ഐ.ഐ.ടി. കളിലും ഐ.ഐ.എസ്.സി.യിലും മറ്റും മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (MDes), പി.എച്ച്.ഡി. പ്രോഗ്രാമുകളിലേക്കുള്ള കോമണ്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഫോര്‍ ഡിസൈന്‍ (CEED2018) ജനുവരി 20 ന് നടക്കും. ഇതൊരു അഭിരുചി പരീക്ഷയാണ്. ഐ.ഐ.ടി. ബോംബെയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. ഡിസൈന്‍ ഉന്നത വിദ്യാഭ്യാസത്തിനാവശ്യമായ വിഷ്വല്‍ പെര്‍സെപ്ഷന്‍ എബിലിറ്റി, ഡ്രോയിങ് സ്‌കില്‍സ്, ലോജിക്കല്‍ റീസണിങ്, ക്രിയേറ്റിവിറ്റി, കമ്യൂണിക്കേഷന്‍, പ്രോബല്‍ സോള്‍വിങ് സ്‌കില്‍സ് എന്നിവ ഈ പൊതുപ്രവേശന പരീക്ഷയിലൂടെ വിലയിരുത്തപ്പെടും.

യോഗ്യത: ബിരുദം/ഡിപ്ലോമ/പോസ്റ്റ്ഗ്രാജ്വേറ്റ് ബിരുദം അല്ലെങ്കില്‍ അഞ്ചുവര്‍ഷത്തെ ജി.ഡി. ആര്‍ട്‌സ് ഡിപ്ലോമ ഉള്ളവര്‍ക്ക് 'CEED2018'ന് രജിസ്റ്റര്‍ ചെയ്യാം. പ്രായപരിധിയില്ല. എത്രതവണ വേണമെങ്കിലും പരീക്ഷയെ അഭിമുഖീകരിക്കാം.

ഓണ്‍ലൈന്‍ അപേക്ഷ: ഒക്ടോബര്‍ ഒമ്പതുമുതല്‍ നവംബര്‍ 10 വരെ. ലേറ്റ്ഫീസോടുകൂടി നവംബര്‍ 17 വരെ അപേക്ഷ സ്വീകരിക്കും. www.ceed.iitb.ac.in എന്ന വെബ്‌സൈറ്റില്‍ നിര്‍ദേശാനുസരണം അപേക്ഷ സമര്‍പ്പിക്കാം.

അഭിരുചിപരീക്ഷ: A, B എന്നിങ്ങനെ രണ്ട് പാര്‍ട്ടുകളുണ്ടാവും. പാര്‍ട്ട് 'A' പരീക്ഷയില്‍ ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ്, മള്‍ട്ടിപ്പിള്‍ സെലക്ട്, ന്യൂമറിക്കല്‍ ആന്‍സര്‍ ടൈപ്പ് ചോദ്യങ്ങള്‍ ഉള്‍പ്പെടും. വിഷ്വല്‍സ്‌പേഷ്യല്‍ എബിലിറ്റി, എന്‍വയോണ്‍മെന്റല്‍ ആന്‍ഡ് സോഷ്യല്‍ അവയര്‍നെസ്, അനലിറ്റിക്കല്‍ ആന്‍ഡ് ലോജിക്കല്‍ റീസണിങ്, ലാംഗ്വേജ് ഒബ്‌സര്‍വേഷന്‍, ഡിസൈന്‍ സെന്‍സിറ്റിവിറ്റി എന്നിവയിലുള്ള പ്രാഗത്ഭ്യം പരിശോധിക്കപ്പെടുന്ന ചോദ്യങ്ങളാണ് ഇതിലുണ്ടാവുക. കംപ്യൂട്ടറില്‍ തന്നെ ഉത്തരം കണ്ടെത്താം. പാര്‍ട്ട് 'B'  ഡിസൈന്‍, ഡ്രോയിങ്, റൈറ്റിങ് സ്‌കില്‍സ് വിലയിരുത്തപ്പെടുന്ന വിധത്തിലാണ്. ഉത്തരം രേഖപ്പെടുത്തുന്നതിന് പ്രത്യേകം ബുക്ക്‌ലെറ്റ് ലഭിക്കും.പാര്‍ട്ട് 'A' യില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കിയാവും പാര്‍ട്ട് 'B' പരീക്ഷയെഴുതാന്‍ അനുവദിക്കുക.

പരീക്ഷാകേന്ദ്രങ്ങള്‍: കേരളത്തില്‍ തിരുവനന്തപുരവും തൃശ്ശൂരും 

പ്രവേശന പരീക്ഷയില്‍ യോഗ്യതനേടുന്നവര്‍ക്ക് MDes, PhD ഡിസൈന്‍ പ്രവേശനത്തിന് അപേക്ഷിക്കാം.

  • ബെംഗളൂരു ഐ.ഐ.എസ്.സി. സെന്റര്‍ ഫോര്‍ പ്രോഡക്ട് ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ്: MDes പ്രോഡക്ട് ഡിസൈന്‍ ആന്‍ഡ് എന്‍ജിനീയറിങ്, പിഎച്ച്.ഡി. ഡിസൈന്‍ http//cpdn.iisc.ac.in/cpdn, www.iiscemet.in.
  • ബോംബെ ഐ.ഐ.ടി. ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ സെന്റര്‍:  MDes ഇന്‍ഡസ്ട്രിയില്‍ ഡിസൈന്‍ കമ്യൂണിക്കേഷന്‍ ഡിസൈന്‍, അനിമേഷന്‍, ഇന്ററാക്ഷന്‍ ഡിസൈന്‍, മൊബിലിറ്റി ആന്‍ഡ് വെഹിക്കിള്‍ ഡിസൈന്‍, പിഎച്ച്.ഡി. www.idc.iitb.ac.in.
  • ഡല്‍ഹി ഐ.ഐ.ടി. ഇന്‍സ്ട്രുമെന്റ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍: MDes ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍. http://iddcweb.iitd.ac.in/ 
  • ഗുവാഹട്ടി ഐ.ഐ.ടി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിസൈന്‍:  MDes, പിഎച്ച്.ഡി. http://www.iitg.ac.in/design/
  • ഹൈദരാബാദ് ഐ.ഐ.ടി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിസൈന്‍:  MDes വിഷ്വല്‍ഡിസൈന്‍, പിഎച്ച്.ഡി.  http://design.iith.ac.in/
  • ജബല്‍പുര്‍ ഐ.ഐ.ടി.ഡി.എം. MDes പ്രോഡക്ട് ഡിസൈന്‍, വിഷ്വല്‍ ഡിസൈന്‍. http://design.iiitdmj.ac.in/
  • ഐ.ഐ.ടി. കാന്‍പുര്‍ MDes, പിഎച്ച്.ഡി. http://www.iitk.ac.in/design/

 

ഈ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങള്‍ മനസ്സിലാക്കി അര്‍ഹരായവര്‍ പ്രത്യേകം അപേക്ഷനല്‍കണം. ഇവയുടെ അഡ്മിഷന്‍ നോട്ടിഫിക്കേഷന്‍ യഥാസമയം പ്രസിദ്ധപ്പെടുത്തും.

B.Des പ്രവേശനത്തിന് UCEED 2018
  
ഐ.ഐ.ടി. ബോംബെ, ഗുവാഹാട്ടി, ഐ.ഐ.ടി. ഡി.എം. ജബല്‍പുര്‍ എന്നിവിടങ്ങളില്‍ അടുത്തവര്‍ഷം നടത്തുന്ന നാലുവര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (B.Des) പ്രോഗ്രാമിലേക്കുള്ള അണ്ടര്‍ ഗ്രാജ്വേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഫോര്‍ ഡിസൈന്‍ (UCEED2018) ജനുവരി 20ന് ദേശീയതലത്തില്‍ നടക്കും. 

യോഗ്യത: ക്രിയേറ്റിവിറ്റി, വിഷ്വലൈസേഷന്‍, പ്രോബ്ലം സോള്‍വിങ് എബിലിറ്റികളുള്ള പ്ലസ്ടു വിജയികള്‍ക്ക് അപേക്ഷിക്കാം. ശാസ്ത്രവിഷയങ്ങളില്‍ മാത്രമല്ല, ആര്‍ട്‌സ്, ഹ്യുമാനിറ്റിസ്, കൊമേഴ്‌സ് മുതലായ വിഷയങ്ങളില്‍ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിക്കണം. 2018 ല്‍ യോഗ്യതാ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ഡ്രോയിങ് സ്‌കില്‍ അഭികാമ്യം.

കേരളത്തില്‍ തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്. അപേക്ഷകര്‍ 1998 ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം. 

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍: ഒക്ടോബര്‍ ഒമ്പതു മുതല്‍ നവംബര്‍ 10 വരെ 

വിവരങ്ങള്‍ക്ക്: http://www.uceed.iitb.ac.in/