പണ്ട് പണ്ട് രാജഭരണകാലത്താണ് രണ്ടു കായലുകളെ തമ്മില്‍ ചേര്‍ക്കാനായി  തോട്  നിര്‍മിച്ചത്. കണിയാപുരം മുതല്‍ തിരുവനന്തപുരം വരെയുണ്ടാക്കിയത് വെറും ഒരു തോടായിരുന്നില്ല. ചെറിയ നദി തന്നെയായിരുന്നു. തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന റാണി ഗൗരി പാര്‍വതിബായിയാണ് ആയിരത്തി എണ്ണൂറ്റിഇരുപതുകളില്‍ തോടു നിര്‍മിക്കാന്‍ ഉത്തരവിട്ടത്. ജലപാതയുടെ ഭാഗമായിട്ടായിരുന്നു ഈ നിര്‍മാണം. പില്‍ക്കാലത്ത് ഈ തോടാണ് പാര്‍വതീപുത്തനാര്‍ എന്ന പേരില്‍ അറിയപ്പെട്ടത്. 

പുതുതായി ഒരാറ് നിര്‍മിക്കാനുള്ള ശക്തി പണ്ടത്തെ ഭരണാധികാരികള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ജനാധിപത്യം വന്നിട്ട് ഏഴു പതിറ്റാണ്ടായിട്ടും ഈ കൃത്രിമ ആറിനെ ഒന്നു ശുചീകരിക്കാനോ സംരക്ഷിക്കാനോ പോലും ഭരണാധികാരികള്‍ക്കായിട്ടില്ല. ഇതിനായി ശ്രമിച്ചില്ലെന്നും പണം ചെലവഴിച്ചില്ലെന്നും ഒന്നും പറയരുത്. കോടികള്‍ ചെലവഴിച്ചു. പക്ഷേ, പുത്തനാറില്‍ കുറേ കയങ്ങള്‍ കൂടി ഉണ്ടാക്കാനായി എന്നുമാത്രം. സര്‍ക്കാര്‍ നല്‍കിയ കോടികള്‍ക്കൊപ്പം പുത്തനാറില്‍ ഉണ്ടായിരുന്ന നല്ല ആറ്റുമണലും കോടിക്കണക്കിന് രൂപയ്ക്ക് കരാറുകാര്‍ കോരിവിറ്റു. 15 കോടിയോളം രൂപ ചെലവിട്ടാണ് ജലപാത നവീകരണത്തിനിറങ്ങിയത്. എവിടെ ചെലവഴിച്ചു, ആര്‍ക്കൊക്കെ എന്ത് കിട്ടി എന്നുപോലും ഇപ്പോള്‍ കണക്കില്ല. 

ഇതിനുമുമ്പും ശേഷവുമായും പലവിധത്തില്‍ കോടികള്‍ പുത്തനാറില്‍ കലക്കിക്കളഞ്ഞിട്ടുണ്ട്. ഇതിന്റെ അനന്തരഫലം രണ്ടു അപകടങ്ങളിലായി പതിനഞ്ചോളം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ പൊലിഞ്ഞു എന്നത് മാത്രം. ശുചീകരിച്ചില്ലെങ്കിലും നശിപ്പിക്കാതിരിക്കുകയെങ്കിലും ചെയ്‌തെങ്കില്‍ ഇതില്‍ ചില കുഞ്ഞുങ്ങളെയെങ്കിലും നമുക്ക് രക്ഷിക്കാമായിരുന്നു. 

സ്‌കൂള്‍ വാന്‍ മറിഞ്ഞുള്ള ആദ്യ അപകടത്തില്‍ നിന്നു നാട്ടുകാര്‍ മുങ്ങിയെടുത്തെങ്കിലും പുത്തനാറിലെ മലിനജലം ഉണ്ടാക്കിയ അണുബാധ കാരണം ഇപ്പോഴും ജീവിതത്തിലേക്ക് തിരിച്ചുവരാനാവാത്ത ഇര്‍ഫാന്‍ എന്ന് കുട്ടി ഒരു ഓര്‍മപ്പെടുത്തലാണ്. രാസമാലിന്യങ്ങളും, കോളിഫോം ബാക്ടീരിയുമെല്ലാം അപകടകരമായ തരത്തില്‍ ജലസ്രോതസുകളിലെത്തുന്നതിന്റെ ഓര്‍മപ്പെടുത്തല്‍.

പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനുകള്‍ രണ്ട് അപകടങ്ങളില്‍ നഷ്ടമായിട്ടും ആരും ഇതിനൊരു പരിഹാരം കണ്ടില്ല. ഇടയ്ക്കിടക്ക് ചില പ്രഖ്യാപനങ്ങള്‍ കേള്‍ക്കാം. 55 കോടി, 68 ലക്ഷം, 42 ലക്ഷം എന്നിങ്ങനെയെല്ലാം തുകയുടെ കണക്കുകളല്ലാതെ പദ്ധതി നടപ്പാക്കുന്നതൊന്നും ഇതുവരെ കണ്ടിട്ടില്ല. ഇപ്പോള്‍ വീണ്ടും തുടങ്ങിയിട്ടുണ്ട് ഒരു സര്‍വേ. ഇതു പൂര്‍ത്തിയായാല്‍ ഉടന്‍ പുത്തനാര്‍ നവീകരിക്കുമെന്നാണ് പ്രഖ്യാപനം. വേവും വേവുമെന്ന് കരുതി വര്‍ഷങ്ങളായി കാത്തിരിക്കുന്ന നാട്ടുകാര്‍ അതുംകൂടി നോക്കട്ടെ.

ഇനി കലക്കവെള്ളത്തില്‍ മീന്‍പിടിക്കുക, പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്നീ കലാപരിപാടികള്‍ സ്ഥിരം വച്ചു നടത്തുന്ന ഒരു സംഘമുണ്ട്. ഭരിക്കുന്നവരുടെ പിന്തുണയോടെയാണ് ഇവരുടെ കലാപരിപാടികള്‍. പുത്തനാറിന്റെ കരയിലുള്ള പുറമ്പോക്കും, പുത്തനാറിന്റെ വെള്ളം വറ്റിയ ഭാഗങ്ങളുമാണ് ഇവരുടെ വേദി. പതുക്കെ പതുക്കെ ഇവിടെ കൈയേറി വീടുകള്‍ വയ്ക്കും. ആദ്യം ഒരു തുണ്ട് ഭൂമിയില്ലാത്ത ചില പാവങ്ങള്‍ തലചായ്ക്കാന്‍ ഷെഡ് വച്ച് കിടന്നതാണെങ്കില്‍ ഇപ്പോള്‍ ഇത് ഒരു കച്ചവടമാക്കി മാറ്റിയവരാണ് കൂടുതലും. 

കഠിനംകുളം ഭാഗത്ത് വര്‍ഷങ്ങളായി പുറമ്പോക്കില്‍ താമസിക്കുന്ന നൂറുകണക്കിന് പാവപ്പെട്ട കുടുംബങ്ങളുണ്ട്. എന്നാല്‍ ന്യൂജനറേഷന്‍ കൈയേറ്റക്കാര്‍ വീട് വച്ച് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വാടകയ്ക്കു നല്‍കുകയാണ് ചെയ്യുന്നത്. ഈ കൈയേറ്റം കാരണം കനാലിന്  പലഭാഗത്തും നീര്‍ച്ചാലിന്റെ വീതിയായിട്ടുണ്ട്.

ഇപ്പോഴും ഈ കൈയേറ്റ കലാപരിപാടി  തുടരുന്ന ചിലരുണ്ട്. ഇപ്പോള്‍ ദേശീയ ഗെയിംസ് വില്ലേജിന് സമീപത്ത് ഒരു വിഭാഗം പാര്‍വതീ പുത്തനാറിന്റെ കര കൈയേറി വീടുപണി തുടങ്ങിയിട്ടുണ്ട്. ഇതിനെതിരെ പരാതി നല്‍കിയ ഒരു ഉദ്യോഗസ്ഥനോട് ഞങ്ങള്‍ മൂന്നോ നാലോ  വീട് വയ്ക്കുന്നതില്‍ തനിക്കെന്താ ബുദ്ധിമുട്ടെന്നാണ് ഒരു പ്രാദേശിക നേതാവിന്റെ ചോദ്യം.     മിണ്ടാതിരുന്നില്ലെങ്കില്‍ പണിതരുമെന്നാണ് കൈയേറ്റം ചൂണ്ടിക്കാട്ടുന്നവര്‍ക്ക് നേരെയുള്ള ഭീഷണി. പക്ഷേ നമ്മുടെ സ്വന്തം പോലീസിനും, റവന്യൂവിനുമെല്ലാം ഇതെല്ലാം ചട്ടപ്പടിയാണ്. ചട്ടപ്രകാരം വേണ്ട സമയമെടുത്ത് അന്വഷിച്ച് വരുമ്പോഴേക്കും നാലല്ല നാല്‍പ്പത് വീടുകള്‍ പുറമ്പോക്കില്‍ ഉയര്‍ന്നിരിക്കും. 

പേരിന് ഇവിടെയൊന്ന് വന്ന് നോക്കിപ്പോയിട്ടുണ്ട്. ഇനി അനധികൃത നിര്‍മാണക്കാരെ കണ്ടെത്തണം. പരാതി നല്‍കിയവര്‍ തന്നെ പിടിച്ചുകൊണ്ട് വന്ന് നല്‍കിയാല്‍ അത്രയും പണികുറഞ്ഞു. പരാതിയും കേസുമൊന്നും വീടുപണിക്കിറങ്ങിയവരെ ബാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വീണ്ടും സാധനം ഇറക്കി പണി തുടരാനാണ് തീരുമാനം. വിരട്ടേണ്ടവരെ വിരട്ടി ഒതുക്കും. വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടതെല്ലാം നല്‍കിയൊതുക്കും.  ഇനി വരും തലമുറയ്ക്ക്  കഥ പറഞ്ഞു കൊടുക്കുമ്പോള്‍ നാട്ടുകാര്‍ക്ക് ഇങ്ങനെ തുടങ്ങാം. പണ്ട്, പണ്ട് ഒരു ആറ് ഉണ്ടായിരുന്നു....