കാടക്കൊക്കുകളുടെ വിഭാഗത്തിൽപ്പെടുന്ന ഒരു അപൂർവ ദേശാടകനാണ്‌ പുള്ളിചോരക്കാലി. ഫിൻലാൻഡ്‚, സ്വീഡൻ, റഷ്യയിൽ സൈബീരിയൻ കടലോരങ്ങൾ തുടങ്ങിയയിടങ്ങളിലാണ്‌ ഇവ പ്രജനനക്കാലം ചെലവഴിക്കാറ്്‌.  മറ്റ്‌ ജില്ലകളെ അപേക്ഷിച്ച്‌  ഈ അപൂർവദേശാടകനെ വളരെ കുറഞ്ഞതവണയേ കോഴിക്കോടും പരിസരത്തും  കണ്ടിട്ടുള്ളു. ഇതുവരെ പത്തിൽതാഴെ തവണയേ ഇവിടെ കണ്ടെത്തിയതായി റിപ്പോർട്ടുകളുമുള്ളൂ. ഓഗസ്ത്‌ മുതൽ മേയ്‌  വരെയുള്ള മാസങ്ങളിലാണ്‌ ഇതിൽ മിക്കതും വരാറ്‌.
 
ഇവയുടെ കാലുകൾ വലുതും ചുവപ്പുനിറത്തോടുകൂടിയതുമാണ്‌. കൊക്ക്‌ നീളമേറിയതും തലയോട്‌ ചേരുന്ന ഭാഗത്തിന്‌ ചുവപ്പുനിറമുള്ളതുമാണ്‌. കാഴ്ചയിൽ ഒരുപോലെ തോന്നിക്കുന്ന ചോരക്കാലി(Common Redshank) എന്ന പക്ഷിയും നമ്മുടെ ദേശാടകനായുണ്ട്‌. പുള്ളിചോരക്കാലിയെ അപേക്ഷിച്ച്‌ കൂടുതൽ കാണാറുള്ളതും ഇവയെയാണ്‌.  ഇവയുടെ കൊക്കിനുമുണ്ട്‌ ഇതുപോലെ ചുവപ്പുനിറം. എന്നിരുന്നാലും ചോരക്കാലിയേക്കാൾ വലുതും നീളമേറിയതുമാണ്‌ പുള്ളിചോരക്കാലിയുടെ കൊക്കും കാലുകളും. 
 
പറക്കുമ്പോൾ ചോരക്കാലിയുടെ ചിറകിന്റെ പിറകിൽ അരികിലായി  വെള്ളനിറം കാണാം. എന്നാൽ പുള്ളിചോരക്കാലിയുടെ ചിറകിൽ  ഈ വെള്ളനിറം കാണില്ല. ഇതുതന്നെയാണ്‌ ചോരക്കാലിയിൽനിന്ന് പുള്ളിചോരക്കാലിയെ തിരിച്ചറിയാനുള്ള എളുപ്പമാർഗം. പ്രജനനേതര കാലത്തെ പക്ഷികളുടെ മുകൾഭാഗത്തിന്‌ വിളറിയ ചാരനിറമാണ്‌. അടിഭാഗം വെള്ളനിറത്തിലും കാണാം. ചോരക്കാലിയെ അപേക്ഷിച്ച്‌ വ്യക്തമായ കൺപുരികവും ഇവയ്ക്കുണ്ടാവാറുണ്ട്‌. പറക്കുമ്പോൾ പുറം ഭാഗത്തും അരപ്പട്ടയിലും വെള്ളനിറം കാണാം. 
 
പ്രജനനകാലത്തെ പക്ഷികളുടെ അടിഭാഗം കറുപ്പുനിറത്തിൽ വരകളും പുള്ളികളും നിറഞ്ഞതാണ്‌. ഇവയുടെ കാലുകൾക്ക്‌ കറുപ്പുനിറം കാണാറുണ്ട്‌. ശുദ്ധജലത്തടാകങ്ങളിലും ചതുപ്പുകളിലും വേലിേയറ്റം മൂലമുണ്ടാകുന്ന മൺതിട്ടകളിലുമാണ്‌ ഇവയെ കണ്ടെത്താറ്‌്‌. നമ്മുടെ നാട്ടിൽ കടലുണ്ടിക്ക്‌ സമീപമുള്ള ചതുപ്പുകളിൽനിന്ന്‌ പകർത്തിയ പുള്ളിചോരക്കാലിയാണ്‌ ചിത്രത്തിൽ.  
ഈ പക്ഷിയുടെ കൂടുതൽ.