തലശ്ശേരി: അപൂര്‍വ ജീവജാലങ്ങളുടെ ആവാസകേന്ദ്രമായ തണ്ണീര്‍ത്തടം മാലിന്യം കുമിഞ്ഞുകൂടി നശിക്കുന്നു. കണ്ടിക്കല്‍ പഴയ പാലത്തിന് സമീപത്തെ തണ്ണീര്‍ത്തടത്തിലാണ് മാലിന്യം നിറയുന്നത്.

അപൂര്‍വയിനം പക്ഷികളുടെയടക്കം ആവാസകേന്ദ്രമാണ് കണ്ടല്‍ച്ചെടികള്‍ നിറഞ്ഞ തണ്ണീര്‍ത്തടം. വര്‍ഷങ്ങള്‍ക്കുമുന്‍പ് നാട്ടുകാര്‍ മീന്‍പിടിച്ചിരുന്ന ജലാശയം കൂടിയായിരുന്നു വേനലിലും ഹരിതസമൃദ്ധമായ ഈ സ്ഥലം. ഇപ്പോള്‍ അഞ്ചുവര്‍ഷമായി മാലിന്യംതള്ളല്‍ രൂക്ഷമായിട്ട്.

സമീപത്ത് വീടുകളോ സ്ഥാപനങ്ങളോ ഇല്ലാത്തതിനാല്‍ ആരുടെയും ശ്രദ്ധയില്‍ പെട്ടെന്ന് കടന്നുവരാത്ത സ്ഥലം കൂടിയാണ്. അതുകൊണ്ടുതന്നെ രാത്രിയില്‍ വാഹനങ്ങളിലെത്തി പ്ലാസ്റ്റിക് സഞ്ചികളിലാക്കി മാലിന്യം തള്ളുകയാണ്. കോഴി മാലിന്യവും ഭക്ഷണാവശിഷ്ടവുമാണ് ഏറെയും തള്ളുന്നത്.

കടുത്ത ദുര്‍ഗന്ധം കാരണം പ്രദേശത്തുകൂടി മൂക്കുപൊത്താതെ നടക്കാനാകില്ല. വിവാഹത്തിന്റെയും മറ്റാഘോഷങ്ങളുടെയും കാലമായതിനാല്‍ മാലിന്യംതള്ളല്‍ കൂടിയിട്ടുണ്ട്.

മാലിന്യം കുമിഞ്ഞസ്ഥലത്ത് കണ്ടലുകള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ വെള്ളം കറുപ്പ് നിറമായിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ പരിസരത്തെ ജലസ്രോതസ്സുകള്‍കൂടി മലിനമാകും. മാലിന്യം തള്ളല്‍ തടയാന്‍ രാത്രിയില്‍ റോഡിന്റെ വശങ്ങളില്‍ കമ്പിവേലി കെട്ടുകയും നിരീക്ഷണത്തിനായി ക്യാമറകള്‍ സ്ഥാപിക്കുകയും വേണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.