തിരുവനന്തപുരം:  കേരളം ഇടതിനൊപ്പം നിന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ 28 സിറ്റിങ് സീറ്റുകളാണ് എല്‍.ഡി.എഫ് പിടിച്ചെടുത്തത്. മറുവശത്ത് എല്‍.ഡി.എഫിന്റെ കൈയിലുണ്ടായിരുന്ന നാല് സീറ്റ് യു.ഡി.എഫ് തിരികെ പിടിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷമുള്ള മുന്നണിമാറ്റം കൂടി പരിഗണിച്ചാല്‍ നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജിനെയും ഇരവിപുരത്ത് എ.എ അസീസിനെയും വീഴ്ത്തി സി.പി.എമ്മിന്റെ മധുരപ്രതികാരവും ചേര്‍ത്താല്‍ തിരിച്ചുപിടിച്ച സീറ്റുകള്‍ 30 ആയി.

യു.ഡി.എഫിന് കൈയില്‍ നിന്ന് പോയ സീറ്റുകളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസിന്റേതാണ്. 40 കോണ്‍ഗ്രസ് സിറ്റിങ് എം.എല്‍.എമാരില്‍ 22 പേരും തോറ്റു. 

പൂഞ്ഞാര്‍ കൂടി ചേര്‍ത്താല്‍ മാണി കോണ്‍ഗ്രസിന് പോയത് മൂന്നു സിറ്റിങ് സീറ്റുകള്‍. മുസ്ലിം ലീഗിന് കൈയിലുണ്ടായിരുന്ന കൊടുവള്ളിയും, തിരുവമ്പാടിയും, താനൂരും കൈയില്‍ നിന്ന് പോയപ്പോള്‍ കുറ്റ്യാടി എങ്കിലും തിരിച്ചുപിടിച്ചാണ് അവര്‍ ആശ്വസിക്കുന്നത്.

ചേരിമാറിയെങ്കിലും തന്റെ ജനപിന്തുണയില്‍ കുറവില്ലെന്ന് തെളിയിച്ച് ഗണേഷ്‌കുമാര്‍ പത്തനാപുരത്തിന്റെ അമരക്കാരനായി തുടരുന്നു. 

തിരുവനന്തപുരത്ത് ആറും, തൃശൂരില്‍ അഞ്ചും സീറ്റുകളാണ് യു.ഡി.എഫില്‍ നിന്നും എല്‍.ഡി.എഫിലേക്ക് പോയത്. തൃശൂരില്‍ ഒന്നും തിരിച്ചുപിടിക്കാന്‍ പോലും ശേഷിയില്ലാതിരുന്ന കോണ്‍ഗ്രസും യു.ഡി.എഫും വടക്കാഞ്ചേരി 43 വോട്ടിന് നിലനിര്‍ത്താനായതിന്റെ ഏക ആശ്വാസത്തിലാണ്.

വര്‍ക്കലയില്‍ വര്‍ക്കല കഹാറും, നെടുമങ്ങാട്ട് ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയും അട്ടിമറിക്കപ്പെട്ടു. ഇതുകൂടാതെ കഴക്കൂട്ടത്ത്‌ സിറ്റിങ് എം.എല്‍.എയായിരുന്ന വാഹിദ് മൂന്നാം സ്ഥാനത്തായി. നാടാര്‍ സമൂഹം കോണ്‍ഗ്രസിനെ കൈവിട്ടതോടെ കാട്ടാക്കടയില്‍ സ്പീക്കര്‍ എന്‍.ശക്തനും, നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജും, പാറശാലയില്‍ എ.ടി ജോര്‍ജും തോറ്റു. ജില്ലയില്‍ കോവളത്ത് മാത്രമാണ് യു.ഡി.എഫിന്റെ തിരിച്ചുവരവുണ്ടായത്. ബി.ഡി.ജെ.എസ് സാന്നിധ്യം ഇവിടെ എല്‍.ഡി.എഫിന് വിനയായപ്പോള്‍ യു.ഡി.എഫ് സീറ്റ് തിരിച്ചുപിടിച്ചു.

കൊല്ലത്ത് സമ്പൂര്‍ണ തോല്‍വി. പത്തനംതിട്ടയില്‍ കൈവശമുണ്ടായിരുന്ന ആറന്മുളയും, ആലപ്പുഴയിലുണ്ടായിരുന്ന ചെങ്ങന്നൂരും എല്‍.ഡി.എഫ് പിടിച്ചെടുത്തു. എറണാകുളത്ത് കൊച്ചി, കോതമംഗലം, മൂവാറ്റുപുഴ, കോതമംഗലം, തൃപ്പൂണിത്തുറ സീറ്റുകള്‍ എല്‍.ഡി.എഫ് അക്കൗണ്ടിലെത്തിയപ്പോള്‍ കൈവശമുണ്ടായിരുന്ന അങ്കമാലിയും പെരുമ്പാവൂരും യു.ഡി.എഫ് തിരികെ പിടിച്ചു.

പാലക്കാട് അച്യതന്റെ ചിറ്റൂരും സി.പി മുഹമ്മദിന്റെ പട്ടാമ്പിയും യു.ഡി.എഫിന് നഷ്ടമായി. മലപ്പുറത്ത് ആര്യാടന്റെ നിലമ്പൂരും രണ്ടത്താണിയുടെ താനൂരും രണ്ട് സ്വതന്ത്രരിലൂടെ എല്‍.ഡി.എഫ് പിടിച്ചെടുത്തു.

കോഴിക്കോട് ജില്ലയില്‍ ലീഗിന്റെ കൊടുവള്ളിയും, തിരുവമ്പാടിയും എല്‍.ഡി.എഫിലെത്തിയപ്പോള്‍ കുറ്റ്യാടി തിരിച്ചുപിടിച്ചാണ് ലീഗ് ആശ്വാസം കണ്ടെത്തുന്നത്.

വയനാട്ടില്‍ കഴിഞ്ഞതവണ മൂന്നില്‍ മൂന്നും നേടിയ യു.ഡി.എഫിന് ഇത്തവണ വിജയം സുല്‍ത്താന്‍ബത്തേരിയില്‍ മാത്രം. കല്‍പ്പറ്റയും, മാനന്തവാടിയും എല്‍.ഡി.എഫിനൊപ്പം പോയി.

കണ്ണൂരില്‍ എക്കാലവും കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായ കണ്ണൂര്‍ കടന്നപ്പള്ളിയിലൂടെ പിടിച്ചെടുത്തപ്പോള്‍ കൂത്തുപറമ്പില്‍ മന്ത്രി കെ.പി മോഹനനെ തോല്‍പിച്ച് ശൈലജ ടീച്ചര്‍ സി.പി.എമ്മിനായി സീറ്റ് പിടിച്ചെടുത്തു.

കേരളത്തില്‍ ഇതാദ്യമായി താമര വിരിഞ്ഞപ്പോള്‍ നേമത്ത് ശിവന്‍കുട്ടിയുടെ തോല്‍വിയിലൂടെ എല്‍.ഡി.എഫില്‍ നിന്ന് ഒരു സീറ്റ് ബി.ജെ.പിയുടെ അക്കൗണ്ടിലേക്ക് പോയി.