ന്യൂഡല്‍ഹി: കംപ്യൂട്ടര്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം വര്‍ഷംതോറും പെരുകി വരികയാണ്. ഇതോടൊപ്പം ഇലക്ട്രോണിക് മാലിന്യത്തിന്റെ ഭീഷണിയും ലോകത്തെമ്പാടും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. 

ഫോണുകള്‍, ടാബ്ലറ്റുകള്‍, റഫ്രിജറേറ്ററുകള്‍, കമ്പ്യൂട്ടര്‍/ലാപ്ടോപ്പുകള്‍, ടെലിവിഷനുകള്‍ എന്നിവയൊക്കെ ഉപയോഗ ശേഷം വലിച്ചെറിയുമ്പോള്‍, അതുണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് പലപ്പോഴും നാം ചിന്തിക്കാറില്ല.

പടിഞ്ഞാറന്‍-തെക്കുപടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളാണ് ഇ-മാലിന്യങ്ങളുടെ കാര്യത്തില്‍ വന്‍വര്‍ധനവ് കാണിക്കുന്നതെന്ന് അടുത്തിടെ പുറത്തുവന്ന യുഎന്‍ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇ-മാലിന്യങ്ങളുടെ കാര്യത്തില്‍ 63 ശതമാനം വര്‍ധനയാണ് ഈ രാജ്യങ്ങളില്‍ ഉണ്ടായത്. 2010-2015 കാലത്ത് 12 ഏഷ്യന്‍ രാജ്യങ്ങളില്‍ യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റി പഠനം നടത്തിയത്. 

ഏഷ്യന്‍ രാജ്യങ്ങളില്‍ ചൈനയാണ് ഇ-മാലിന്യങ്ങള്‍ പുറന്തള്ളുന്നതില്‍ മുമ്പിലുള്ളത്. പ്രതിവര്‍ഷം 10 കിലോഗ്രാം ആണ് ഓരോ ചൈനക്കാരനും വലിച്ചെറിയുന്ന ഇലക്ടോണിക് മാലിന്യം. ജപ്പാന്‍ അടക്കമുള്ള മറ്റു പല രാജ്യങ്ങളും ഇക്കാര്യത്തില്‍ മോശമല്ല. 

പാശ്ചാത്യരാജ്യങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇ-മാലിന്യങ്ങള്‍ കുറവാണ്. പല പാശ്ചാത്യ രാജ്യങ്ങളിലും പ്രതിവര്‍ഷം ഒരാള്‍ പുറന്തള്ളുന്നത് 15 കിലോയോളം മാലിന്യങ്ങളാണ്. മിക്കവാറും ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഇ-മാലിന്യ സംസ്‌കരണത്തിന് ആധുനിക സൗകര്യങ്ങള്‍ ഇല്ലാത്തത് പല ഏഷ്യന്‍ രാജ്യങ്ങളെയും മാലിന്യപ്പറമ്പാക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇലക്ട്രോണിക് ഉപകരണങ്ങളുടെ പല ഭാഗങ്ങളും വിഷമയമാണ്. അവ തീയിടുകയും മണ്ണില്‍ വലിച്ചെറിയുകയും നദികളിലും കടലിലും നിക്ഷേപിക്കുകയും ചെയ്യുന്നത് വലിയ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്നു. അശാസ്ത്രീയമായ സംസ്‌കരണ രീതികളും മലിനീകരണമുണ്ടാക്കുന്നു. 

ജപ്പാന്‍, തെക്കന്‍ കൊറിയ, തയ്വാന്‍ എന്നീ രാജ്യങ്ങള്‍ മാത്രമാണ് ശരിയായ സംസ്‌കരണരീതികള്‍ അവലംബിക്കുന്നതെന്നും യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല, ഇ-മാലിന്യങ്ങള്‍ പരമാവധി പുനചംക്രമണം ചെയ്ത് (റീസൈക്കിള്‍ ചെയ്ത്) ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയിലേയ്ക്കും റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നു.