മേരിക്കന്‍ കടുവകളെ (Jaguar) വന്‍തോതില്‍ വിഷം വെച്ച് കൊല്ലുന്നു. ദക്ഷിണ അമേരിക്കയിലും അമസോണ്‍ കാടുകളിലുമാണ് ഈ കടുവകള്‍ കൂടുതലുള്ളത്. വടക്കെ അമേരിക്കയുടെ ചില ഭാഗങ്ങളിലുമുണ്ട്.

വിഷം കൊടുക്കുന്നത് ബൊളീവിയയിലെ കര്‍ഷകരും കാലി വളര്‍ത്തലുകാരുമാണ്. കാലികളെ കടുവകള്‍ ആക്രമിച്ചു കൊല്ലുന്നതായി കര്‍ഷകര്‍ കണ്ടെത്തിയതോടെയാണ് വിഷം വെച്ച് അവയെ കൊല്ലാന്‍ ശ്രമങ്ങള്‍ ആരംഭിച്ചത്. ഇറച്ചിയില്‍ വിഷം പുരട്ടി അവ കാട്ടില്‍ പലയിടങ്ങളിലും നിക്ഷേപിക്കുന്നു.

വന്യജീവി സംരക്ഷണ നിയമങ്ങള്‍ പ്രാബല്യത്തിലുണ്ടെങ്കിലും ബൊളീവിയയിലെ കര്‍ഷകര്‍ പണ്ട് മുതല്‍ക്കെ കടുവകളെ വെടിവെച്ച് കൊലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പച്ച മരുന്നില്‍ വിഷം വെച്ച് കൊല്ലുന്ന രീതിയും ബൊളീവിയയില്‍ പ്രചാരത്തിലുണ്ട്. 

എത്ര സംരക്ഷണം നല്‍കിയാലും കാലികളെ കടുവ തട്ടിയെടുക്കുക പതിവാണ്. ഇതേതുടര്‍ന്നാണ് കര്‍ഷകരും കൂടുതല്‍ തയ്യാറെടുപ്പ് നടത്തിയത്.

നിയമം ഉണ്ടായിട്ടെന്തു കാര്യം? കടുവകളെ കൊല്ലുന്നവരെ പിടികൂടാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലെന്ന് പരിസ്ഥിതി സംരക്ഷണ സംഘടനാ നേതാക്കള്‍ ആരോപിക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 80 കടുവകളെയെങ്കിലും വിഷം വെച്ച് കൊലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ബൊളീവിയയിലും മറ്റ് ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളിലും ചൈനീസ് മാഫിയ പിടിമുറുക്കുന്നതായി അധികൃതര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. കടുവയുടെ കൂര്‍ത്ത, തിളങ്ങുന്ന പല്ലുകള്‍ക്ക് ചൈനയില്‍ വന്‍ വിപണിയുണ്ട്. ഈയിടെയായി ബൊളീവിയന്‍ പോലീസ് എണ്ണൂറോളം കടുവാ പല്ലുകള്‍ പിടികൂടിയിട്ടുണ്ട്. ഒരു ചൈനാക്കാരനെ അറസ്റ്റ് ചെയ്തു. എന്നാല്‍ അധോലോക നായകരെ ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

ബൊളീവിയയിലുള്ള ചൈനക്കാര്‍ ആരൊക്കെ? അധികൃതരെ അലട്ടുന്ന പ്രശ്‌നം അതാണ്. ലാറ്റിനമേരിക്കയില്‍ നിരവധി രാജ്യങ്ങളുമായി ചൈനക്ക് വ്യാപാര ബന്ധങ്ങള്‍ ഉണ്ട്. അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചൈനക്കാര്‍ക്ക് ബൊളീവിയയില്‍ വേരുകളുണ്ടെന്നാണ് കരുതുന്നത്.