‘‘You Can Cut all the Flowers but you
Cannot Keep Spring from Coming’’ -Neruda

വേനലിൽ വെന്തുരുകുമ്പോൾ വഴിയോരത്തെ വൻമരങ്ങൾ നൽകുന്ന ആശ്വാസവും സുഖവും അത്‌ അനുഭവിച്ചവർക്കേ അറിയൂ. അറിഞ്ഞവർ പിന്നെ മരത്തിൽ മഴുവീഴാനോ ഒരാണി തറയുന്നതിനോ അനുവദിക്കില്ല. മരങ്ങളിലെ സുന്ദരികളായ പൂമരങ്ങളാകട്ടെ തണലും ആർദ്രമായ ഒരനഭൂതികൂടിയാണ്‌. കനൽപോലെ ജ്വലിക്കുന്ന മഞ്ഞ, ചുവപ്പ്‌ പൂക്കൾ വിടർന്ന പൂമരങ്ങൾ ഈ വേനലിൽ കുളിർകാഴ്ചയായി വഴിയോരത്തും കോൾപ്പാടപ്രദേശങ്ങളിലും പൂക്കുടയായി പന്തൽവിരിച്ചു നിൽക്കുന്നു.

പ്രകൃതിഭംഗി മാത്രമല്ല, പ്രണയത്തിന്റെ എഴുത്തുകളിലും പ്രണയിനികളുടെ തുരുത്തിലും പൂമരങ്ങൾ എന്നും കെടാത്ത ശോഭയാണ്‌. ‘ബ്ളാക്ക്‌ ആൻഡ്‌ വൈറ്റ്‌’ കാലം മുതൽ സിനിമാ ഗാനങ്ങളിലും കവിതകളിലും സാഹിത്യത്തിലുമെല്ലാം പൂമരക്കാടുകൾ പൂത്തുനിന്നു. ഈയിടെ പുറത്തിറങ്ങിയ ‘പൂമരം’ സിനിമയിലെ ഗാനം, പൂമരത്തിന്റെ പ്രണയാതുരമായ കാത്തിരിപ്പിനെ വർണ്ണിച്ച ‘സഖാവ്‌’ എന്ന കവിതയും കാമ്പസുകളിൽ മാത്രമല്ല കേരളത്തിൽ മുഴുവൻ പൂമഴയായി പെയ്തിറങ്ങി. പൂവും പൂമരവും സിനിമാ ഗാനങ്ങൾക്ക്‌ എന്നും വസന്തമാണ്‌. ഗാനഗന്ധർവ്വന്റെ ഒട്ടേറെ ഗാനങ്ങളിൽ പൂക്കളുടെ ഭംഗിയുണ്ട്‌.

kanikonnaപൂക്കൾക്ക്‌ സംഗീതവുമുണ്ടെന്ന്‌ ‘നീർമാതളം പൂത്ത കാല’ത്തിൽ ഓർമ്മിപ്പിച്ചത്‌ മാധവിക്കുട്ടിയാണ്‌. ‘‘നീർമാതളപ്പൂക്കളുടെ സുഗന്ധം കാറ്റിൽ വന്നെത്തുന്ന ഗാനശകലമാണ്‌. അമ്മയുടെ താരാട്ടാണ്‌.

തായമ്പക പോലെയാണ്‌ ചെമ്പകത്തിന്റെ മണം. പനിനീർപ്പൂക്കളുടെ സുഗന്ധം വീണയെ അനുസ്മരിപ്പിക്കുന്നു. പാരിജാതമരം പൂത്തകാലത്ത്‌ ആ പരിസരത്ത്‌ ഗാനം ഉയർന്നില്ലേയെന്നും പവിഴമല്ലി ജലതരംഗത്തിന്റെ മണിനാദങ്ങൾ ഉയർത്തിയില്ലേ’’യെന്നും പറയുന്നു.

പൂമരങ്ങളിൽ കണിക്കൊന്നയ്ക്ക്‌ ഭക്തിയുടെയും സമൃദ്ധിയുടെയും പരിവേഷമാണ്‌. ‘ഗുൽമോഹർ’ എന്നും ‘ഗോൾഡ്‌ മോഹർ’ എന്നും വിളിക്കുന്ന വാകമര (അലസിപ്പൂമരം) ത്തിന്‌ ഒരു വിപ്ളവപരിവേഷമാണ്‌ നൽകിയിട്ടുള്ളത്‌.

gulmohar

മഡഗാസ്‌കറിൽ നിന്ന്‌ നൂറ്‌ വർഷം മുമ്പ്‌ ഇന്ത്യയിലെത്തിയ ഗുൽമോഹറിനെ ഇഷ്ടപ്പെടുന്നവർ ഏറെയെങ്കിലും മരത്തിന്റെ കൊമ്പുകൾക്ക്‌ വേണ്ടത്ര കരുത്തില്ലെന്നതിന്റെ പേരിൽ ഒട്ടേറെയെണ്ണം വെട്ടിവീഴ്‌ത്തപ്പെട്ടു. വാക, മദിരാശി എന്നീ പേരിലും അറിയപ്പെടുന്ന ‘ഗുൽമോഹറി’ന്റെ പേരിൽ ഒരു മലയാള സിനിമയും പുറത്തിറങ്ങിയിട്ടുണ്ട്‌. 

പൊഴിഞ്ഞുവീഴുന്ന പൂക്കൾ വഴികളെ വർണാഭമാക്കുന്നതും ഈ പൂമരങ്ങളുടെ വിരുന്നാണ്‌. വേനൽക്കാലത്ത്‌ പൂക്കുകയും വസന്തം കഴിയുന്നതോടെ പൊഴിക്കുകയും ചെയ്യുന്നതാണ്‌ ഗുൽമോഹർ. നീർമാതളം, ഇലഞ്ഞി, രാജമല്ലി, അലറിപ്പാല, പൊന്നശോകം എന്നിവയും പൂമരഭംഗിയുടെ കാഴ്ചകളാണ്‌. പുഷ്പവർഷം കഴിഞ്ഞ്‌ പൂക്കാലത്തിന്‌ അന്ത്യമാകുമ്പോൾ പ്രകൃതിയെ സ്നേഹിക്കുന്നവരുടെ മനസ്സിൽ കുമാരനാശാന്റെ ഈ വരികൾ ഓർക്കാതിരിക്കില്ല. 

‘‘ഈ കൊല്ലമീ നിന്റെ പാദം തൊഴാം ഞാൻ
പോകല്ലേ പോകല്ലേ പൂക്കാലമേ നീ’’