ണ്ണൂരിലെ ഒരു പുഴയെ വീണ്ടെടുക്കാന്‍ ദേശമൊന്നാകെ ഒരുമിച്ചപ്പോള്‍ പ്രകൃതിയുടെ ജൈവികതകളെ വീണ്ടെടുക്കാനുള്ള മഹായത്‌നങ്ങളില്‍ ഒരു വലിയ ചുവടുവയ്പും മാതൃകയുമായി അതുമാറി. ഒരു ദേശത്തിന്റെ സാമൂഹ്യജീവിതവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന, ചരിത്രത്തിന്റെ ആഴങ്ങളിലേയ്ക്കു നീരോട്ടമുള്ള കാനാമ്പുഴയെയാണ് കണ്ണൂരിലെ ജനങ്ങള്‍ കൈകള്‍ കോര്‍ത്ത് തങ്ങളുടെ നിത്യജീവിതത്തിലേയ്ക്ക് പുനരാനയിച്ചത്.

കാനാമ്പുഴയെ വീണ്ടെടുക്കുന്നതിനായി ഞായറാഴ്ച നടന്നത് സമാനതകളില്ലാത്ത ജനകീയ മഹായത്‌നമായിരുന്നു. തോടായും പിന്നെ പുഴയായും ഒന്‍പതര കിലോമീറ്റര് ഒഴുകിയിരുന്ന കാനാമ്പുഴയെ വീണ്ടും ഒഴുക്കുള്ള പുഴതന്നെയാക്കാന്‍ ഇരുകരയിലെയും ജനങ്ങളാകെ അണിനിരന്നു. വീടിന്റെയും കിണറിന്റെയും അടുത്തായി ഒഴുക്കുനിലച്ച്, രോഗാണുവാഹിയായി, ദുര്‍ഗന്ധവാഹിയായിരുന്ന കാനാമ്പുഴയെ യഥാര്‍ഥ പുഴയാക്കാനുള്ള പരിശ്രമത്തിന്റെ തുടക്കം.
 
കാനാമ്പുഴ ഒരുകാലത്ത് കണ്ണൂരിന്റെ ഒരു പ്രധാന ജലസ്രോതസ്സായിരുന്നു. മുണ്ടേരി പഞ്ചായത്തിലെ അയ്യപ്പന്മലയില്‍നിന്ന് ഒരരുവിയായി ഉദ്ഭവിച്ച് മാച്ചേരി കണ്ടമ്പേത്ത് എത്തുമ്പോഴേക്കും തോടായി മാറി, ആദികടലായിയിലൂടെ അറബിക്കടലില്‍ പതിച്ചിരുന്ന പുഴ. കാനാമ്പുഴയുടെ കരയായതിനാലാണ് കാനത്തൂരെന്നും പിന്നെ കാനനൂരെന്നും ഇപ്പോള്‍ കണ്ണൂരെന്നും ദേശത്തിന് പേരുവന്നതെന്നാണ് ചരിത്രം. 

kanampuzha

ഒരുകാലത്ത് ഒഴുകിയേടം മുഴുവന്‍ നെല്ലറയാക്കിയിരുന്നു കാനാമ്പുഴ. പിന്നീടെപ്പോഴോ കാട് വളര്‍ന്നും മാലിന്യം നിറഞ്ഞും പുഴ അപ്രത്യക്ഷമായി. പുഴയുടെ ഓരങ്ങളില്‍ കൃഷിചെയ്തിരുന്നവരുടെയും മത്സ്യംപിടിച്ചിരുന്നവരുടെയും പുഴവെള്ളമുപയോഗിച്ച് ദൈനംദിനാവശ്യങ്ങള്‍ നിറവേറ്റിയിരുന്നവരുടെയുമെല്ലാം ആശ്രയം പതിയെപ്പതിയെ ഇല്ലാതാവുകയായിരുന്നു. കണ്ണില്ലാത്ത മലിനീകരണവും നശീകരണങ്ങളുമെല്ലാം അതിന് കാരണമായി. ഇന്ന് മാലിന്യംനിറഞ്ഞും അഴിമുഖത്ത് മണ്ണടിഞ്ഞും ഒഴുക്കുനിലച്ച് ചെറുതോടുകളായിമാറി ഈ ജീവസ്രോതസ്. തീരത്തെ കൃഷിയും പച്ചപ്പും നശിച്ചു. 

പുഴയുടെ അമൂല്യത തിരിച്ചറിയുന്നതിന് കാലം ഏറെ വേണ്ടിവന്നു. ജലദൗര്‍ലഭ്യവും കുടിവെള്ളപ്രശ്‌നവും കാര്‍ഷിക പ്രതിസന്ധികളും അടക്കമുള്ള അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളേണ്ടിവന്നു. പ്രകൃതിയും മണ്ണും ജലവുമെല്ലാം കാത്തുവയ്‌ക്കേണ്ടതാണെന്ന തിരിച്ചറിവിലേയ്ക്ക് പുതിയ തലമുറ മാറിച്ചിന്തിക്കാന്‍ തുടങ്ങിയതോടെയാണ് കേരളത്തില്‍ മറ്റു പലയിടങ്ങളിലുമെന്നപോലെ ഇവിടെയും പുഴയുടെ വീണ്ടെടുപ്പ് എന്ന ആശയത്തിലേയ്ക്ക് ഈ ദേശം എത്തിച്ചേര്‍ന്നത്. 

15suni124may.jpg

പുഴയ്ക്ക് ജീവന്‍നല്‍കാന്‍ പലപദ്ധതികള്‍ വന്നു. എന്നാല്‍ ഒന്നും ഫലപ്രദമായില്ല. ഒടുവിലാണ് കാനാമ്പുഴയുടെ വീണ്ടെടുപ്പിന് ഒരു സമഗ്രപദ്ധതി വിഭാവനം ചെയ്യപ്പെടുന്നത്. ഇതിന്റെ ആദ്യഘട്ടമെന്നനിലയിലാണ് 'ഹരിതകേരളം' പദ്ധതിയിലുള്‍പ്പെടുത്തി പുഴയിലെ മാലിന്യംനീക്കാന്‍ തീരുമാനിച്ചത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സമഗ്രപദ്ധതിലെ ആദ്യ ഇനമായി 5,000 പേര്‍ ഒരുമിച്ച് പുഴയിലെ മാലിന്യം നീക്കാന്‍ തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ ആഴ്ച പുഴയുടെ തീരത്തുകൂടി 10 കിലോ മീറ്റര്‍ ജനകീയയാത്ര നടത്തിയിരുന്നു.

ഞായറാഴ്ചയായിരുന്നു ശിചീകരണ പ്രവൃത്തിയുടെ ആദ്യ ഘട്ടം. നൂറുകണക്കിനാളുകളാണ് പുഴയെ വീണ്ടെടുക്കുന്ന പ്രവൃത്തിയില്‍ പങ്കാളികളാകാന്‍ എത്തിച്ചേര്‍ന്നത്. ചേലോറ സ്രാമ്പിയില്‍ ആദ്യദിനത്തിലെ പ്രവൃത്തിയില്‍ത്തന്നെ തോടിനെ ഏറെക്കുറെ വീണ്ടെടുക്കാന്‍ നാട്ടുകാര്‍ക്ക് സാധിച്ചു. എളയാവൂര്‍ കൂടത്തില്‍താഴെയിലും നിശ്ചയിച്ചതിലുമേറെ വൊളന്റിയര്‍മാര്‍ ശുചീകരണത്തിനെത്തിയിരുന്നു. 

15suni115may.jpg

പുഴ വീണ്ടെടുക്കല്‍ യത്‌നത്തിന്റെ കേന്ദ്രീകൃത ഉദ്ഘാടനം നടന്ന താഴെചൊവ്വയില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, സന്നദ്ധസംഘടനാ നേതാക്കള്‍, സര്‍വ്വീസ് സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരടക്കം വന്‍ ജനാവലിയാണ് ശുചീകരണത്തില്‍ പങ്കാളികളാകാനെത്തിയത്. മന്ത്രിമാരായ തോമസ് ഐസക്, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി.കെ.ശ്രീമതി എം.പി., ഹരിതകേരളം മിഷന്‍ വൈസ് ചെയര്‌പേഴ്‌സണ്‍ ടി.എന്.സീമ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, മേയര്‍ ഇ.പി.ലത, സംഘാടകസമിതി കണ്വീനര്‍ എന്‍.ചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ജനങ്ങള്‍ക്കൊപ്പം നിന്നു.

15suni108may.jpg

നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി പുഴ കടലിലേയ്ക്കു പതിക്കുന്ന കടലായി അഴിമുഖത്ത് കടല്‍വെള്ളം പുഴയിലേയ്ക്ക് പ്രവേശിക്കുന്നതിന് അഴിമുറിച്ചിരുന്നു. മണ്ണടിഞ്ഞുകൂടി പൂര്‍ണമായും ഒഴുക്കുനിലച്ച് അഴിയല്ലാതായിമാറിയ സ്ഥിതിയായിരുന്നു ഇവിടെ. അഴിമുറിച്ചതോടെ കുറുവ പാലത്തിനപ്പുറത്തേക്കുവരെ കടലില്‍നിന്ന് വെള്ളമെത്തി. മാലിന്യവും ചെളിയും കാരണം കറുത്ത നിറത്തിലുള്ളതെങ്കിലും ജലപ്രവാഹമുണ്ടായി. മാലിന്യം നീക്കംചെയ്യുന്നതിന് അത് വളരെ സഹായകമായി. വെള്ളമൊഴുകിയെത്തിയത്  താഴെചൊവ്വയ്ക്കപ്പുറം കടലായിവരെയുള്ള പ്രദേശത്തെ ജനങ്ങളില്‍ വലിയ പ്രതീക്ഷയാണുണ്ടാക്കിയത്. പണ്ടത്തെപ്പോലെ വീണ്ടും ഒഴുക്കുള്ള പുഴയായി കാനാമ്പുഴ മാറുമെന്ന പ്രത്യാശ. അത് തുടര്‍ന്നുള്ള ജോലികള്‍ക്ക് ആക്കവും ആവേശവും വര്‍ധിപ്പിക്കുകയും ചെയ്തു.

ബണ്ട് പാലത്തിനടുത്ത് പുഴ അഴുക്കുകൊണ്ട് 'കരിമ്പുഴ'യായിത്തീര്‍ന്നിട്ട് ഏറെക്കാലമായിരുന്നു. ഞായറാഴ്ച രാവിലെ ആ രോഗാണുസമുദ്രം വൃത്തിയാക്കാനിറങ്ങിയത് പ്രദേശത്തെ ആബാലവൃദ്ധം ജനങ്ങളാണ്. മുതിര്‍ന്നവര്‍ പാലത്തിനുകീഴില്‍നിന്ന് കോരിയെടുത്ത് കരയിലേക്കിട്ട പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം കുട്ടികള്‍ ദൂരെ കൊണ്ടുപോയി നിക്ഷേപിച്ചു. 

15suni112may.jpg

പതിറ്റാണ്ടുകള്‍ക്കുശേഷം പുഴയിലേയ്ക്കു വീണ്ടുമിറങ്ങിയ പ്രായമായവരുടെ ഓര്‍മകളില്‍ പഴയ പുഴയൊഴുകി. 'എന്റെ ചെറുപ്പത്തില്‍, ഇവിടെനിന്നാണ് കുളിച്ചിരുന്നത്, ഇവിടെയായിരുന്നു തുണിയലക്കിയിരുന്നത്'- അവര്‍ ആത്മഗതം ചെയ്തു. അമ്പതോ അറുപതോ കൊല്ലംമുന്‍പ് ആളുകള്‍ കുളിക്കുകയും നീന്തുകയും ചെയ്ത കടവുകള്‍ വീണ്ടും സജീവമായി. ആരും വെറുതെയിരുന്നില്ല, ചെളിയിലിറങ്ങാന്‍ കഴിയാത്തവര്‍ ഉപ്പുമാവും വെല്ലക്കാപ്പിയും തയ്യാറാക്കി ജോലിചെയ്യുന്നവര്‍ക്കു നല്കി. 

പുഴയില്‍നിന്ന് കരയ്ക്കുകയറ്റിയ മാലിന്യം ജെ.സി.ബി. ഉപയോഗിച്ച് കുഴിച്ചിട്ടു. രോഗവാഹിനിയായ തോടിനെ എല്ലാ തടസ്സങ്ങളും നീക്കി തെളിനീരൊഴുക്കുള്ള ഒരു ചെറുപുഴയായി മാറ്റാനാകുമെന്ന പ്രതീക്ഷയാണ് മാച്ചേരിമുതല്‍ കടലായി വരെയുള്ള കാനാമ്പുഴക്കരയിലാകെ നിറഞ്ഞത്. അത് സ്വാഭാവികമായിരുന്നു, അവര്‍ വീണ്ടെടുക്കുന്നത് ഒരു പുഴയെ മാത്രമായിരുന്നില്ല ഒരു ദേശത്തിന്റെ കഴിഞ്ഞകാല ജീവിതത്തെയും അതിന്റെ നന്‍മകളെയുംകൂടിയായിരുന്നു.

ചിത്രങ്ങള്‍ സി. സുനില്‍ കുമാര്‍

കൂടുതല്‍ ചിത്രങ്ങള്‍ കാണാം: ഒരു പുഴയെ തിരിച്ചുപിടിക്കാന്‍ ദേശം കൈകോര്‍ത്തപ്പോള്‍..