bandipur
പൂവാണ്, നീയുമെനിക്കോമനേ... മനുഷ്യന്‍ ഒന്നും ചെയ്തില്ലെങ്കിലും പ്രകൃതി പുനര്‍ജനിക്കുമെന്നതിന്റെ തെളിവാണ് ഒരുനാള്‍ ചാരമായിരുന്ന ഈ കാട്. മഴ പെയ്ത് തളിര്‍ത്ത കാട്ടുപൂക്കള്‍ക്കിടയിലൂടെ അമ്മയ്‌ക്കൊപ്പം പോവുന്ന ദിവസങ്ങള്‍ മാത്രം പ്രായമായ ആനക്കുട്ടി.
 
 
 
രു കാറ്റിനൊപ്പം പടര്‍ന്ന് കാടകങ്ങളെയെല്ലാം തീ വിഴുങ്ങുമ്പോഴും മണ്ണിന്റെ മനസ്സില്‍ ഇത്തിരി പച്ചപ്പ് ബാക്കിയുണ്ടായിരുന്നു. മനുഷ്യനും അഗ്നിക്കും സ്​പര്‍ശിക്കാനാവാത്തവിധം മണ്ണിനുള്ളില്‍ വിത്തുകള്‍ മഴ കാത്ത് കിടന്നിട്ടുണ്ടാവണം. മാസങ്ങള്‍ക്ക് മുമ്പാണ് ബന്ദിപ്പൂര്‍ വനത്തില്‍ കാട്ടുതീ പടര്‍ന്നത്. അത് വയനാടിന്റെ അതിര്‍ത്തിവരെയെത്തി.
 
bandipur
 
 
ദിവസങ്ങളോളം അതുനിന്നു കത്തി. കാട് ഒരു പുല്‍ക്കൊടിപോലും അവശേഷിക്കാതെ ചാരമായി മാറി. ആഴ്ചകളോളം ചാരമായിക്കിടന്ന ഭൂമിയില്‍ ഒരു മഴകൊണ്ട് കാട് ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു. തീ ഭയന്ന് ഓടിപ്പോയ മാനും മയിലും ആനയും കാട്ടുപോത്തും കഴുകനും പന്നിയുമെല്ലാം പുനര്‍ജനിച്ച ഈ പച്ചപ്പിലേക്ക് തിരിച്ചുവന്നു.

മനുഷ്യന്‍ ഒന്നും ചെയ്യാതിരുന്നാല്‍ മതി കാട് തനിയെ തിരിച്ചുവരുമെന്നതിന്റെ തെളിവാണ് ബന്ദിപ്പൂര്‍ മുതല്‍ കബനിവരെയുള്ള ഈ ചിത്രങ്ങളില്‍ കാണുന്ന കാടും കാട്ടുപൂക്കളും കാട്ടാനകളുമൊക്കെ. കഴിഞ്ഞ മഴക്കാലത്ത് ലഭിക്കേണ്ടിയിരുന്ന മഴയുടെ പകുതിപോലും പെയ്യാതിരുന്നത് വയനാട്ടിലെ കാടും നാടും വലിയ പരിസ്ഥിതി നാശത്തിലേക്ക് എത്തുമെന്ന സൂചനയുണ്ടായിരുന്നു. അതിനെ ശരിവെക്കും വിധമാണ് കഴിഞ്ഞദിവസം വരെ ഉള്ള മഴയുടെ കണക്ക്. 61 ശതമാനം മഴക്കുറവാണിവിടെ. മറ്റുജില്ലകളില്‍ പെയ്ത മഴയേക്കാളും ഏറ്റവും കുറവ്.
 
bandipur
 
പരിസ്ഥിതിയെ കടന്നാക്രമിക്കുന്ന ഓരോ മനുഷ്യനും കാടില്‍നിന്നും തിരിച്ചുനടക്കേണ്ടിയിരിക്കുന്നു. നമ്മള്‍ കാടിനുവേണ്ടി ഒന്നും ചെയ്യാതിരിക്കുമ്പോഴാണ് കാട് തിരിച്ചുവരിക. നമ്മള്‍ കാട്ടില്‍നിന്നും എത്ര അകലം പാലിക്കുന്നുവോ അത്രയും തന്നെ കാട് വളര്‍ന്നുകൊണ്ടിരിക്കും.
 
bandipur
 
1000 ഹെക്ടര്‍ വനമാണ് അന്നത്തെ കാട്ടുതീ കൊണ്ടുപോയത്. കൂടെ നിരവധി ജീവജാലങ്ങളും അവയുടെ സുന്ദരമായ ആവാസ വ്യവസ്ഥയും. സുന്ദരമായ ഈ കാട്ടില്‍ പരസ്​പരഭയമില്ലാതെ മേയുന്ന ആനകളും മാനും കാട്ടുപോത്തും പിന്നെ ഓരോ പുല്‍ക്കൊടിയേയും വിട്ട് നമുക്ക് തിരിച്ചുനടക്കാം.
 
 
bandipur