electricity
രമ്യ വീരുഭോട്‌ല

ലിനജലം ഉപയോഗിച്ച് ചാര്‍ജ് ചെയ്യാവുന്ന ബാറ്ററി - ഐ.ഐ.ടി. ഖരഗ്പുരിലെ ഒരു മിടുക്കിയുടെ തലയില്‍ ഉദിച്ച ആശയമാണിത്. ബയോടെക്‌നോളജിയില്‍ പിഎച്ച്.ഡി. വിദ്യാര്‍ഥിയായ രമ്യ വീരുഭോട്‌ലയുടെ ഈ ഗവേഷണം, നാഷണല്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്നൊവേഷന്‍ മത്സരത്തില്‍ നേടിയെടുത്തത് ഒന്നാം സ്ഥാനവും 10 ലക്ഷം രൂപയുമാണ്. 

മലിനജലത്തിലെ ബാക്ടീരിയയുടെ പ്രവര്‍ത്തനത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന മൈക്രോബിയല്‍ ഫ്യുവല്‍ സെല്‍ (എം.എഫ്.സി.) ഉപയോഗിച്ചാണ് ബാറ്ററി നിര്‍മിച്ചിരിക്കുന്നത്. സാധാരണ എം.എഫ്.സിയില്‍ നിന്ന് വൈദ്യുതി ലഭിക്കണമെങ്കില്‍ രണ്ടോ മൂന്നോ ദിവസമെടുക്കും. മലിനജലത്തിലുള്ള ബാക്ടീരിയ പുതിയ അന്തരീക്ഷവുമായി ചേര്‍ന്നുവരാന്‍ സമയമെടുക്കും എന്നതിനാലാണത്. എന്നാല്‍ ഈ ബാറ്ററിയിലേക്ക് മലിനജലം കടത്തിവിട്ട് 10 സെക്കന്‍ഡിനകം ഈ ബാറ്ററി വൈദ്യു തോത്പാദനം ആരംഭിക്കും. കടലാസാണ് ബാറ്ററിയുടെ പ്ലാറ്റ്‌ഫോം എന്നതിനാല്‍ ഭാരം കുറവാണ്. സാധാരണ എയര്‍ കാതോഡ്, ആനോഡാണ് ഘടകങ്ങള്‍. 100 ശതമാനവും പരിസ്ഥിതി സൗഹൃദമാണ് ഈ ഉപകരണമെന്നതാണ് ഏറ്റവും വലിയ സവിശേഷത- രമ്യ പറയുന്നു.

ഏതാനും മൈക്രോ വാട്സ് മാത്രമാണ് ബാറ്ററി ഉത്പാദിപ്പിക്കുന്നത്. ഇത് ഉപയോഗിച്ച് വീട്ടുപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാവില്ല. വൈദ്യുതോപകരണങ്ങളുടെ ചെറിയ ഘടകങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാണ് ബാറ്ററി പ്രധാനമായും ഉപയോഗിക്കുക.