ടുവസ്‌നേഹികള്‍ക്കൊരു സന്തോഷവാര്‍ത്ത. കര്‍ണാടകയിലെ നാഗര്‍ഹോള കടുവസങ്കേതത്തില്‍ കടുവകളുടെ എണ്ണംകൂടുന്നു. 2016-17ല്‍ ഇവിടെ 91 കടുവകളെ കണ്ടെത്തിയതായി നാഗര്‍ഹോള ടൈഗര്‍ പ്രോജക്ട് ഡയറക്ടര്‍ മണികണ്ഠന്‍ പറഞ്ഞു.

തൊട്ടു മുന്‍വര്‍ഷം 83 കടുവകളെ മാത്രമേ ഇവിടെ കണ്ടിരുന്നുള്ളൂ. ഭക്ഷണലഭ്യത, അനുയോജ്യമായ ഭൂപ്രകൃതി, സംരക്ഷണം തുടങ്ങിയവയാണ് കടുവകളുടെ എണ്ണംകൂടാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ക്യാമറകളുടെ സഹായത്തോടുകൂടിയാണ് കടുവകളുടെ എണ്ണമെടുത്തത്.

നൂറിലധികം ക്യാമറകളാണ് ഇതിനായി വനത്തില്‍ സ്ഥാപിച്ചിരുന്നത്. ഇതിലൂടെ കടുവകളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്താനും അവയുടെ സ്വഭാവത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനും കഴിഞ്ഞതായി മണികണ്ഠന്‍ പറഞ്ഞു.

കടുവകള്‍ സ്ഥിരമായി സഞ്ചരിക്കുന്ന പാതകളിലും ജലാശയങ്ങള്‍ക്കും സമീപമായാണ് ക്യാമറകള്‍ സ്ഥാപിച്ചത്. കടുവകള്‍ക്കുപുറമേ മാനുകള്‍, കാട്ടുപോത്ത് തുടങ്ങിയവയെയും ധാരാളമായി കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു.