'എനിക്ക് അഡ്മിഷന്‍ കിട്ടിയില്ലെങ്കില്‍ ഞാന്‍ എന്തു ചെയ്യും?'
'എങ്ങാനും, എന്റെ സ്‌കോര്‍ കുറഞ്ഞുപോയാലോ'
'രണ്ടാമത്തെ തവണയാണ് ഞാന്‍ എന്‍ട്രന്‍സ് എഴുതുന്നത്. പത്താം ക്ലാസിലും പ്ലസ് ടുവിലും എന്നെക്കാള്‍ മാര്‍ക്ക് കുറഞ്ഞവര്‍ക്കു പോലും കഴിഞ്ഞ തവണ കിട്ടിയല്ലോ'
'എനിക്കൊട്ടും ശ്രദ്ധ കിട്ടുന്നില്ല, പഠിക്കുന്നതൊന്നും എന്റെ തലയില്‍ കയറുന്നില്ല.'

എന്‍ട്രന്‍സ് പരീക്ഷയുടെ സമയത്ത്, സൈക്കോളജിസ്റ്റിന്റെ പക്കല്‍ കണ്‍സള്‍ട്ടേഷന് വന്ന കുട്ടികള്‍ പങ്കുവയ്ക്കാറുള്ള ആകുലതകളില്‍ ചിലതാണിതെല്ലാം.ജീവിതത്തില്‍ ഒരിക്കലും തോല്‍വിയെന്തെന്ന് അറിഞ്ഞിട്ടില്ലാത്ത കുട്ടികളാണ് ഈ പരീക്ഷകള്‍ എഴുതുന്നത്. പ്രൊഫഷണല്‍ കോഴ്സില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി രണ്ടു വര്‍ഷക്കാലത്തെ പ്രത്യേക പഠനം, അതിനായി ചെലവഴിച്ച വലിയ തുക, പ്രതീക്ഷകളുടെ അമിതഭാരം.... എന്‍ട്രന്‍സ് പരീക്ഷകളും റിസള്‍ട്ടും പലപ്പോഴും കുട്ടികളെ അമിത സമ്മര്‍ദത്തിലേക്ക് തള്ളിവീഴ്ത്താറുണ്ട്. ചിലപ്പോഴെങ്കിലും ഒപ്പമുള്ളവര്‍ അതറിയാതെ പോകുന്നുമുണ്ട്. 

  • എന്‍ട്രന്‍സ് എഴുതുന്നവരും സ്ട്രെസും മൂന്ന് വിധം

എന്‍ട്രന്‍സ് പരീക്ഷകള്‍ എഴുതുന്ന കുട്ടികളെയും, അവരുടെ സ്ട്രെസ് ലെവലിനെയും മൂന്നായി തിരിക്കാം. അഡ്മിഷന്‍ കിട്ടണമെന്ന് അതിതീവ്രമായി ആഗ്രഹിച്ച്, കഠിനമായി പരിശ്രമിച്ച് പരീക്ഷ എഴുതുന്നവര്‍. ആദ്യ തവണ കിട്ടിയില്ലെങ്കില്‍ രണ്ടാമതും മൂന്നാമതും റിപ്പീറ്റ് ചെയ്യാനും ഇവര്‍ക്ക് മടിയുണ്ടാകില്ല. ഈ കുട്ടികള്‍ സ്വയം അനുഭവിക്കുന്ന മാനസിക സമ്മര്‍ദവും തീവ്രമായിരിക്കും.

മക്കള്‍ക്ക് പ്രൊഫഷണല്‍ കോഴ്സില്‍ അഡ്മിഷന്‍ കിട്ടണമെന്ന് അതിതീവ്രമായി ആഗ്രഹിക്കുന്ന മാതാപിതാക്കളുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് അത്ര താല്‍പര്യം ഉണ്ടായിരിക്കില്ല. ഇവരാണ് രണ്ടാമത്തെ വിഭാഗം. ഈ വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ക്ക് സ്ട്രെസ് നല്‍കുന്നത് മാതാപിതാക്കളായിരിക്കും.

'എല്ലാവരും എന്‍ട്രന്‍സ് എക്സാം എഴുതുന്നതുകൊണ്ട് ഞാനും എഴുതുന്നു' എന്ന മനോഭാവക്കാരാണ് അടുത്ത കൂട്ടര്‍. ഇവര്‍ എന്‍ട്രന്‍സ് പരീക്ഷയെയോ അതിനുവേണ്ടിയുള്ള പഠനത്തെയോ ഒട്ടും ഗൗരവത്തോടെ സമീപിക്കുന്നില്ല. അതുകൊണ്ടുതന്നെ മാനസിക സമ്മര്‍ദങ്ങളും ഇവര്‍ക്കില്ല.

  • കോച്ചിംഗിനു വേണ്ടി കുട്ടിയോടൊപ്പം താമസിക്കുന്ന മാതാപിതാക്കള്‍

എന്‍ട്രന്‍സ് കോച്ചിംഗിനു കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ട് ദൂരെ സ്ഥലങ്ങളിലെ പ്രശസ്തമായ സ്ഥാപനത്തില്‍ ചേര്‍ന്നു പ്ലസ് വണ്‍ മുതല്‍ പഠിക്കുന്ന കുട്ടികളുണ്ട്. ചില മാതാപിതാക്കള്‍ അവരോടൊപ്പം കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അടുത്തേക്കു താമസം മാറ്റാറുമുണ്ട്. ഇങ്ങനെ മാറിത്താമസിക്കുന്നത്, മാതാപിതാക്കളില്‍ ഒരാള്‍ മാത്രമായിരിക്കും. മറ്റെല്ലാ ഉത്തരവാദിത്തങ്ങളും മാറ്റിവച്ച്, കുട്ടികള്‍ക്കു വേണ്ടി മുഴുവന്‍ സമയവും ഹോമിച്ച്, നാടും വീടും വിട്ട് മാറിത്താമസിക്കുന്ന ഈ രക്ഷിതാവ് അനുഭവിക്കുന്ന മാനസിക സമ്മര്‍ദവും വളരെ വലുതാണ്. കുട്ടി അഭിമൂഖീകരിക്കുന്ന അതേ അളവില്‍, അതേ തലത്തില്‍ ഈ മാതാപിതാക്കളും സ്ട്രെസ് അനുഭവിക്കുന്നുണ്ട്. ആ സ്ട്രെസ് അവര്‍ കുട്ടികളിലേക്കും കടത്തിവിടുന്നു. 

ഇത്തരം സാഹചര്യത്തില്‍, 'അമ്മ/അച്ഛന്‍ എനിക്കുവേണ്ടി ഇത്രയും കഷ്ടപ്പെടുന്നുവല്ലോ, എന്നിട്ടും എനിക്ക് അഡ്മിഷന്‍ കിട്ടാതെ വന്നാലോ' എന്നൊരു ആശങ്ക കുട്ടികളുടെ മനസിനെ ഭാരപ്പെടുത്താറുണ്ട്. അഡ്മിഷനെക്കുറിച്ചുള്ള മാതാപിതാക്കളുടെ പ്രതീക്ഷാനിര്‍ഭരമായ കമന്റുകള്‍ പോലും ചില കുട്ടികളില്‍ വലിയ സ്ട്രെസ് ആകാറുണ്ട്. കുട്ടികള്‍ക്കു രണ്ടോ മൂന്നോ പരീക്ഷകളില്‍ അടുപ്പിച്ച് മാര്‍ക്ക് കുറയുമ്പോള്‍ 'ഇങ്ങനെ പോയാല്‍ നീ എന്‍ട്രന്‍സ് കടക്കുമെന്ന് തോന്നുന്നില്ല' എന്ന് അധ്യാപകര്‍ പറഞ്ഞേക്കാം. 'നിനക്കുവേണ്ടി പത്തറുപതിനായിരം രൂപ മുടക്കിയതല്ലേ, നീ ഇങ്ങനെ പഠിച്ചാല്‍ പോര' എന്നൊക്കെ ഉള്ള് പൊള്ളിക്കുന്ന വിധം മാതാപിതാക്കള്‍ മക്കളെ ശാസിച്ചേക്കാം. ഇതൊക്കെയും കുട്ടികളില്‍ സ്ട്രെസ് കൂട്ടാനിടയുണ്ട്. അത് അവരുടെ ആത്മവിശ്വാസത്തേയും ആത്മാഭിമാനത്തേയും പ്രതികൂലമായി ബാധിക്കാം.

'എനിക്ക് അഡ്മിഷന്‍ കിട്ടിയില്ലെങ്കില്‍ നാണക്കേടല്ലേ, എനിക്ക് ഇഷ്ടമുള്ള കോഴ്സ് തന്നെ കിട്ടുമോ, നല്ല റാങ്ക് കിട്ടിയില്ലെങ്കില്‍ എന്തുചെയ്യും...' ഇങ്ങനെ അനാവശ്യമായ ആധികളില്‍ അവര്‍ വീണുപോകും. പരീക്ഷയിലെ പ്രകടനവുമായി ബന്ധപ്പെട്ട് കുട്ടികള്‍ ആലോചിച്ചുകൂട്ടന്ന ആധികളാണ് (Performance related anticipatory anxiety) ഇതെല്ലാം. ക്ഷീണം കൊണ്ട് അറിയാതെ ഉറങ്ങിപ്പോയാല്‍, 'അയ്യോ, ഞാനിത്രയും സമയം പാഴാക്കിക്കളഞ്ഞല്ലോ' എന്ന കുറ്റബോധത്തിന്റെ പിടിയിലാകുന്നവരുണ്ട്. സ്വയം ഏല്‍പ്പിക്കുന്ന ഈ ആധികള്‍ക്കൊപ്പം, മാതാപിതാക്കളുടെ ഭാഗത്തു നിന്നും സമ്മര്‍ദവും കുറ്റപ്പെടുത്തലും ഏറിയാല്‍ അത് കുട്ടികളുടെ പ്രകടനത്തെ ദോഷകരമായേ ബാധിക്കൂ.

  • മികച്ച പ്രകടനത്തിന് 

പരീക്ഷയില്‍ നല്ല പ്രകടനം കാഴ്ച വയ്ക്കണമെങ്കില്‍, കുട്ടികളില്‍ അതിനുള്ള ഉത്തേജനം ഉയര്‍ന്ന നിലയിലും, മാനസിക സമ്മര്‍ദം താഴ്ന്ന നിലയിലും ആയിരിക്കണം. ഉത്തേജനത്തിനൊപ്പം മാനസിക സമ്മര്‍ദവും ഉയര്‍ന്നു നിന്നാല്‍ പ്രകടനം മോശമായിപ്പോകും. സമ്മര്‍ദമില്ലാത്ത, സ്വച്ഛമായ മനസോടെ പരീക്ഷയെ അഭിമുഖീകരിക്കാന്‍ കുട്ടികള്‍ക്കു കഴിയണം. അപ്പോഴാണ് നന്നായി പരീക്ഷ എഴുതാനാകുക.

ഗ്രേഡ് കുറഞ്ഞാലും അഡ്മിഷന്‍ കിട്ടാതെ വന്നാലും വിഷാദത്തിലേക്കു വീണുപോകുന്ന കുട്ടികളുണ്ട്. ഇതേത്തുടര്‍ന്ന ചിലരെ 'ഫിയര്‍ ഫക്ടര്‍' കീഴ്പെടുത്തിയേക്കാം. പരീക്ഷകളെയോ ജീവിതത്തിലെ ഏതു തരം മത്സരങ്ങളെയോ അഭിമുഖീകരിക്കുമ്പോള്‍ അവര്‍ പോലുമറിയാതെ ഇതേ പേടി വീണ്ടും തലപൊക്കിയേക്കാം. പരീക്ഷയിലെ പരാജയത്തെ തുടര്‍ന്ന് കടുത്ത അസ്വസ്ഥതകള്‍ ഉണ്ടായവരില്‍, അത് പരിഹരിക്കപ്പെടാതെ പോയാല്‍ ചിലപ്പോള്‍ അവരുടെ കരിയര്‍ വഴിമുട്ടിപ്പോയേക്കാം, ജീവതം തന്നെ വഴിമാറിപ്പോയേക്കാം.

  • മാതാപിതാക്കള്‍ ചെയ്യേണ്ടത്

പരീക്ഷയ്ക്കു വളരെ മുമ്പേ തന്നെ അച്ഛനമ്മമാര്‍ കുട്ടികള്‍ക്ക് ആത്മധൈര്യം പകര്‍ന്നു നല്‍കണം. 'റിസള്‍ട്ട് എന്തുതന്നെ ആയാലും സാരമില്ല. നിന്നെ ഞങ്ങള്‍ക്കിഷ്ടമാണ്' എന്ന ഉറപ്പു നല്‍കുക. 'നന്നായി പഠിച്ച് പരീക്ഷ എഴുതുക. ബാക്കിയെല്ലാം വരുന്നതുപോലെ വരട്ടെ' എന്ന് ആശ്വസിപ്പിക്കുക. ഈ വിധത്തില്‍ കുട്ടികളോട് സംസാരിക്കുമ്പോള്‍ 'എനിക്ക് അഡ്മിഷന്‍ കിട്ടും' എന്നാകും മിക്കവാറും അവര്‍ നിങ്ങളോട് പറയുക. അപ്പോള്‍ 'നീ പഠിച്ചിട്ടുണ്ടെന്നറിയാം. എന്നാലും പ്രതീക്ഷച്ചതുപോലെ ആയില്ലെങ്കില്‍ ഒട്ടും സങ്കടപ്പെടരുത് എന്നാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്' എന്ന് ആവര്‍ത്തിക്കുക. ഏതു സാഹചര്യത്തിലും അച്ഛനമ്മമാര്‍ കൂടെയുണ്ടാകും എന്ന ഉറപ്പ് അവര്‍ക്ക് വലിയ ആശ്വാസമേകും.

കൂടെ പഠിക്കുന്നവരേക്കാള്‍ ഉയര്‍ന്ന സ്‌കോര്‍ നേടണം എന്ന വാശി മൂലം കടുത്ത സ്ട്രെസ് അനുഭവക്കുന്ന കുട്ടികളുണ്ട്. അടുത്ത കോഴ്സിന് ചേര്‍ന്നു കഴിഞ്ഞാല്‍ ഈ 'പ്രതിയോഗി'യെ ഭാവിയില്‍ കാണുമെന്നു പോലും ഉറപ്പില്ല. അതുകൊണ്ട് സ്വന്തം കാര്യത്തില്‍ ശ്രദ്ധകൊടുക്കുന്നതാണ് ഉചിതമെന്ന് അവരെ പ്രേരിപ്പിക്കുക. 

കുട്ടിയ്ക്ക തീരെ ഉറക്കമില്ലാതിരിക്കുക, ഭക്ഷണം കഴിക്കാന്‍ താല്‍പര്യമില്ലാതിരിക്കുക, തലവേദനയും വയറുവേദനയും പോലുള്ള പല രോഗങ്ങളും ഉള്ളതായി കൂടെക്കൂടെ പരാതി പറയുക തുടങ്ങിയവയെല്ലാം സ്ട്രെസിന്റെ സൂചനകളാണ്. ആവശ്യമെങ്കില്‍ ഒരു സൈക്കോളജിസ്റ്റിന്റെ സേവനം തേടാനും മാതാപിതാക്കള്‍ മടിക്കേണ്ടതില്ല. 

  • പ്ലാന്‍ എ മാത്രം പോരാ...

എന്‍ട്രന്‍സ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് പ്ലാന്‍ എ മാത്രം പോരാ. മിക്ക കുട്ടികളുടെയും മുന്നില്‍ ആദ്യ ചോയ്സായ വിഷയവും നല്ല കോളേജുകളും മാത്രമേ കാണൂ. അതായത് പ്ലാന്‍ എ മാത്രമേ പലര്‍ക്കും ഉള്ളു. അത് കിട്ടാതെ വരുമ്പോള്‍ കടുത്ത നിരാശയിലേക്ക് അവര്‍ വീണുപോകുന്നു. മറ്റൊരു കോഴ്സ് തിരഞ്ഞെടുക്കാന്‍ പലരും വിമുഖത കാണിക്കുന്നു. 

എംബിബിഎസിന് അഡ്മിഷന്‍ ആഗ്രഹിക്കുന്ന കുട്ടിയ്ക്ക് അതു കിട്ടിയില്ലെങ്കില്‍ അടുത്ത പടിയായി ഹോമിയോ, ആയുര്‍വേദം, ബിഡിഎസ്, അഗ്രികള്‍ച്ചര്‍... എന്നിങ്ങനെ മറ്റു പ്ലാനുകള്‍ വേണം. പ്രൊഫഷണല്‍ കോഴ്സിനൊന്നും അഡ്മിഷന്‍ കിട്ടില്ലെങ്കില്‍ സൈക്കോളജി, മറ്റ് കോഴ്സുകള്‍ എന്നിവ ആ പ്ലാനുകളില്‍ ഉള്‍പ്പെടുത്തണം. റിസല്‍ട്ട് വരുന്നതിനു മുമ്പേ തന്നെ മാതാപിതാക്കളും കുട്ടിയും ഒരുമിച്ചിരുന്ന് പ്ലാന്‍ എ, പ്ലാന്‍ ബി, പ്ലാന്‍ സി, പ്ലാന്‍ ഡി... ഇങ്ങനെ ഒരു ലിസ്റ്റ് തയ്യാറാക്കിവയ്ക്കുക. പ്ലാന്‍ എ നടക്കില്ലെന്ന മനസിലായാല്‍, ഉടന്‍ തന്നെ സാധ്യമാകുന്ന അടുത്ത പ്ലാനിലേക്ക് പോകുക. അപ്പോള്‍ കടുത്ത നിരാശയിലേക്ക് വീണുപോകാനുള്ള സാധ്യത കുറയും. പുതിയ പ്ലാനിനോട് പെട്ടെന്ന് പൊരുത്തപ്പെടാനും കഴിയും. 

  • റിസല്‍ട്ട് വന്നതിനു ശേഷം 

റിസല്‍ട്ട് വന്നപ്പോള്‍ കുട്ടിക്ക് ഉയര്‍ന്ന റാങ്കില്ലെങ്കിലും, അലോട്ട്മെന്റ് കഴിയുമ്പോള്‍ പ്രൊഫഷണല്‍ കോഴ്സിന് അഡ്മിഷന്‍ കിട്ടിയില്ലെങ്കിലും അച്ഛനമ്മമാര്‍ക്കും വലിയ നിരാശ തോന്നുക സ്വാഭാവികമാണ്. അത്തരം സാഹചര്യങ്ങളില്‍ സമചിത്തതയോടെ പെരുമാറുക. 'ഞാനിനി എങ്ങനെ ബന്ധുവിന്റെ മുഖത്തുനോക്കും. അവരുടെ മകന് ഫസ്റ്റ് ചാന്‍സില്‍ അഡ്മിഷന്‍ കിട്ടിയതല്ലേ' എന്നൊക്കെ പറയാതിരിക്കുവാന്‍ ശ്രദ്ധിക്കണം. കോച്ചിംഗിനായി ചെലവാക്കിയ പണത്തിന്റെ കണക്കു പറഞ്ഞും കുട്ടികളെ പഴിക്കരുത്. 

കഴിയുന്നതും നിങ്ങളുടെ നിരാശ കഴിവതും പുറത്തു കാണിക്കാതിരിക്കുക. കുട്ടിക്കും കടുത്ത നിരാശ കാണും. സുഹൃത്തുക്കളെയും അധ്യാപകരെയും ബന്ധുക്കളെയുമൊക്കെ അഭിമുഖീകരിക്കാനും അവര്‍ക്കു പ്രയാസം തോന്നിയേക്കാം. അതെല്ലാം മനസിലാക്കി മാതാപിതാക്കള്‍ കുട്ടിയ്ക്ക് തണലാകുക. ഈ പരീക്ഷയില്‍ റാങ്ക് കുറഞ്ഞുപോയെങ്കിലും ബുദ്ധിശാലിയായ, നല്ല വ്യക്തിത്വ ഗുണമുള്ള കുട്ടിയാണ് നീയെന്ന് പറയുക. ഇത് ജീവതത്തിലെ ഒരുപാട് പരീക്ഷകളില്‍ ഒന്നു മാത്രമാണെന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക. അല്ലെങ്കിലും, എന്‍ട്രന്‍സിലെ ജയപരാജയങ്ങളല്ലല്ലോ ഒരാളുടെ ജീവിതവിജയത്തിന്റെ അവസാനവാക്ക്.

വിവരങ്ങള്‍ക്ക് കടപ്പാട് - വിപിന്‍ വി. റോള്‍ഡന്റ്, ചീഫ് കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് ആന്‍ഡ് പെര്‍ഫോമന്‍സ് കോച്ച്, സണ്‍റൈസ് ഹോസ്പിറ്റല്‍ & റോള്‍ഡന്റ് റീജുവനേഷന്‍ ബിഹേവിയര്‍ സ്റ്റുഡിയോ, കൊച്ചി