പുതിയൊരിനം മരഞണ്ടിനെ തെക്കന്‍ പശ്ചിമഘട്ടത്തില്‍ കണ്ടെത്തി. നീളം കൂടിയ കാലുകളും മറ്റ് സവിശേഷകളുമുള്ള ഞണ്ടിനത്തിന് 'കാണി മരഞണ്ട്' ( Kani maranjandu ) എന്നാണ് പേര്. തെക്കന്‍ കേരളത്തിലെ ആദിവാസി ഗോത്രവിഭാഗമായ കാണിക്കാരുടെ സഹായത്തോടെ കണ്ടെത്തിയതിനാലാണ് ഞണ്ടിന് ഗവേഷകര്‍ ഇങ്ങനെ പേര് നല്‍കിയത്. 

കട്ടികൂടിയ തോടും നീളംകൂടിയ കാലുകളും ഈ ഞണ്ടിന്റെ സവിശേഷതകളാണ്. ഈ ഞണ്ടുകളുടെ ശരീരഘടനയും പ്രത്യുല്‍പാദന അവയവങ്ങളുടെ ഘടനയും മറ്റുള്ള ഞണ്ടിനങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന്, 'ജേര്‍ണല്‍ ഓഫ് ക്രസ്റ്റേഷ്യന്‍ ബയോളജി'യുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. 

കേരളത്തില്‍ പശ്ചിമഘട്ട മേഖലകളിലെ ശുദ്ധജല ഞണ്ടുകളെക്കുറിച്ച് 2014ല്‍ കണക്കെടുപ്പ് ആരംഭിച്ചിരുന്നു. ആ പഠനത്തിന്റെ ഭാഗമായാണ് പുതിയയിനം മരഞണ്ടിനെ ഗവേഷകര്‍ തിരിച്ചറിഞ്ഞത്. 

Kani Maranjandu
കാണിക്കാരുടെ സഹായത്തോടെയാണ് മരപ്പൊത്തുകളില്‍ കഴിയുന്ന ഞണ്ടിനെ കണ്ടെത്തിയത്.

 

തെക്കന്‍ കേരളത്തിലെ കാണിക്കാരാണ് നീളം കൂടിയ കാലുകളുള്ള, മരത്തിലുള്ള ഞണ്ടുകളെക്കുറിച്ച് ഗവേഷകര്‍ക്ക് വിവരം നല്‍കിയത്. ഒരു വര്‍ഷത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ ഈ ഇനത്തില്‍പ്പെട്ട ഒരു പെണ്‍ഞണ്ടിനെ കണ്ടെത്തി്. പിന്നീട് ഒരു ആണ്‍ ഞണ്ടിനെയും കണ്ടെത്താനായി. 

വലിപ്പമേറിയ മരങ്ങളിലുള്ള വെള്ളം കെട്ടിനില്‍ക്കുന്ന പൊത്തുകളിലാണ് ഇത്തരം ഞണ്ടുകള്‍ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ പശ്ചിമഘട്ടത്തിലെ പഴക്കമേറിയ മരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ഗവേഷകരിലൊരാളായ കേരള യൂണിവേഴ്സിറ്റിയിലെ ഡോ. ബിജുകുമാര്‍ ചൂണ്ടിക്കാട്ടുന്നു. തിരിച്ചറിയപ്പെടാത്ത ഒട്ടേറെ ജീവിവിഭാഗങ്ങള്‍ ഇനിയും പശ്ചിമഘട്ട മേഖലയിലുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. 

(കടപ്പാട്: The Journal of Crustacean Biology )