ലപ്പുറം തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പോരാട്ട ചൂടിന് ആവേശം വിതറുകയാണ് പ്രവാസികള്‍. തിരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചത് മുതല്‍ എത്തി തുടങ്ങിയ പ്രവാസി വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 12ന് വരെയെത്തുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. എന്നാല്‍ മുന്‍കാലങ്ങളിലെ പോലെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളൊന്നും ഇത്തവണ ഏര്‍പ്പാടാക്കിയിട്ടില്ല.   ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വരുന്നതും മറ്റും സ്ഥാനാര്‍ത്ഥികളുടെ  തിരഞ്ഞെടുപ്പ് ചിലവില്‍ ഉള്‍പ്പെടുത്തുമെന്നതാണ് പാര്‍ട്ടികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് എന്നാണ് നേതാക്കള്‍ പറയുന്നത്.

അതേ സമയം ഇന്ത്യക്കകത്തുള്ള പ്രവാസികള്‍ കൂട്ടത്തോടെ എത്തുന്നതിനുള്ള ഏര്‍പ്പാടുകള്‍ പാര്‍ട്ടികള്‍ നടത്തിയിട്ടുണ്ട്. ചെന്നൈയില്‍ നിന്ന് തിരഞ്ഞെടുപ്പ് ദിവസം മൂന്ന് ബസുകളിലാണ് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ വോട്ടര്‍മാര്‍ എത്തുകയെന്ന് പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫ മൂന്നിയൂര്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തും. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് വരുന്നവരുടെ എണ്ണം കൃത്യമായി പറയാനാവില്ലെങ്കിലും മുന്‍വര്‍ഷത്തെ അത്ര ഒഴുക്കുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം അനുകൂല സംഘടനയായ കേരള പ്രവാസി സംഘത്തിന്റെ നേതൃത്തിലും പരമാവധി ആളുകളെ മണ്ഡലത്തിലെത്തിക്കാനുള്ള ശ്രമവും നടന്ന് വരികയാണ്. വീടുകള്‍ കയറിയുള്ള വോട്ട് പിടുത്തത്തിനും മറ്റു പ്രചാരണ പരിപാടികള്‍ക്കും മുന്നില്‍ നില്‍ക്കുന്നത് പ്രവാസികളാണ് എന്നതാണ് മലപ്പുറത്തെ പ്രധാന സവിശേഷത. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കെ.എം.സി.സിയുടെയും മറ്റും സംഘടനകളുടെയും കുടുംബ സംഗമങ്ങളും മണ്ഡലത്തില്‍ നടന്നുവരുന്നുമുണ്ട്.

തിരഞ്ഞെടുപ്പിനൊപ്പം വിഷുകൂടി ഒരുമിച്ച് ആഘോഷിക്കാം എന്ന് കരുതി എത്തുന്നവരും കുറവല്ല.  മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നിയസഭാ മണ്ഡലമായ വേങ്ങര, മങ്കട, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലാണ് മലപ്പുറത്തെ പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ളത്. 

നാട്ടിലെത്താന്‍ സാധിക്കാത്ത പ്രവാസികള്‍ സമൂഹമാധ്യമങ്ങള്‍ വഴി വന്‍ പ്രചാരണമാണ് നടത്തുന്നത്. ബന്ധുക്കള്‍ക്ക് മറ്റും ഇവര്‍ ഫോണ്‍ വഴി നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഫേസ്ബുക്കിലും വാട്സ് ആപ്പിലും നടക്കുന്ന പ്രവാസി ചര്‍ച്ചകളില്‍ കരിപ്പൂര്‍ വിമാനത്താവളമാണ് പ്രധാനമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം. പ്രവാസി പെന്‍ഷന്‍ വര്‍ധിപ്പിച്ചത് ഉയര്‍ത്തിക്കാട്ടിയാണ് ഇടതുപക്ഷ പ്രവര്‍ത്തകരുടെ പ്രചാരണം. ഇതോടൊപ്പം സ്ഥാനര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങളും പാരഡി ഗാനങ്ങളും ഏറ്റവും കൂടുതല്‍ പ്രചരിക്കപ്പെടുന്നത് പ്രവസി ഗ്രൂപ്പുകളിലാണ്. അവിടെ നിന്ന് പാടി ഇങ്ങോട്ടയക്കുന്നവരുമുണ്ട്.

അന്തരിച്ച ഇ.അഹമ്മദ് നേടിയ 1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം മറിക്കടക്കാനുള്ള തീവ്ര ശ്രമമാണ് മുസ്ലിം ലീഗ് നടത്തുന്നതെങ്കില്‍ മഞ്ചേരിയില്‍ ടി.കെ.ഹംസ നേടിയ അട്ടിമറി ജയം മലപ്പുറത്തും അന്യമല്ല എന്ന ആത്മ വിശ്വാസത്തിലാണ് സിപിഎം. ജിഷ്ണു പ്രണോയിയുടെ കുടുംബം അഞ്ചു ദിവസമായി തുടര്‍ന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചതും സിപിഎമ്മിന് ആശ്വാസം നല്‍കുന്നുണ്ട്. പ്രചാരണത്തില്‍ ഈ വിഷയം യുഡിഎഫ് നേതാക്കള്‍ ഉയര്‍ത്തിക്കാട്ടിയത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാരും ഇക്കാര്യത്തില്‍ ഒത്തു തീര്‍പ്പിന് തയ്യാറായത് എന്നു വേണം കരുതാന്‍.

ബിജെപി സംസ്ഥാന പ്രസിഡന്റടക്കമുള്ള സംസ്ഥാന നേതാക്കള്‍ മലപ്പുറത്ത് ക്യാമ്പ് ചെയ്ത് തന്നെ പ്രചാരണം നടത്തുന്നത് അണികള്‍ക്ക് ആവേശം നല്‍കുന്നണ്ട്. അതേ സമയം ബീഫ് അടക്കമുള്ള വിഷയങ്ങള്‍ ഇടത് വലത് മുന്നണികള്‍  സജീവ ചര്‍ച്ചയാക്കി നിലനിര്‍ത്തുന്നത് ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്.

ലീഗിന്റെ ഭൂരിപക്ഷം ഇ.അഹമ്മദിന് കിട്ടിയതിനേക്കാള്‍ കുറഞ്ഞാല്‍ അത് ഭരണ നേട്ടാമാകുമെന്നാണ് മന്ത്രി കെ.ടി.ജലീലടക്കമുള്ളവര്‍ പറയുന്നത്. എന്നാല്‍ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ലീഗിന് ആശങ്കയുമുണ്ട്. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തത് ഗുണകരമാകുമെങ്കിലും എ.പി.വിഭാഗം സുന്നികളുടെ വോട്ടുകള്‍ എം.ബി.ഫൈസലിന് വീഴുമെന്നാണ് ലീഗ് നേതൃത്വം കണക്ക് കൂട്ടുന്നത്. 

എ.പി.വിഭാഗം പതിവ് പോലെ നിലപാട് പരസ്യമാക്കിയിട്ടില്ലെങ്കിലും മണ്ണാര്‍ക്കാട് വിഷയത്തിലടക്കം ഉണ്ടായ പ്രശ്നങ്ങള്‍ ഇതുവരെ ഒത്തു തീര്‍പ്പായിട്ടില്ല. നിരവധി തവണ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ ഉണ്ടായെങ്കിലും കാന്തപുരത്തിന്റെ ലീഗിനോടുള്ള നീരസം മാറിയിട്ടില്ലെന്നാണ് അറിയാന്‍ സാധിച്ചത്. അണികള്‍ക്കും സമാന കാഴ്ചപ്പാടാണുള്ളത്. കഴിഞ്ഞ തവണ എ.പി.വിഭാഗത്തിന്റെ നല്ലൊരു ശതമാനം വോട്ടുകളും ഇ.അഹമ്മദിന് ലഭിച്ചിരുന്നു. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയോടുള്ള വിയോജിപ്പായിരുന്നു ഇതിന് കാരണം. ഇത്തവണ അത്തരത്തിലുള്ള ഒരു സാഹചര്യമില്ല. അബ്ദുന്നാസര്‍ മഅ്ദനിയുടെ പിഡിപിയും ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിട്ടുണ്ട്. 

കഴിഞ്ഞ തവണ ഇ.അഹമ്മദ് 194739 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോള്‍ 71 ശതമാനമായിരുന്നു പോളിങ്. എന്നാല്‍ ഇത്തവണ അതിനേക്കാള്‍ പോളിങ് ഉയര്‍ന്നാല്‍ മാത്രമെ കുഞ്ഞാലിക്കുട്ടി ഈ ഭൂരിക്ഷം നിലനിര്‍ത്തുകയോ മറികടക്കുകയോ ചെയ്യുവെന്നാണ് ലീഗ് നേതൃത്ത്വം കണക്ക് കൂട്ടുന്നത്. അത് കൊണ്ട് തന്നെ പരമാവധി വോട്ടര്‍മാരെ പെട്ടിയിലാക്കാനാണ് സംസ്ഥാന നേതൃത്വം പ്രാദേശിക ഘടകങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം.