പയ്യന്നൂര്‍: രാമന്തളിയിലെ കിണറുകള്‍ മലിനമാക്കുന്ന മാലിന്യപ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി നാവിക അക്കാദമി ഗേറ്റിനുമുന്നില്‍ നടത്തുന്ന അനിശ്ചിതകാലസമരം 25-ാം ദിവസത്തിലേക്ക് കടന്നു. കളക്ടറുടെയും നാവിക അക്കാദമി അധികൃതരുടെയും ഭാഗത്തുനിന്ന് അനുകൂലതീരുമാനം ഉണ്ടാകാത്തതിനെത്തുടര്‍ന്ന് സമരസമിതി സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു.

അനിശ്ചിതകാലസമരത്തിന് പിന്തുണയുമായി വ്യാഴാഴ്ച നിരവധിപേര്‍ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം അറിയിച്ചു. രാവിലെ പയ്യന്നൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികളും പ്രവര്‍ത്തകരും സമരപ്പന്തലിലെത്തി അഭിവാദ്യം അര്‍പ്പിച്ചു. ചേംബര്‍ പ്രസിഡന്റ് കെ.യു.വിജയകുമാര്‍, എം.പി.തിലകന്‍, പി.രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുള്‍ ഖാദര്‍ മൗലവി, ജില്ലാ പ്രസിഡന്റ് പി.കുഞ്ഞിമുഹമ്മദ്, വി.പി.വമ്പന്‍ തുടങ്ങിയ മുസ്ലിം ലീഗ് നേതാക്കളും പിന്തുണയുമായി സമരപ്പന്തലിലെത്തി.

വൈകീട്ട് യു.ഡി.എഫ്. പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരപ്പന്തലിലേക്ക് ഐക്യദാര്‍ഢ്യപ്രകടനം നടത്തി. പുന്നക്കടവില്‍നിന്ന് പ്രകടനം ആരംഭിച്ചു. തുടര്‍ന്ന് സമരപ്പന്തലില്‍ നടന്ന പരിപാടി എം.നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കെ.ടി.സഹദുള്ള, എസ്.ഷുക്കൂര്‍ ഹാജി, എം.കെ.രാജന്‍, പി.വി.ദാസന്‍, ബി.സജിത്ത്‌ലാല്‍, പി.വി.കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
ഏഴിമല നാവിക അക്കാദമിയുടെ മാലിന്യസംസ്‌കരണ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണസമിതി അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. സംവിധായകയും സംസ്ഥാന അവാര്‍ഡ് ജേതാവുമായ വിധുവിന്‍സന്റ് ഉദ്ഘാടനം ചെയ്തു. നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണവും സുരക്ഷയും ഒരുക്കേണ്ടവര്‍തന്നെ ജീവിക്കാനുള്ള അവകാശങ്ങള്‍ ഹനിക്കുമ്പോള്‍ രാമന്തളിയിലെ മാലിന്യപ്രശ്‌നത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ഭരണകൂടങ്ങള്‍ തന്നെയാണെന്ന് വിധു വിന്‍െസന്റ് പറഞ്ഞു.

സമരത്തിന്റെ എതിര്‍ഭാഗത്ത് ഭരണകൂടങ്ങള്‍ ആയതുകൊണ്ടുതന്നെ സമരത്തെ ഭിന്നിപ്പിക്കാനും തളര്‍ത്താനുമുള്ള നീക്കങ്ങള്‍ ഉണ്ടാകും. നീതിക്കുവേണ്ടി ആര്‍ജവത്തോടെ മുന്നോട്ടുപോയാല്‍ ന്യായമായ സമരത്തിന്നുമുന്നില്‍ ഏതു ഭരണകൂടത്തിനും മുട്ടുമടക്കേണ്ടിവരുമെന്നും വിധു വിന്‍െസന്റ് പറഞ്ഞു.

നിരാഹാരം അനുഷ്ഠിക്കുന്ന സമരസമിതി വൈസ്‌ചെയര്‍മാന്‍ പി.കെ.നാരായണനെ വിധു വിന്‍സെന്റ് ഷാള്‍ അണിയിച്ചു. സമരസമിതി ചെയര്‍മാന്‍ ആര്‍.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. വിനോദ്കുമാര്‍ രാമന്തളി, രമ്യ വിമല്‍ എന്നിവര്‍ സംസാരിച്ചു.