തിരുവനന്തപുരം: മലപ്പുറത്ത് യുഡിഎഫിന്റെ വിജയം ഭരണത്തിന്റെ വിലയിരുത്തലാണോയെന്ന് ഓരോരുത്തരും ചിന്തിക്കട്ടെയെന്ന് ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. കുഞ്ഞാലിക്കുട്ടിക്ക് ഇ. അഹമ്മദിനേക്കാള്‍ എട്ട് ശതമാനം കുറവ് വോട്ടാണ് ലഭിച്ചത്. എല്‍ഡിഎഫിന് എട്ട് ശതമാനം വോട്ട് വര്‍ധിപ്പിക്കാനായെന്നും വിഎസ് പറഞ്ഞു. 

മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തല്‍ ആയിരിക്കുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ പറഞ്ഞിരുന്നത്. ഇതേ രീതിയിലായിരുന്നു ആദ്യം വിഎസ് തിരഞ്ഞെടുപ്പിനെ കുറിച്ച് പറഞ്ഞിരുന്നത്. എന്നാല്‍ തിരിഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി 1.71 ലക്ഷം ഭൂരിപക്ഷത്തില്‍ ജയിച്ചെങ്കിലും ഇത് ഭണത്തിന്റെ വിലയിരുത്തലാണോ അല്ലെയോ എന്ന് ഉറപ്പിച്ച് പറയാന്‍ വിഎസ് തയ്യാറായില്ല.

അതേസമയം, എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയെന്നും ഫലം സര്‍ക്കാരിന്റെ വിലയിരുത്തല്‍ അല്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.