിച്ചു. പദ്ധതി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 1990 മാര്‍ച്ച്  ആറാം തീയതി പതിനായിരക്കണക്കിന് ജനങ്ങള്‍ ബോംബെ-ആഗ്രാ ദേശീയപാത ഉപരോധിച്ചു. നര്‍മദാ പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കുന്നതില്‍നിന്ന് പിന്മാറാന്‍ ലോകബാങ്കിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ ലോകബാങ്ക് ആസ്ഥാനത്തും മറ്റ് രാജ്യങ്ങളിലും അരങ്ങേറി. നര്‍മദാ പദ്ധതിക്ക് സാമ്പത്തിക സഹായം ചെയ്യുന്ന വിദേശരാജ്യമായ ജപ്പാനിലും പരിസ്ഥിതി പ്രവര്‍ത്തകര്‍ പദ്ധതിയുടെ നൈതികരാഹിത്യത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തി. 1990 ഡിസംബര്‍ 25ന് മധ്യപ്രദേശിലെ ബഡ്വാനിയില്‍നിന്നും ഗുജറാത്തിലെ ബാന്ദ്ഗാമിലേക്ക് പതിനായിരത്തോളം വരുന്ന പ്രക്ഷോഭകര്‍ യാത്രയാരംഭിച്ചു. 

'ജനവികാസ് സംഘര്‍ഷ് യാത്ര' എന്ന പേരില്‍ അറിയപ്പെട്ട ഈ യാത്ര ഗുജറാത്ത്-മധ്യപ്രദേശ് അതിര്‍ത്തിയായ ഫെര്‍ക്കുവാദൂറില്‍ വെച്ച്   ഗുജറാത്ത് പൊലീസ് തടയുകയും സമരപ്രവര്‍ത്തകര്‍ അവിടെ സത്യാഗ്രഹമിരിക്കുകയും ചെയ്തു. സത്യാഗ്രഹികള്‍ ഗുജറാത്തിലേക്ക് പ്രവേശിക്കുന്നത് തടയാനായി അക്കാലത്തെ ഗുജറാത്ത് മുഖ്യമന്ത്രി ചിമന്‍ഭായ് പട്ടേലിന്റെ ഭാര്യ ഊര്‍മ്മിളാ ബെന്‍ പട്ടേലിന്റെ നേതൃത്വത്തില്‍ വന്‍ജനാവലി എതിര്‍പക്ഷത്ത് നിലയുറപ്പിച്ചിരുന്നു. സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളെയും സിവില്‍ വേഷത്തിലുള്ള പൊലീസുകാരെയും അണിനിരത്തിക്കൊണ്ടായിരുന്നു ഈ പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്. സര്‍ക്കാര്‍ സംവിധാനത്തോടൊപ്പം ചിമന്‍ഭായ് പട്ടേലിന്റെ മരുമകന്‍ മാനേജിങ് ഡയറക്ടറായിരുന്ന ജെപി അസോസിയേറ്റ്സ് എന്ന സ്ഥാപനവും റാലിക്ക് വന്‍തോതിലുള്ള സാമ്പത്തികസഹായം ചെയ്തിരുന്നു. സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട പല കരാറുകളും നേടിയിരുന്നത് ജെപി അസോസിയേറ്റ്സ് ആയിരുന്നു എന്ന് ഓര്‍ക്കേണ്ടതുണ്ട്. ഫെര്‍ക്കുവാദൂറില്‍ യാത്ര തടയപ്പെട്ടപ്പോള്‍ പ്രക്ഷോഭകര്‍ അവിടെ സത്യാഗ്രഹം ആരംഭിച്ചു.

 ജനുവരി 28-ാം തീയതിവരെ ഈ സത്യാഗ്രഹം നീണ്ടു. ലോകബാങ്ക് അടക്കമുള്ളവര്‍ സാമ്പത്തിക സഹായം നല്‍കുന്നതില്‍നിന്ന് പിന്മാറിയിട്ടും പദ്ധതിയുമായി മുന്നോട്ടുപോകുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. 'ജലസമാധി' അടക്കമുള്ള നിരവധി സത്യാഗ്രഹ മുറകള്‍ നര്‍മദാവാലിയില്‍ തുടര്‍ച്ചയായി അരങ്ങേറി. പൊലീസ് അറസ്റ്റ്, മര്‍ദനം, ജയില്‍വാസം തുടങ്ങി നിരവധി പീഡനങ്ങള്‍ ആദിവാസി-കര്‍ഷക ജനതയ്ക്കും ആക്ടിവിസ്റ്റുകള്‍ക്കും നേരെ അരങ്ങേറി. വികസന പദ്ധതികള്‍ക്കായി കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും നര്‍മദയിലേക്ക് ഐക്യദാര്‍ഢ്യവുമായെത്തി. സുപ്രീംകോടതി അടക്കമുള്ള നീതിന്യായ സംവിധാനങ്ങളെ നര്‍മദാ ബചാവോ ആന്ദോളന്‍ സമീപിച്ചു. 

പലവിധികളും നര്‍മദയിലെ ജനങ്ങള്‍ക്കനുകൂലമായി ഉണ്ടായിട്ടും അവയൊന്നുംതന്നെ പാലിക്കാന്‍ ഭരണകൂടം തയ്യാറായില്ല. അണക്കെട്ടുകളുടെ നിര്‍മാണം തടയുന്ന കാര്യത്തില്‍ നര്‍മദാ പ്രക്ഷോഭത്തിന് വിജയിക്കുവാന്‍ സാധിച്ചില്ലെങ്കിലും ഇന്ത്യയുടെ വികസനനയങ്ങളെ സംബന്ധിച്ച വ്യാപകമായ സംവാദങ്ങള്‍ക്ക് തുടക്കമിടാന്‍ അത് സഹായിച്ചു. 'വികാസ് ചാഹിയേ, വിനാശ് നഹി' (വികസനം വേണം വിനാശം വേണ്ട) എന്ന മുദ്രാവാക്യം തുടര്‍ന്നുള്ള നാളുകളില്‍ ഇന്ത്യയിലെ പാരിസ്ഥിതിക സമരങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങി. നര്‍മദാ പ്രക്ഷോഭത്തെ മുന്നോട്ടുനയിക്കുന്നതില്‍ മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ ആദിവാസി ജനതയുടെ പങ്ക് നിസ്തുലമാണ്. കാടും മലയും നദിയും ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളായി കരുതുന്ന ആദിവാസികളെ സംബന്ധിച്ചിടത്തോളം സര്‍ക്കാരുകള്‍ നല്‍കുന്ന സാമ്പത്തിക നഷ്ടപരിഹാരങ്ങള്‍ പകരമാകുകയില്ലെന്ന് തിരിച്ചറിയാന്‍ വികസിത സമൂഹങ്ങള്‍ക്കോ ഔദ്യോഗിക സംവിധാനങ്ങള്‍ക്കോ സാധിക്കുകയില്ലെന്നതിന്റെ തെളിവാണ് നര്‍മദയില്‍ ഉയര്‍ന്നുനില്‍ക്കുന്ന അണക്കെട്ടുകള്‍.
 
അണകെട്ടി തടയുന്ന ജനാധിപത്യം

Medha

1300 കിലോമീറ്റര്‍ നീളമുള്ള നര്‍മദാ നദിക്ക് കുറുകെ ചെറുതും മധ്യനിരയിലുള്ളതും വന്‍കിടകളുമായി 3100 ലധികം അണക്കെട്ടുകള്‍ പണിയാനുള്ള തീരുമാനത്തിന് സ്വതന്ത്ര ഇന്ത്യയുടെ പിറവിയോളം പഴക്കമുണ്ട്. രണ്ട് നൂറ്റാണ്ട് നീണ്ടുനിന്ന കൊളോണിയല്‍ ഭരണം അവസാനിച്ച് ജനാധിപത്യത്തിലേക്ക് ചെറുചുവടുവെപ്പുകള്‍ മാത്രം നടത്തിക്കൊണ്ടിരുന്ന ഇന്ത്യയുടെ പോക്ക് എങ്ങോട്ടാണ് എന്ന് വ്യക്തമാക്കാന്‍ പോന്നതായിരുന്നു ഈ തീരുമാനം. നര്‍മദയില്‍ കെട്ടാനിരുന്ന ഈ അണക്കെട്ട് ശൃംഖലകള്‍ നര്‍മദാ നദിയുടെ സ്വച്ഛന്ദമായ ഒഴുക്കിന് മാത്രമായിരുന്നില്ല തടയിടാന്‍ പോന്നത്; ഇന്ത്യയുടെ ജനാധിപത്യവാഞ്ഛകള്‍ക്ക് കൂടിയായിരുന്നു എന്ന് പില്‍ക്കാലത്ത് തെളിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. വികസനമോ ജനാധിപത്യമോ എന്ന ചോദ്യത്തിന് നെഹ്റുവിന് സംശയമൊന്നുമുണ്ടായിരുന്നില്ല. പാശ്ചാത്യ വികസനമാതൃകകള്‍ അവതരിപ്പിച്ച 'മെഗാ പ്രോജക്ടുകള്‍' നെഹ്റുവില്‍ അത്രയേറെ സ്വാധീനം ചെലുത്തിയിരുന്നു. ജലസേചനം, വെള്ളപ്പൊക്കനിയന്ത്രണം, വൈദ്യുതോത്പാദനം എന്നിവയായിരുന്നു വന്‍കിട അണക്കെട്ടുകളുടെ ലക്ഷ്യമായി അവതരിപ്പിക്കപ്പെട്ടത്. 'രാജ്യപുരോഗതിക്കും വികസനത്തിനും വേണ്ടി ബലിദാനം നടത്താന്‍' നെഹ്റു ആവശ്യപ്പെട്ടത് ഹിരാക്കുഡിലെ ആദിവാസികളോടായിരുന്നു. ഏതാണ്ട് രണ്ടര പതിറ്റാണ്ടിന് ശേഷം നെഹ്റുവിന്റെ മകള്‍ ഇന്ദിരാഗാന്ധിയും ഇതേ വാക്കുകള്‍ ആവര്‍ത്തിച്ചു. 

നര്‍മദയിലെ ആദിവാസികളുടെ കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ചുള്ള നിവേദനത്തിനുള്ള മറുപടിയായി ബാബാ ആംതേയ്ക്ക് എഴുതിയ കത്തില്‍ ഇന്ദിരാഗാന്ധി ആവര്‍ത്തിച്ചു:  ''വികസന പദ്ധതികള്‍ ആദിവാസികളെ അവരുടെ ആവാസസ്ഥലങ്ങളില്‍നിന്ന് കുടിയിറക്കുന്നതില്‍ ഞാന്‍ അങ്ങേയറ്റം അസന്തുഷ്ടയാണ്. പ്രത്യേകിച്ചും അവരുടെ പുനരധിവാസ കാര്യത്തില്‍ അധികൃതര്‍ കാണിക്കുന്ന അവഗണനയുടെ കാര്യത്തില്‍. പക്ഷേ, ചില നേരങ്ങളില്‍ നമുക്ക് വിശാലമായ രാജ്യതാത്പര്യങ്ങളുമായി മുന്നോട്ടുപോകുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല''. ദാമോദറിലും കോയല്‍കാരോവിലും നര്‍മദയിലും ഭരണകൂടം ആദിവാസികളെയും ഗ്രാമീണകര്‍ഷകരെയും വികസനത്തിന്റെ നിര്‍ബന്ധിത ബലിയാടുകളാക്കി മാറ്റിക്കൊണ്ടിരുന്നു. ഇന്ത്യയിലെ ആയിരക്കണക്കായ അണക്കെട്ടുകള്‍ക്കുവേണ്ടി നാളിതുവരെയായി കുടിയൊഴിപ്പിക്കപ്പെട്ട അമ്പത് ദശലക്ഷത്തോളം ആളുകളില്‍ 58 ശതമാനത്തോളം ആദിവാസികളാണ് എന്ന വസ്തുത ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ട്. താവ, ബര്‍ഗി, ഓംകാരേശ്വര്‍, നര്‍മദാ സാഗര്‍, സര്‍ദാര്‍ സരോവര്‍ എന്നിവിടങ്ങളിലെല്ലാം ആവര്‍ത്തിച്ച് കുടിയൊഴിപ്പിക്കപ്പെട്ടവരും ഇതേവിഭാഗം ജനങ്ങള്‍ മാത്രമായിരുന്നു. സര്‍ദാര്‍ സരോവര്‍ അണക്കെട്ട് രാജ്യത്തിന്റെ യശസ്സുയര്‍ത്തി ഉയരങ്ങളിലേക്ക് കുതിക്കുമ്പോള്‍, ആഴങ്ങളിലേക്ക് ചവിട്ടിത്താഴ്ത്തപ്പെടുന്നവരും ഇവര്‍തന്നെ. '


മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം