വാഴ്‌സോ:  മരങ്ങള്‍ വളഞ്ഞ് വളരുന്നത് ഒരു പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഒരു വനമേഖലയിലെ മരങ്ങള്‍ എല്ലാം ഒരേ രീതിയില്‍ വളഞ്ഞു വളര്‍ന്നാലോ? പോളണ്ടിലെ ഗ്രിഫീനോ നഗരത്തോട് ചേര്‍ന്നുള്ള ക്രൂക്കഡ് വനത്തിലെ മരങ്ങളാണ് ഇങ്ങനെ പ്രത്യേക രീതിയില്‍  വളരുന്നത്. ഈ വനമേഖലയിലെ 400  പൈന്‍ മരങ്ങളുടെ താഴെ ഭാഗമാണ് പ്രത്യേക രീതിയില്‍ വളഞ്ഞ് കാണപ്പെടുന്നത്. ഈ വളവുകളെല്ലാം വടക്ക് ദിശയിലേക്കാണ് എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു കാര്യം. 

വടക്കുപടിഞ്ഞാറന്‍ പോളണ്ടിലെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രം കൂടിയായ ക്രൂക്കഡ് ഫോറസ്റ്റിലെ മരങ്ങള്‍ എന്തുകൊണ്ടാണ് ഇങ്ങനെ വളഞ്ഞ് കാണപ്പെടുന്നതെന്നതിന് കൃത്യമായ ഉത്തരം ലഭ്യമല്ല. 90 ഡിഗ്രി വളവുമായി നില്‍ക്കുന്ന മരങ്ങള്‍ക്ക് പിന്നിലെ രഹസ്യ ഇതുവരെ ആര്‍ക്കും അറിയില്ലെന്നതാണ് സത്യം. രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ തകര്‍ന്നതാണ് ഈ നഗരം. അതിനാല്‍ തന്നെ വനപ്രദേശത്തെക്കുറിച്ചു ഉണ്ടായിരുന്ന തെളിവുകളൊന്നും ഇപ്പോള്‍ ലഭ്യമല്ല. 

മൂന്നു മുതല്‍ ഒന്‍പതു വരെ അടി  നീളത്തില്‍ പുറത്തേക്ക് വളഞ്ഞവയാണ് പ്രദേശത്തെ ചില മരങ്ങള്‍. ഇതേ രീതിയില്‍ വളഞ്ഞ മരങ്ങള്‍ എല്ലായിടത്തും കാണാമെങ്കിലും ഒരേ രീതിയില്‍ നട്ടുവളര്‍ത്തിയപോലെ മരങ്ങള്‍ കാണപ്പെടുന്നു എന്നതാണ് ക്രൂക്കഡ് ഫോറസ്റ്റിനെ വേറിട്ടതാക്കുന്നത്. 1930കളില്‍ നട്ടുവളര്‍ത്തിയവയാണ് ഈ പൈന്‍മരങ്ങളെന്നാണു കരുതുന്നത്. ഇതില്‍ ഏറ്റവും ഉയരത്തിലുള്ള പൈന്‍മരത്തിന് 50 അടി വരെ ഉയരം കണക്കാക്കുന്നു. 

Crooked Forest

മരങ്ങള്‍ നട്ടു പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെയാണ് മരങ്ങളില്‍ വളവുകള്‍ കാണപ്പെട്ടതെന്നാണ് മരത്തില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്. മരങ്ങള്‍ക്ക് ഏതെങ്കിലും ജനിതകവൈകല്യം സംഭവിച്ചതാണോ എന്നത് സംബന്ധിച്ചും പഠനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഒരു പ്രദേശത്തെ നാന്നൂറോളം മരങ്ങള്‍ ഇത്തരത്തില്‍ കാണപ്പെടുന്നതിനാല്‍ ചോദ്യങ്ങള്‍ പിന്നെയും ബാക്കി നില്‍ക്കുകയാണ്. 

കാനഡയിലെ വളഞ്ഞ മരങ്ങളെക്കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞനായ വില്യം റംഫ്രെ ക്രൂക്ക്ഡ് ഫോറസ്റ്റിനെപ്പറ്റിയും പഠനം നടത്തിയിരുന്നു. പക്ഷേ കൃത്യമായൊരു നിഗമനത്തിലെത്താനായില്ല. അന്തരീക്ഷത്തില്‍ നിന്നുള്ള  സ്വാധീനമാകാം ഇതിന് പിന്നിലെന്ന പ്രാഥമിക നിഗമനത്തിലാണ് അവര്‍ എത്തിയത്.

എന്നാല്‍ വീട്ടുപകരണങ്ങള്‍ നിര്‍മിക്കാന്‍ വേണ്ടിയോ കപ്പല്‍ നിര്‍മാണത്തിനായോ കര്‍ഷകര്‍ തന്നെ മരങ്ങള്‍ ഇത്തരത്തില്‍ വളര്‍ത്തിയെടുത്തതാകാം എന്ന വാദമാണ് മറ്റൊന്ന്. തുടര്‍ന്ന് രണ്ടാം ലോക മഹായുദ്ധം വന്നതോടെ ഇവ ഈ രീതിയില്‍ തന്നെ വളര്‍ന്നുവെന്നുമാണ് കരുതുന്നത്.