ലപ്പുറം അത്ഭുതപ്പെടുത്തിയില്ല. അത്ഭുതം കാട്ടുമെന്ന് പറഞ്ഞത് ബിജെപി സ്ഥാനാര്‍ത്ഥി ശ്രീപ്രകാശാണ്. മലപ്പുറത്ത് ഇക്കുറി ആറിരട്ടി വോട്ട് നേടുമെന്നായിരുന്നു ശ്രീപ്രകാശിന്റെ അവകാശവാദം. അതൊരു സ്വപ്‌നം മാത്രമായിരുന്നുവെന്നാണ് മലപ്പുറം ഇപ്പോള്‍ ശ്രീപ്രകാശിനോട് പറയുന്നത്. അതിശക്തമായ തിരിച്ചടിയാണ് മലപ്പുറം ബിജെപിക്ക് നല്‍കിയിരിക്കുന്നതെന്ന് പറയാതെ വയ്യ.

പി കെ കുഞ്ഞാലിക്കുട്ടി ജയിക്കുമോയെന്ന ചോദ്യം അപ്രസക്തമാണെന്ന്  വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് മലപ്പുറത്തുടനീളം സഞ്ചരിച്ചപ്പോള്‍ സ്പഷ്ടമായിരുന്നു. 2006 ല്‍ കുറ്റിപ്പുറത്ത് തോറ്റ കുഞ്ഞാലിക്കുട്ടിയല്ല 2017 ലെ കുഞ്ഞാലിക്കുട്ടിയെന്നതാണ് ഇതിന്റെ മുഖ്യ കാരണം. മലപ്പുറത്ത് സിപിഎം നേതാക്കളായ എ വിജയരാഘവനും ടി കെ ഹംസയുമൊക്കെ വലിയ ആവേശത്തിലായിരുന്നു. 2004 ആവര്‍ത്തിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് ടി കെ ഹംസ മഞ്ചേരിയില്‍ മുളളമ്പാറയിലുള്ള വീട്ടില്‍ വെച്ച് കണ്ടപ്പോള്‍ പറഞ്ഞത്. മലപ്പുറം സിപിഎം ജില്ലാകമ്മിറ്റി ഓഫീസില്‍ വെച്ചു കണ്ടപ്പോള്‍ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ച എ വിജയരാഘവന്‍ പറഞ്ഞത് ഇക്കഴിഞ്ഞ രണ്ടാഴ്ചയില്‍ മണ്ഡലത്തില്‍ ഇടതുമുന്നണി കൈവരിച്ചിട്ടുള്ള മുന്നേറ്റത്തെക്കുറിച്ചാണ്.

പക്‌ഷേ, അതേ ജില്ലാകമ്മിറ്റി ഓഫീസിനു പുറത്ത് വരാന്തയില്‍ വെച്ച് നടത്തിയ സൗഹൃദ സംഭാഷണത്തില്‍ ഇടതുമുന്നണിയുടെ ഒരു ഉന്നത നേതാവ് പറഞ്ഞതാണ് മനസ്സില്‍ തട്ടിയത്. അദ്ദേഹം ചൂണ്ടിക്കാട്ടിയത് കുഞ്ഞാലിക്കുട്ടിയുടെ മെയ്‌ക്കോവറാണ്. 2006 ല്‍ നിന്നും 2017 ലെത്തുമ്പോള്‍ കുഞ്ഞാലിക്കുട്ടി എന്ന രാഷ്ട്രീയ നേതാവിലുണ്ടായിട്ടുള്ള മാറ്റം പൊതുപ്രവര്‍ത്തകര്‍ മനസ്സിരുത്തി പഠിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ജനങ്ങളുമായി കൃത്യമായി സംവദിക്കുന്ന, ജനങ്ങളുടെ പള്‍സറിയാവുന്ന ഒരു നേതാവായുള്ള കുഞ്ഞാലിക്കുട്ടിയുടെ പരിണാമം കാണാതിരിക്കാനിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കുഞ്ഞാലിക്കുട്ടിക്കുള്ള അംഗീകാരമായിരുന്നു കഴിഞ്ഞ വര്‍ഷം വേങ്ങര നിയമസഭാ മണ്ഡലത്തിലെ മികച്ച വിജയം. ഇപ്പോഴിതാ മലപ്പുറം ലോക്‌സഭാ മണ്ഡലവും കുഞ്ഞാലിക്കുട്ടി എന്ന നേതാവിന് വലിയ അംഗീകാരം നല്‍കിയിരിക്കുന്നു.

മുസ്‌ലിം ലിഗിനെ സംബന്ധിച്ചിടത്തോളം മലപ്പുറം അഭിമാനത്തിന്റെ പ്രശ്‌നമാണ്. മലപ്പുറത്ത് ഒരു തിരിച്ചടി ലീഗിന്റെ അസ്തിവാരം ഇളക്കാന്‍ പോന്നതാണ്. അതുകൊണ്ടുതന്നെയാണ് കുഞ്ഞാലിക്കുട്ടി എന്ന വമ്പനെ തന്നെ ലീഗ് മലപ്പുറത്ത് നിര്‍ത്തിയത്. വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്ഡിപിഐയും മനസ്സാക്ഷി വോട്ട് എന്ന നിലപാടെടുത്തപ്പോള്‍ തന്നെ ഇടതുപക്ഷത്തിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റിരുന്നു.

മലപ്പുറത്ത് ബിജെപി നടത്തിയ കാടിളക്കിയുള്ള പ്രചാരണവും കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി. ബിജെപിക്കെതിരെ ഒന്നിച്ചണിനിരന്നില്ലെങ്കില്‍ പ്രശ്നമായേക്കുമെന്ന ലീഗിന്റെ പ്രചാരണം ഫലമുണ്ടാക്കിയിട്ടുണ്ട്. മലപ്പുറത്ത് 74 ശതമാനം മുസ്‌ലീങ്ങളും 24 ശതമാനം ഹിന്ദുക്കളും 2 ശതമാനം ക്രിസ്ത്യാനികളുമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. മതം തിരിച്ചുള്ള ഈ കണക്കുകള്‍ക്കപ്പുറത്താണ് പക്‌ഷേ, മലപ്പുറത്തിന്റെ മനസ്സ്. ലീഗ് സഥാനാര്‍ത്ഥികള്‍ക്ക് പതിവായി വോട്ടു ചെയ്യുന്ന വലിയൊരു ശതമാനം ഹിന്ദുക്കള്‍ മലപ്പുറത്തുണ്ട്. മലപ്പുറത്തിന്റെ മതേതര മനസ്സിന്റെ  പ്രതിഫലനമാണിത്. ഇവിടെയാണ് ഇക്കുറി ബിജെപി ധ്രുവീകരണത്തിന് ശ്രമിച്ചത്. പക്‌ഷേ, ആ ശ്രമം മലപ്പുറം തിരസ്‌കരിച്ചിരിക്കുന്നു. ആ അര്‍ത്ഥത്തില്‍ മലപ്പുറം ഇന്ത്യയ്ക്ക് നല്‍കുന്ന സന്ദേശം വളരെ വലുതാണ്. വിപദ് സന്ദേശങ്ങള്‍ ഉടലെടുക്കുന്ന ഒരു കാലത്ത് മലപ്പുറം ജനാധിപത്യത്തിന്റെ അടിത്തറ ബലപ്പെടുത്തുന്ന കൃത്യമായ ഒരു തീരുമാനമെടുത്തിരിക്കുന്നു.

20014 ല്‍ 1.94 ലക്ഷം വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷമാണ് ഇ.അഹമ്മദ് നേടിയത്. അന്ന് ഇടതുമുന്നണി അഹമ്മദിനെതിരെ നിര്‍ത്തിയത് താരതമ്യേന  ദുര്‍ബ്ബലയായ സ്ഥാനാര്‍ത്ഥിയാണെന്ന ആരോപണം വ്യാപകമായിരുന്നു. ഇക്കുറി എം.ബി.ഫൈസലിലൂടെ അത്തരമൊരു ആരോപണത്തിന് തടയിടാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമയത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ വോട്ടുകള്‍ കുറഞ്ഞാല്‍ അത് ഏറ്റവും പ്രതികൂലമായി ബാധിക്കുക തങ്ങളെയായിരിക്കുമെന്ന് സിപിഎമ്മിനറിയാമായിരുന്നു. തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനത്തിന്റെ വിലയിരുത്തലായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്ഷണന്‍ എടുത്ത നിലപാട് ഇടതുമുന്നണിക്ക് കുരിശാവുകയും ചെയ്തു. അതുകൊണ്ടുതന്നെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇക്കുറി നേടണമെന്നുറപ്പിച്ചാണ് സിപിഎം മലപ്പുറത്ത് കളത്തിലിറങ്ങിയത്.

അഹമ്മദിനേക്കാള്‍ ഭൂരിപക്ഷം കൂടുമെന്നാണ് കുഞ്ഞാലിക്കുട്ടി തറപ്പിച്ചു പറഞ്ഞിരുന്നത്. മലപ്പുറത്ത് പാണക്കാടിനടുത്തുള്ള വീട്ടില്‍ വെച്ചു കണ്ടപ്പോള്‍ ഭൂരിപക്ഷം രണ്ടു ലക്ഷത്തിനപ്പുറത്തേക്ക് പോകുമെന്ന് തികഞ്ഞ ശഭാപ്തിവിശ്വാസത്തേടെയാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. പക്‌ഷേ, പോളിങ് കൂടിയിട്ടും ഈ ലക്ഷ്യം കൈവരിക്കാന്‍ കുഞ്ഞാലിക്കുട്ടിക്കായില്ല. ജിഷ്ണു പ്രശ്‌നമുള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ നിരവധി ഘടകങ്ങളുണ്ടായിരുന്നില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് ഇതിലും കുറയുമായിരുന്നുവെന്നു തന്നെയാണ് മലപ്പുറം തിരഞ്ഞെടുപ്പ് ഫലം നമ്മോട് പറയുന്നത്.