ജൂറാസിക് യുഗത്തില്‍ മാംസഭോജികളായ ദിനോസറുകളില്‍നിന്ന് രക്ഷപ്പെടാന്‍ സസ്തനികള്‍ക്ക് ഓടിരക്ഷപ്പെടുകമാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. എന്നാല്‍, ചില സസ്തനികള്‍ പറന്നും രക്ഷപ്പെട്ടിരിക്കാം. ചൈനയില്‍നിന്ന് കണ്ടെത്തിയ രണ്ട് പ്രാചീന സസ്തനികളുടെ ഫോസിലാണ് ഈ സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നത്. പതിനാറുകോടി വര്‍ഷംമുമ്പ് ജീവിച്ചിരുന്ന ചിറകിന് സമാനമായ അവയവമുള്ള സസ്തനികളുടെ ഫോസിലാണ് ചൈനയിലെ ലിയോനിങ്, ഹെബെയ് പ്രവിശ്യകളില്‍നിന്ന് ലഭിച്ചത്.

മയോപാറ്റേഗിയം ഫുക്രിലിഫെറം, വിലിവൊളോഡന്‍ ഡിപ്ലോമിലോസ് എന്നിങ്ങനെയാണ് ഇവയ്ക്ക് നല്‍കിയ ശാസ്ത്രീയനാമം. അറിയപ്പെടുന്നതില്‍ ഏറ്റവും പ്രാചീനമായ ചിറകുള്ള സസ്തനികളാണ് ഇവയെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഷിക്കാഗോ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഷി സി ലൂ ചൂണ്ടിക്കാട്ടി.

ഇന്നുകാണുന്ന പറക്കും അണ്ണാന്റെയും മറ്റും പൂര്‍വികരാണ് മരങ്ങളില്‍ ജീവിച്ചിരുന്ന ഇവര്‍. നീണ്ട കൈകാലുകള്‍ക്കിടയിലെ ചിറകുകള്‍പോലുള്ള ചര്‍മമാണ് ഇവയെ പറക്കാന്‍ സഹായിച്ചിരുന്നത്. ജേണല്‍ നേച്ചറിലാണ് പഠനം പ്രസിദ്ധീകരിച്ചത്.