ചെന്നൈ: തൃശ്ശൂര്‍ കാതിക്കുടത്തെ നീറ്റ ജലാറ്റിന്‍ കമ്പനി പ്രവര്‍ത്തിക്കണമെങ്കില്‍ പരിസ്ഥിതിസംരക്ഷണ ഉപാധികള്‍പാലിക്കണമെന്ന് ചെന്നൈ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു. നീറ്റ ജലാറ്റിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിന് 25 ഉപാധികള്‍ പാലിക്കണമെന്ന് ട്രൈബ്യൂണല്‍ വിധിച്ചു. ചാലക്കുടിപ്പുഴ കുടിവെള്ള സ്രോതസാണെന്ന് കമ്പനി ഓര്‍ക്കണമെന്നും ട്രൈബ്യൂണല്‍വിധിയില്‍ പറയുന്നു.

കാതിക്കുടഞ്ഞ സമരസമിതിക്കാരും മലിനീകരണ നിയന്ത്രണബോര്‍ഡും നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ശശിധരന്‍ നമ്പ്യാര്‍, പി.എസ്. റാവു എന്നിവരുടെ വിധിയുണ്ടായത്. ചാലക്കുടിപ്പുഴയുടെ അടിത്തട്ടില്‍ സ്ഥാപിച്ച മാലിന്യ പൈപ്പുകള്‍ ജലനിരപ്പിന് മുകളിലേക്ക് കൊണ്ടുവരണമെന്ന് നിര്‍ദേശമുണ്ട്. പാലക്കാട് കള്ളിയമ്പാറയിലെ മാലിന്യകേന്ദ്രം മൂന്നു മാസത്തിനകവും കമ്പനിയിലെ മാലിന്യങ്ങള്‍ 6 മാസത്തിനകവും നീക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

ഒരുമാസത്തിനകം കമ്പനി ട്രൈബ്യൂണലിന് മുന്‍പാകെ പ്രാഥമിക റിപ്പോര്‍ട്ടും തുടര്‍ന്ന് ഓരോ മൂന്നുമാസം കൂടുമ്പോഴും പുരോഗതിറിപ്പോര്‍ട്ടും സമര്‍പ്പിക്കണം. 25 ഉപാധികളാണ് ട്രൈബ്യൂണല്‍ മുന്നോട്ടുവെച്ചത്. കേരള മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ വ്യവസ്ഥകള്‍ ഉടന്‍ ഭേദഗതിവരുത്തണമെന്നും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി കമ്പനിക്കെതിരെ നാട്ടുകാര്‍ പോരാട്ടംനടത്തുകയാണ്.

ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് താഴുന്ന സാഹചര്യത്തില്‍ നീറ്റ ജലാറ്റിന്‍കമ്പനിയുടെ ജല ഉപഭോഗം അഞ്ചിലൊന്നായി പരിമിതപ്പെടുത്തി തൃശ്ശൂര്‍ ജില്ലാകളക്ടര്‍ ഈ മാസം അഞ്ചിന് ഉത്തരവിട്ടിരുന്നു. ദിവസം 600 ഘനമീറ്റര്‍ ജലമെടുക്കാനുള്ള അനുമതിയാണ് ജില്ലാ കളക്ടര്‍ നല്‍കിയത്. ജലമെടുക്കുന്നത് നിരോധിച്ചാല്‍ കമ്പനി സംഭരിച്ച 650 ടണ്‍ അസംസ്‌കൃതവസ്തു ഉപയോഗശൂന്യമാവും. ഇത് ഗുരുതര പാരിസ്ഥിതിമലിനീകരണത്തിന് കാരണമാകുമെന്നതിനാലാണ് ഈ നടപടി.

ഇതുസംബന്ധിച്ച് ആര്‍.ഡി.ഒ. നല്‍കിയ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാണ് ജൂണ്‍, ജൂലൈ മാസംവരെ ജല ഉപഭോഗം പരിമിതപ്പെടുത്തി ഉത്തരവ് നല്‍കിയത് . കമ്പനിയുടെ ഉത്പാദനപ്രവര്‍ത്തനങ്ങള്‍ക്കായി ചാലക്കുടിപുഴയിലെ വെള്ളം പമ്പുചെയ്ത് എടുക്കുന്നത് നിര്‍ത്തിവെക്കാന്‍ അഡീഷണല്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.

പ്രവര്‍ത്തനത്തിന് പ്രതിദിനം 1000 ഘനമീറ്റര്‍ ജലം അനുവദിക്കണമെന്നാവശ്യപ്പെട്ട് കമ്പനി അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍.ഡി. ഒ. യുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജല ഉപഭോഗം അഞ്ചിലൊന്നായി പരിമിതപ്പെടുത്തി ഉത്തരവ് നല്‍കിയത്.