ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്ന ചൂടും, പെയ്യാത്ത മഴയെച്ചൊല്ലിയുള്ള വിലാപവും, വെള്ളിത്തിനും അന്നത്തിനും വേണ്ടി കാടിറങ്ങുന്ന വനജീവികളും ഇന്ന് വാര്‍ത്തയല്ലാതായിരിക്കുന്നു. ഇതിനെല്ലാം പിന്നില്‍ പ്രകൃതിയിലെ മാറ്റങ്ങളാണ് എന്നറിഞ്ഞുകൊണ്ടുതന്നെ, കാടും മരവും വെട്ടിത്തെളിയിക്കാനും പുഴയിലെ മണലൂറ്റാനും കുന്നും മണ്ണും വെട്ടിനിരത്താനും തിടുക്കപ്പെടുന്ന ഒരുകൂട്ടം മനുഷ്യരും.

ഇതിനിടയില്‍ നാം അടക്കം ഉള്‍ക്കൊള്ളുന്ന ഈ പ്രകൃതിയെ നിലനിര്‍ത്താന്‍, നാം അറിയാതെ ഒച്ചയും ബഹളവും കൂട്ടാതെ, നമുക്കു ചുറ്റും നിലകൊള്ളുന്ന കുറെ 'ജീവികളെ' നമുക്ക് അടുത്തറിയാന്‍ ശ്രമിക്കാം. ഈ നിസ്വാര്‍ത്ഥര്‍ ആരെന്നല്ലെ? നമുക്ക് പ്രാണവായുവും ആഹാരവും തരുന്ന വൃക്ഷലതാദികള്‍ തന്നെ.

ഒറ്റപ്പെട്ട ജീവിതമല്ല, മറിച്ച് അന്യോന്യം ആശ്രയിച്ചും സഹകരിച്ചും സഹായിച്ചും ഒരു സമൂഹമായി ജീവിക്കുന്നവയാണ് വൃക്ഷങ്ങള്‍ എന്നാണ് ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകള്‍. മാത്രവുമല്ല, അവ അന്യോന്യം വാര്‍ത്താവിനിമയം നടത്തുന്നുണ്ട്, ഭക്ഷണം 'കൈമാറു'ന്നുണ്ട്, സ്വന്തം 'കുടുംബത്തിലെ' അംഗങ്ങളെ അന്വേഷിക്കുന്നുണ്ട്, ശത്രുക്കളോട് പൊരുതാന്‍ കൂട്ടമായി നിലകൊള്ളുന്നുണ്ട് എന്നു തുടങ്ങി സാമൂഹിക ജീവിതത്തില്‍ നാം ചെയ്യുന്ന പല കാര്യങ്ങളും വൃക്ഷങ്ങളും ചെയ്യുന്നുണ്ട്. 

നമുക്കു ചുറ്റുമുള്ള വൃക്ഷലതാദികളെക്കുറിച്ചുള്ള വിശദമായ അറിവിലേക്കുള്ള വാതിലുകള്‍ ശാസ്ത്രലോകം തുറന്നിട്ടേയുള്ളൂ. ഇനിയും ഏറെ ദൂരം പോകാനുണ്ട്. 

തിങ്ങിവളര്‍ന്നു നില്‍ക്കുന്ന മരങ്ങളുടെയും വള്ളിപ്പടര്‍പ്പുകളുടെയും ഇടയിലൂടെ നടന്നു നീങ്ങുമ്പോള്‍, അവയുടെ മുകള്‍ ഭാഗം മാത്രമേ നമുക്ക് കാണാന്‍ കഴിയുന്നുള്ളൂ. എന്നാല്‍, മനുഷ്യരടങ്ങുന്ന ഈ പ്രകൃതിയെ നിലനിര്‍ത്താന്‍, നമ്മുടെ കാല്‍ക്കീഴില്‍, മണ്ണിനടിയില്‍, അവ എന്തെല്ലാം സങ്കീര്‍ണ്ണമായ പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ട് എന്നറിയുമ്പോള്‍ ആശ്ചര്യം തോന്നും. ഒപ്പം ഈ വൃക്ഷലതാദികളോട് ബഹുമാനവും.

നാം മനസ്സിലാക്കിയിരുന്നപോലെ, ഒരു ചെറിയ വിത്തില്‍ നിന്ന് മുളപൊട്ടി വളര്‍ന്നു വലുതായി ഒറ്റപ്പെട്ടു നില്‍ക്കുന്നവയല്ല ഈ വൃക്ഷങ്ങള്‍. മറിച്ച് പരസ്പരം ആശ്രയിച്ചും സഹായിച്ചും സമൂഹമായി ജീവിക്കുന്നവയാണ് ഈ വൃക്ഷലതാദികള്‍. ഇവയുടെ നിലനില്പിന് അവയ്ക്ക് ചുറ്റുമുള്ള സമീപവാസികളുടെ ആവശ്യമുണ്ട് എന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകള്‍. എത്രയെത്ര സങ്കീര്‍ണ്ണ പ്രക്രിയകളിലൂടെയാണ് ഇവ ഇത്തരം കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോള്‍ എല്ലാം അറിയാമെന്നും, നമുക്ക് കീഴെയാണ് ബാക്കിയെല്ലാം എന്നും കൊട്ടിഘോഷിക്കുന്ന അല്പത്തരത്തിന്റെ വ്യാപ്തിയോര്‍ത്ത് നാം ലജ്ജിക്കേണ്ടി വരും. 

ഭക്ഷണകൈമാറ്റം വൃക്ഷങ്ങളിലും

ഒരു ഉദാഹരണമായി മരങ്ങളിലും മണ്ണിലും കാണുന്ന കൂണ്‍ ( Fungus ) വര്‍ഗ്ഗങ്ങളെ പരിഗണിക്കാം. പ്രത്യേകിച്ച് പരീക്ഷണ വിധേയമാക്കിയ മൈക്കോറൈസല്‍ ( Mycorrhizal ) എന്ന കൂണ്‍ വര്‍ഗ്ഗത്തിന്റെ ജീവിതരീതി. ഇവയുടെ ഭക്ഷണശേഖരണമാണ് നമ്മെ ആശ്ചര്യപ്പെടുത്തുന്നത്.

സാധാരണ സസ്യങ്ങളെ അപേക്ഷിച്ച് കൂണ്‍ വര്‍ഗ്ഗങ്ങള്‍ക്ക് ക്ലോറോഫില്‍ ( Chlorophyll ) എന്ന പച്ചപ്പ് ഇല്ലാത്തതുകൊണ്ട് സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ സ്വയം ഭക്ഷണം നിര്‍മ്മിക്കാന്‍ കഴിയുകയില്ല. ഇവിടെയാണ് വൃക്ഷലതാദികളും കൂണുകളും ഒക്കെ അടങ്ങുന്ന, ഭൂമിയെയും സൂര്യനെയും ആധാരമാക്കിയുള്ള ഒരു സാമൂഹിക ജീവിതം, അന്യോന്യം എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്ന് നാം കാണുന്നത്.

മൈക്കോറൈസല്‍ എന്ന കൂണ്‍ വര്‍ഗ്ഗം വൃക്ഷങ്ങളുടെ വേരുകളില്‍ കുടിയേറിപ്പാര്‍ത്ത് കോളനികള്‍ സ്ഥാപിക്കുന്നു. വളരെ നേര്‍ത്ത് തലനാരുകള്‍ പോലുള്ള ഇവയുടെ വേരുകള്‍ ഭൂമിയിലേക്ക് പടര്‍ന്നിറങ്ങുന്നു. ഇവയുടെ വേരുകള്‍ ആതിഥേയ വൃക്ഷത്തിന്റെ വേരുകളെക്കാള്‍ വളരെ നേര്‍ത്തതായതുകൊണ്ട്, ആതിഥേയ സസ്യങ്ങളുടെ വേരുകള്‍ക്ക് 'കാണാന്‍' കഴിയാതെ മണ്ണിനടിയില്‍ ഒളിഞ്ഞു കിടക്കുന്ന ജലത്തേയും മറ്റു പോഷകങ്ങളെയും കണ്ടെത്തി ആഗിരണം ചെയ്യുവാന്‍ ഇവയ്ക്ക് എളുപ്പത്തില്‍ കഴിയുന്നു. കൂടാതെ ഇവ ശക്തികൂടിയ എന്‍സൈമുകളെ ( Enzyme ) മണ്ണിലേക്ക് വിട്ട് സാധാരണ ഗതിയില്‍ പിടിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ള ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളെ അതില്‍ ലയിപ്പിച്ച് പിടിച്ചെടുക്കുന്നു. 

Mycorrhizal
സസ്യവേരില്‍ പാര്‍പ്പുറപ്പിച്ച മൈക്കോറൈസലിന്റെ വേരുകള്‍ നേര്‍ത്ത നാരുകള്‍ പോലെ മണ്ണിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുന്നു

 

എന്നാല്‍ ക്ലോറോഫില്‍ ഇല്ലാത്തതുകൊണ്ട് ഇവയൊന്നും ഉപയോഗിക്കാനോ സ്വയം ഭക്ഷണം പാകംചെയ്യാനോ ഈ കൂണുകള്‍ക്ക് കഴിയുകയില്ല. സാമൂഹികജീവിതം വഴി അന്യോന്യം ഈ ന്യൂനത എങ്ങിനെ പരിഹരിക്കപ്പെടുന്നു എന്ന് ഇവിടെയാണ് നാം കാണുന്നത്. ആഗിരണംചെയ്ത ജലവും മറ്റു പോഷകങ്ങളും ഈ കൂണുകള്‍ ആതിഥേയ വൃക്ഷങ്ങളുടെ വേരുകള്‍ക്ക് 'കൈമാറുന്നു'. ഈ വൃക്ഷങ്ങള്‍ ഇവ അവയുടെ ഇലകളിലെത്തിച്ച് സൂര്യപ്രകാശമുപയോഗിച്ച് പാചകം ചെയ്ത് സ്വന്തം വേരുകളിലേക്ക് തിരിച്ചെത്തിക്കുന്നു. ഇങ്ങനെ വൃക്ഷങ്ങളുടെ വേരുകളിലേക്കെത്തിക്കുന്ന ഭക്ഷണം കൂണുകള്‍ക്ക് 'കൈമാറുന്നു'! 

ഇത്തരത്തില്‍ അന്യോന്യം ആശ്രയിച്ച് ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളിലൂടെ ഒരു കുടുംബമായി വളര്‍ന്നു വലുതാകാനും പ്രതികൂല സാഹചര്യങ്ങളില്‍ ജീവന്‍ നിലനിര്‍ത്താനും കഴിയുന്നു.

ഈ വിധത്തിലുള്ള ഭക്ഷണ കൈമാറ്റങ്ങള്‍ ഒരു വൃക്ഷത്തിന് മാത്രമല്ല, ഒരു പ്രദേശത്തെ മുഴുവന്‍ വൃക്ഷലതാദികളെയും അന്യോന്യം ബന്ധിപ്പിച്ച് ഭൂമിക്കടിയില്‍ നിറഞ്ഞുനില്‍ക്കുന്നു എന്നാണ് പുതിയ കണ്ടെത്തല്‍. ഇങ്ങനെ വൃക്ഷങ്ങളും കൂണുകളും തമ്മില്‍ മാത്രമല്ല, വൃക്ഷങ്ങള്‍ പരസ്പരവും ഈ കൈമാറ്റങ്ങള്‍ വളരെ അര്‍ത്ഥവത്തായി ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന്, ഇലപൊഴിയല്‍ കാരണം ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ഡഗ്ലസ്-ഫര്‍ ( Douglas-fir ) എന്ന മരത്തിന് സമീപത്തുള്ള ബിര്‍ച്ച് മരം ( Birch tree ) തന്റെ പക്കലുള്ള ആഹാരം എത്തിക്കുന്നതായി പരീക്ഷണങ്ങള്‍ തെളിയിച്ചിരിക്കുന്നു. വടക്കേ അമേരിക്കയിലാണ് ഇവ ധാരാളമുള്ളത്. 

അതുപോലെ 'അമ്മ' മരങ്ങള്‍ തന്റെ ചുറ്റുമുള്ള സ്വന്തം കുഞ്ഞുമരങ്ങള്‍ക്ക് മറ്റു മരങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ആഹാരം എത്തിക്കുന്നുണ്ട് എന്നും കണ്ടെത്തിയിട്ടുണ്ട്. എന്നുവെച്ചാല്‍, സ്വന്തം കുടംബത്തിലെ അംഗങ്ങളെ മറ്റു സസ്യങ്ങളില്‍നിന്ന് തിരിച്ചറിയാനും അവയെ നിലനിര്‍ത്താനും വേണ്ട ബുദ്ധിയും അറിവും ഈ വൃക്ഷങ്ങള്‍ക്കുണ്ട് എന്ന് നാം മനസ്സിലാക്കണം. സ്വന്തം കുടുംബത്തിലുള്ളവര്‍ക്ക് മാത്രമല്ല, ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ മറ്റു സസ്യങ്ങള്‍ക്കും ആഹാരം നല്‍കി ഒരു സസ്യസമൂഹത്തെ തന്നെ നിലനിര്‍ത്താന്‍ അവ ശ്രമിക്കുന്നുണ്ട്. നമ്മുടെയെല്ലാം അമ്മമാരെ നമുക്കിവിടെ കാണാന്‍ കഴിയുന്നില്ലേ?

വര്‍ഗ്ഗസുരക്ഷാ ക്രമീകരണം 

പുതിയ പരീക്ഷണങ്ങള്‍ തരുന്ന അറിവുകള്‍ സസ്യങ്ങളെപ്പറ്റി കൂടുതല്‍ ആഴത്തില്‍ ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. അവ ശത്രുക്കളുടെ ആക്രമണത്തെ സ്വയം രക്ഷയ്ക്കുവേണ്ടി കൂട്ടത്തോടെ നേരിടാന്‍ എങ്ങനെയൊക്കെ തയ്യാറെടുക്കുന്നു എന്നകാര്യം നമ്മെ അതിശയിപ്പിക്കും. ഒരു വൃക്ഷത്തിന് എന്തെങ്കിലും കേടുപാടു സംഭവിക്കുമ്പോള്‍ ആ വൃക്ഷം ഭൂമിക്കടിയിലെ ശൃംഖലകള്‍ ഉപയോഗിച്ച് അടുത്തു നില്‍ക്കുന്ന വൃക്ഷങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുകള്‍ കൊടുക്കുന്നു. കേടുപാടുകള്‍ക്ക് കാരണങ്ങള്‍ ഇലകളോ ചില്ലകളോ നീക്കപ്പെടുകയോ പ്രാണികളുടെയോ പകര്‍ച്ചരോഗാണുക്കളുടെയോ ആക്രമണമോ ഒക്കെ ആകാം. ഇത്തരം മുന്നറിയിപ്പുകള്‍ ലഭിക്കുമ്പോള്‍ സമീപത്തുള്ള വൃക്ഷങ്ങള്‍ പ്രതിരോധ എന്‍സൈമുകള്‍ ഉത്പാദിപ്പിച്ചോ പ്രതിരോധജീനുകള്‍ വര്‍ധിപ്പിച്ചോ സ്വയം രക്ഷനേടാന്‍ തയ്യാറെടുക്കുന്നു.

ഒരു പരീക്ഷണത്തില്‍, ഡഗ്ലസ്-ഫര്‍ മരത്തിന് പെട്ടെന്നേറ്റ അഗാധമായ മുറിവ് അതിനു ചുറ്റും സ്ഥിതി ചെയ്യുന്ന മറ്റു വൃക്ഷങ്ങള്‍ അവയുടെ പ്രതിരോധ എന്‍സൈമുകള്‍ കൂടുതല്‍ ഉത്പാദിപ്പിക്കുവാന്‍ കാരണമായതായി കണ്ടു. മാത്രവുമല്ല മുറിവേറ്റ മരം സ്വയം ഉത്പാദിപ്പിച്ച ഭക്ഷണം 'അയല്‍പക്കത്തു' സ്ഥിതിചെയ്യുന്ന മറ്റ് ആരോഗ്യമുള്ള വൃക്ഷങ്ങളിലേക്ക് അതിവേഗം പകരുകയും ചെയ്തു. കൂടാതെ 'മരിക്കാന്‍' തുടങ്ങിയ വൃക്ഷങ്ങള്‍ തങ്ങളുടെ കയ്യിലുള്ള ഭക്ഷണം മറ്റു വൃക്ഷങ്ങള്‍ക്ക് കൈമാറിയതായും കണ്ടെത്തിയിരിക്കുന്നു.

മുകളില്‍ വിവരിച്ച ഈ പ്രക്രിയകള്‍ മനുഷ്യസമൂഹത്തില്‍ നാം എന്നും കാണുന്നതും അനുഭവിക്കുന്നതുമായ സംഭവങ്ങളല്ലേ? മനുഷ്യരും നമുക്ക് ചുറ്റും തല ഉയര്‍ത്തി നില്‍ക്കുന്ന ഈ വൃക്ഷലതാദികളും തമ്മില്‍ എന്തു വ്യത്യാസം? ഇന്ത്യയിലെ ആദ്യആധുനിക ശാസ്ത്രജ്ഞന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജഗദീഷ് ചന്ദ്ര ബോസ് സസ്യപ്രതികരണങ്ങളെയും സസ്യങ്ങളുടെ സ്വഭാവവൈചിത്രങ്ങളെയും കുറിച്ച് ഒരു നൂറ്റാണ്ട് മുമ്പ് നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളെ പുതിയ ഗവേഷണങ്ങള്‍ അനുസ്മരിപ്പിക്കുന്നു. ബോസിന്റെ കാലത്ത് ആ ഗവേഷണങ്ങളെ വേണ്ടത്ര ഉള്‍ക്കൊള്ളാന്‍ ശാസ്ത്രസമൂഹത്തിന് സാധിച്ചിരുന്നില്ല എങ്കിലും ഇന്നത് കൂടുതല്‍ പ്രസക്തമാവുകയാണ്. 

നാം ശ്വസിക്കുന്ന പ്രാണവായുവിലെ ഓരോ ഓക്സിജന്‍ തന്മാത്രയും നമുക്ക് ലഭിക്കുന്നത് ചുറ്റുമുള്ള ഈ സസ്യസമൂഹം അവ ഉത്പാദിപ്പിക്കുന്നതു കൊണ്ടാണ്. അതുപോലെ നാം കഴിക്കുന്ന എല്ലാ ഭക്ഷണത്തിന്റെയും ഉറവിടം-അത് ധാന്യങ്ങളായാലും, പച്ചക്കറികളായാലും, പഴങ്ങളായാലും പക്ഷികളായാലും മൃഗങ്ങളായാലും-സസ്യ സമൂഹമാണ്. ഈ സമൂഹം ഇവിടെ വളര്‍ന്നതുകൊണ്ടാണ് നമുക്ക് ഭൂമിയില്‍ പിറക്കാനും വളരാനും കഴിയുന്നത്. നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്നതും സസ്യ സമൂഹം തന്നെയാണെന്ന് ഓര്‍ക്കുക. മരങ്ങള്‍ മുറിക്കുമ്പോള്‍ മാത്രമല്ല, മണ്ണ് നശിപ്പിക്കുമ്പോഴും നാം ഈ സമൂഹത്തെ നശിപ്പിക്കുകയാണ്. വൃക്ഷലതാദികള്‍ നിറഞ്ഞുനില്‍ക്കുന്ന പ്രദേശത്തെ ഒരു മരുഭൂമിയാക്കാന്‍ അധികം സമയമൊന്നും വേണ്ട. മരുഭൂമിയെ വൃക്ഷലതാദികള്‍ നിറഞ്ഞ സമൂഹമായി മാറ്റുവാന്‍ പിന്നീട് കഴിഞ്ഞെന്നുവരില്ല. 

(സിങ്കപ്പൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ സോളാര്‍ എനര്‍ജി റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് വിരമിച്ച സീനിയര്‍ ഫെലോ ആണ് മേഴത്തൂര്‍ സ്വദേശിയായ ലേഖകന്‍).