തളിപ്പറമ്പ്: വന്യജീവി ജീവിതചര്യയിലെ അപൂര്‍വ കാഴ്ച ക്യാമറയില്‍ പകര്‍ത്താനായതിന്റെ ത്രില്ലിലാണ് പരിസ്ഥിതിസ്‌നേഹിയും പാമ്പ് നിരീക്ഷകനുമായ തളിപ്പറമ്പിലെ വിജയ് നീലകണ്ഠന്‍. കര്‍ണാടക-കേരള അതിര്‍ത്തിയില്‍ കാഞ്ഞിരക്കൊല്ലി വനമേഖലയില്‍ അളകാപുരി വെള്ളച്ചാട്ടത്തിനടുത്തുവെച്ചാണ് രാജവെമ്പാലയുടെ ഉടുമ്പതീറ്റ വിജയ് ക്യാമറയില്‍ ഒപ്പിയെടുത്തത്. ലോക സര്‍പ്പ ദിനമായ 16-നായിരുന്നു ഈ അപൂര്‍വരംഗം കാണാനായതും.

പ്രദേശത്തെ കോളനിക്കാര്‍ വിവരമറിച്ചതിനെത്തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരോടൊപ്പമാണ് വിജയ് നീലകണ്ഠനും സ്ഥലത്തെത്തിയത്. ആര്‍.ആര്‍.ടി.യിലെ എം.പി.ചന്ദ്രനും സംഘത്തിലുണ്ടായിരുന്നു. വിഷമുള്ളതും വിഷമില്ലാത്തതുമായ മറ്റുപാമ്പുകളാണ് രാജവെമ്പാലയുടെ ഭക്ഷണം. പല്ലിവര്‍ഗത്തില്‍പ്പെട്ട ജീവികളെയും ഇവ തിന്നാറുണ്ട്.
 
ഒരിക്കല്‍ ഇരപിടിച്ചാല്‍ മാസങ്ങള്‍തന്നെ ഭക്ഷണം കഴിക്കാതിരിക്കുന്ന രീതിയാണ് രാജവെമ്പാലയ്ക്ക്. ഉടുമ്പുകളെ അപൂര്‍വമായേ തിന്നാറുള്ളൂ. ഉടുമ്പിന്റെ കട്ടിയുള്ള ത്വക്ക് തന്നെ കാരണം. മറ്റ് ഇരകളെ കിട്ടാത്ത ഘട്ടത്തില്‍ വിശന്നുവലഞ്ഞാല്‍ മാത്രമാണ് രാജവെമ്പാല ഉടുമ്പിനെ ഭക്ഷണമാക്കുന്നത്. ദിവസങ്ങളോളം കഴിഞ്ഞേ ദഹനപ്രക്രിയ പൂര്‍ത്തിയാകൂ.

രാജവെമ്പാലയെ വംശനാശം നേരിടുന്ന ഉരഗവര്‍ഗമായി 2012 ജൂലായ് നാലിന് ഐ.യു.സി.എന്‍. പ്രഖ്യാപിച്ചിട്ടുണ്ട്. ലോകപ്രശസ്ത വന്യജീവി നിരീക്ഷകനായ ജിം കോര്‍ബറ്റ് തന്റെ പുസ്തകത്തില്‍ പറയുന്നത് രാജവെമ്പാല മനുഷ്യരെ ആക്രമിക്കാറില്ലെന്നാണെന്നും വിജയ് നീലകണ്ഠന്‍ പറഞ്ഞു.