വടകര: റോമിലെ പ്രശസ്തമായ ലാ സാപിയന്‍സ സര്‍വകലാശാലയില്‍ 1.03 കോടിരൂപ സ്‌കോളര്‍ഷിപ്പോടെ ഗവേഷണം നടത്താന്‍ വടകര സ്വദേശിനി തിരഞ്ഞെടുക്കപ്പെട്ടു. പുതിയാപ്പിലെ കാഞ്ഞാംപുറത്ത് ശിവന്റെയും ശ്രീകലയുടെയും മകള്‍ അശ്വതി ശിവനാണ് ഈ അപൂര്‍വ അവസരം. ഇറ്റലിയിലെ ഏറ്റവുംവലിയ സ്‌കോളര്‍ഷിപ്പുകളിലൊന്നാണിത്.

ഗവേഷണത്തിന്റെ ചെലവുകളെല്ലാം സൗജന്യമാണ്. ഇതിനുപുറമേയാണ് 1.03 കോടി രൂപ ലഭിക്കുക. നാഷണല്‍ റിസര്‍ച്ച് കൗണ്‍സില്‍ ഓഫ് ഇറ്റലിയില്‍ 'സെമി കണ്ടക്ടര്‍ നാനോവയേഴ്‌സ്' എന്ന വിഷയത്തില്‍ മൂന്നുവര്‍ഷമാണ് ഗവേഷണം. നവംബറില്‍ തുടങ്ങും.

ഫിസിക്‌സില്‍ അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എസ്സി. മേയ് മാസത്തിലാണ് അശ്വതി പൂര്‍ത്തിയാക്കിയത്. മുംബൈ സര്‍വകലാശാലയ്ക്ക് കീഴിലുള്ള സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ബേസിക് സയന്‍സിലെ ആണവോര്‍ജ വിഭാഗത്തില്‍ നിന്നായിരുന്നു ഇത്.

തുടര്‍ന്ന് ഇറ്റലിയിലെ ആകര്‍ഷകമായ സ്‌കോളര്‍ഷിപ്പുകളിലൊന്നായ 'മാരി സ്‌കോല്‍ഡസ്‌കാ ക്യൂറി ഫെല്ലോഷിപ്പി'ന് അപേക്ഷിച്ചു. രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അശ്വതി ഓണ്‍ലൈന്‍ അഭിമുഖത്തില്‍ പങ്കെടുത്തു.

എം.എസ്സി. ഫിസിക്‌സ് പഠനകാലത്തെ മെയിന്‍ തീസിസാണ് അഭിമുഖത്തില്‍ അവതരിപ്പിച്ചത്. 'മാഗ്നറ്റിക് നാനോവയേഴ്‌സ്' എന്ന വിഷയത്തില്‍ സ്വീഡനിലെ ഉപ്‌സല സര്‍വകലാശാലയിലാണ് ഈ പ്രോജക്ട് ചെയ്തത്. അഭിമുഖം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ സ്‌കോളര്‍ഷിപ്പോടെ ഗവേഷണം നടത്താന്‍ തിരഞ്ഞെടുക്കപ്പെട്ടതായി അറിയിപ്പ് ലഭിച്ചു. ലോകത്തിലെ ഏറ്റവും പാരമ്പര്യമുള്ള സര്‍വകലാശാലകളിലൊന്നാണ് ലാ സാപിയന്‍സ. 1303-ലാണ് പിറവി.

കേരള ഗ്രാമീണ്‍ ബാങ്ക് സീനിയര്‍ മാനേജരാണ് അശ്വതിയുടെ അച്ഛന്‍ ശിവന്‍. അമ്മ ശ്രീകല സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്‌മെന്റ് ഓഫീസറാണ്. സഹോദരി ആരതി പോണ്ടിച്ചേരി ജിപ്മറില്‍ എം.ബി.ബി.എസ്. രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി.
 
എല്ലാം ശരിയായാല്‍ ജിഞ്ചറും പറക്കും
 
നടപടിക്രമങ്ങളെല്ലാം ശരിയായാല്‍ അശ്വതിക്കൊപ്പം ഒരുപക്ഷേ, ഇറ്റലിയിലേക്ക് സ്വന്തം പൂച്ചക്കുട്ടിയും പറക്കും. ഇതിനായി പൂച്ചയ്ക്ക് പാസ്‌പോര്‍ട്ട് എടുത്തു. ബാക്കി നടപടിക്രമങ്ങള്‍ അന്വേഷിച്ചുവരികയാണ്. മുംബൈയിലെ പഠനകാലത്താണ് അശ്വതിക്ക് പൂച്ചക്കുട്ടിയെ കിട്ടിയത്. അന്നുമുതല്‍ അശ്വതിക്കൊപ്പമാണ് ജിഞ്ചര്‍ എന്നുപേരിട്ട പൂച്ചക്കുട്ടി. പഠനം കഴിഞ്ഞ് നാട്ടിലേക്കുവരുമ്പോള്‍ തീവണ്ടിയില്‍ ഒരു കൂട്ടിലിരുത്തി കൊണ്ടുവന്നു.

മറ്റ് യാത്രക്കാര്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ പൂച്ചയുമായി അവിടെ ഇറങ്ങാമെന്ന് സത്യവാങ്മൂലം റെയില്‍വേയ്ക്ക് എഴുതിനല്‍കിയാണ് തീവണ്ടിയില്‍ കയറിയത്. ജിഞ്ചര്‍ ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാക്കിയില്ല. ജിഞ്ചറിനെ ഇറ്റലിയിലേക്കും കൊണ്ടുപോകണമെന്നാണ് അശ്വതിയുടെ ആഗ്രഹം.