തിരുവനന്തപുരം: മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തല്‍ അല്ലെന്ന് പിണറായി വിജയന്‍. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയതായും പിണറായി പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പ് ഫലം ഇടത് സര്‍ക്കാരിന് മുഖമടച്ചുള്ള അടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പിണറായിയുടെ പ്രതികരണം: തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വോട്ട് ശതമാനത്തില്‍ വര്‍ധനയാണുണ്ടായത്. യുഡിഎഫിന്റെ വോട്ട് ശതമാനത്തില്‍ കുറവുണ്ടായി. ബിജെപിയും പുറകോട്ടുപോയി. കടുത്ത മത്സരം കാഴ്ചവെച്ചതിനാല്‍ യുഡിഎഫിന് ഉദ്ദേശിച്ച നേട്ടം ഉണ്ടാക്കാനായില്ല.

തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലല്ല. എസ്ഡിപിഐയും വെല്‍ഫയര്‍ പാര്‍ട്ടിയും കൂടെ ചേര്‍ന്നിട്ടും യുഡിഎഫിന് വലിയ നേട്ടം ഉണ്ടാക്കാനായിട്ടില്ല.

ചെന്നിത്തലയുടെ പ്രതികരണം: തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ മുഖമടച്ചുള്ള അടിയാണ്. തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് പറഞ്ഞത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെയാണ്. അങ്ങനെയെങ്കില്‍ ഇടതു മുന്നണിയ്ക്ക് ഒരു നിമിഷം പോലും അധികാരം തുടരാനാവില്ല.