Aadhar logoന്യൂഡൽഹി: സർക്കാർ സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും ലഭിക്കാൻ വിദ്യാർഥികൾ ജൂൺ മുപ്പതിനകം ആധാർ നമ്പർ സമർപ്പിക്കണമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം. യു.ജി.സി. (യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ), എ.ഐ.സി.ടി.ഇ. (ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ) ഫെലോഷിപ്പുകൾക്കാണ് ഇത് ബാധകമാകുക. 

ഫെലോഷിപ്പുകൾക്കും സ്കോളർഷിപ്പുകൾക്കും ആധാർ നിർബന്ധമാക്കാൻ യു.ജി.സി. ജൂലായിൽ സർവകലാശാലകളോട് ആവശ്യപ്പെട്ടിരുന്നു. ഒന്നിലധികം തിരിച്ചറിയൽ രേഖകൾ സമർപ്പിക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്. ആധാർ നമ്പർ നൽകാത്തവരുടെ ഫെലോഷിപ്പുകൾ വൈകാനാണ് സാധ്യത. 

കോളേജ് അധ്യാപകരോടും ആധാർ നമ്പർ നൽകാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ‘ഗുരുജൻ’ എന്നപേരിൽ ദേശീയതലത്തിൽ അധ്യാപകരുടെ വിവരങ്ങളടങ്ങിയ പോർട്ടൽ ആരംഭിക്കാൻവേണ്ടിയാണിത്. ആധാറിനൊപ്പം ജാതിയും മതവും വെളിപ്പെടുത്തണം.

മതിയായ യോഗ്യതകളില്ലാത്ത അധ്യാപകരെ കണ്ടെത്താൻ നാലുമാസമായി വിവരശേഖരണം നടത്തുകയാണ്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്ന ആരോപണം അധ്യാപകരുടെ ഭാഗത്തുനിന്നുയരുന്നുണ്ട്.