മലപ്പുറം: മലപ്പുറത്ത് വോട്ടു ശതമാനം ഉയര്‍ത്തി ശക്തി തെളിയിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബിജെപിക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ല. ബിജെപി രാജ്യത്തെങ്ങുമുണ്ടാക്കുന്ന മുന്നേറ്റത്തിന്റെ കാറ്റ് മലപ്പുറത്തെയും തഴുകുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കിക്കൊണ്ടാണ് ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലുണ്ടാക്കിയ മുന്നേറ്റത്തില്‍നിന്ന് പിന്നോട്ടുപോയിരിക്കുന്നത്.

ഒരു ലക്ഷത്തിലധികം വോട്ട് നേടുമെന്ന പ്രഖ്യാപനത്തേടെയായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാനായതും ഉത്തര്‍പ്രദേശടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ നേട്ടമുണ്ടാക്കാനായതുമെല്ലാം അനുകൂല ഘടകങ്ങളാകുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ശക്തമായ പ്രചരണപരിപാടികളാണ് ബിജെപി മലപ്പുറത്ത് ബിജെപി കാഴ്ചവെച്ചത്. യുപിയിലും മണിപ്പൂരിലും ബിജെപി സൃഷ്ടിച്ച അത്ഭുതം മലപ്പുറത്തും ഉണ്ടാകുമെന്നാണ് സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശ് പറഞ്ഞത്.

2014ലില്‍ 7.58 ശതമാനം വോട്ട് നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. 64,705 വോട്ടുകളായിരുന്നു അന്ന് ബിജെപിക്ക് ലഭിച്ചത്. ഇത്തവണ 65675 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശിന് നേടാനായത്. ഒന്നര ലക്ഷത്തിലധികം പുതിയ വോട്ടര്‍മാരാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലുള്ളത്. ഇതിന് ആനുപാതികമായി ഇത്തവണ വോട്ട് ശതമാനം ഉയര്‍ത്താന്‍ ബിജെപിക്ക് സാധിച്ചില്ല. 

ദേശീയ രാഷ്ട്രീയത്തില്‍ ഗോവധ നിരോധനം പ്രധാന രാഷ്ട്രീയായുധമായ ബിജെപി, മലപ്പുറത്ത് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചാണ് ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാന്‍ ശ്രമിച്ചത്. ഗുണനിലവാരമുള്ള ബീഫ് നല്‍കുന്നതിന് ബീഫ് സ്റ്റാളുകള്‍ തുറക്കുമെന്ന ബിജെപി സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശിന്റെ പ്രഖ്യാപനം വലിയ വാര്‍ത്തയായി. 

മറുപക്ഷങ്ങള്‍ ഈ പ്രസ്താവനയെ തങ്ങള്‍ക്കനുകൂലമായി പ്രയോജനപ്പെടുത്താനും ശ്രമിച്ചു. ഉത്തരേന്ത്യയില്‍ പശുക്കളുടെ പേരില്‍ അക്രമ സംഭവങ്ങള്‍ നടക്കുമ്പോള്‍ ബീഫ് കാട്ടി വോട്ടുനേടാനുള്ള ബിജെപി ശ്രമത്തെ യുഡിഎഫും എല്‍ഡിഎഫും പ്രചരണത്തില്‍ തുറന്നുകാട്ടി. പ്രചാരണ രംഗത്ത് ഇത് വലിയ ആയുധമായി ഉപയോഗിക്കാന്‍ ഇരുപക്ഷവും മത്സരിച്ചു. ബിജെപി സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനത്തിനെതിരെ ബിജെപിയില്‍നിന്നും ശിവസേനയിയില്‍നിന്നും എതിര്‍പ്പുകളുണ്ടായതും തിരിച്ചടിയായി.

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും രാജ്യത്ത് പൊതുവെ ബിജെപി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തോടുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ എതിര്‍പ്പും മലപ്പുറത്ത് ബിജെപിക്ക് തിരിച്ചടിയായെന്നുവേണം കരുതാന്‍. രാജ്യത്ത് പൊതുവെ ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപിക്കുള്ള പ്രതിച്ഛായയെ മറികടക്കാന്‍ ബീഫ് വാഗ്ദാനം പോലുള്ള പൊടിക്കൈകള്‍ക്ക് സാധിച്ചില്ല എന്നും ഫലം വ്യക്തമാക്കുന്നു.

മതംമാറ്റത്തെ തുടര്‍ന്നുണ്ടായ കൊടിഞ്ഞി ഫൈസല്‍ വധവും കാസര്‍ഗോഡ് മദ്രസാധ്യാപകനായ റിയാസ് മൗലവി വധവുമെല്ലാം മലപ്പുറത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയെ സ്വാധീനിച്ചിട്ടുണ്ട്. താനൂര്‍ മേഖലയില്‍ ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷവും അക്രമസംഭവങ്ങളും തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചതായി വേണം കരുതാന്‍. പരോക്ഷമായെങ്കിലും ബിജെപി വോട്ടില്‍ ഇതും പ്രതിഫലിച്ചിട്ടുണ്ടാവണം. തിരഞ്ഞെടുപ്പ് പ്രചരണവേളയില്‍ ഇവയൊക്കെ ഫലപ്രദമായി ഉയര്‍ത്തിക്കാട്ടാന്‍ യുഡിഎഫിനു സാധിക്കുകയും ചെയ്തിരുന്നു.

കേരളത്തെ ബിജെപി ഒരു പ്രധാന രാഷ്ട്രീയ ലക്ഷ്യമായി കാണുന്ന സാഹചര്യത്തില്‍ മലപ്പുറം അവര്‍ക്കൊരു പരീക്ഷണശാലയായിരുന്നു. പ്രത്യേകിച്ച്, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 11 സീറ്റുകള്‍ ലക്ഷ്യംവെക്കുന്നതായി ബിജെപി പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍.