കോട്ടയം: മറ്റക്കര ടോംസ് കോളേജിന് അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള അഫിലിയേഷന്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ.) പുതുക്കി നല്‍കി. 2017-18 വര്‍ഷത്തെ അഫിലിയേഷനാണ് പുതുക്കിയത്.  ഈ വര്‍ഷം കുട്ടികളെ മറ്റ് കോളേജുകളിലേക്ക് മാറ്റിയ നടപടിയും എഐസിടിഇ അംഗീകരിച്ചു.

മാര്‍ച്ച് 13 ന് എ.ഐ.സി.ടി.ഇ. പ്രത്യേക സംഘം കോളേജില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ അഫിലിയേഷന് ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഇന്ന് രാവിലെയാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. അഫിലിയേഷന്‍ ലഭിച്ചതോടെ കോളേജിന് അടുത്ത വര്‍ഷവം പുതിയ ബാച്ചിന് പ്രവേശനം നല്‍കാനാവും.

ഇതോടെ അഫിലിയേഷന്‍ പുതുക്കിനല്‍കേണ്ടെന്ന എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതികസര്‍വകലാശാലയുടെ തീരുമാനത്തിന് വിലയില്ലാതാകും. എ.ഐ.സി.ടി.ഇ. നിര്‍ദേശിക്കുന്ന അടിസ്ഥാനസൗകര്യങ്ങള്‍ കോളേജിലില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഫിലിയേഷന്‍ പുതുക്കി നല്‍കരുതെന്ന് സാങ്കേതിക സര്‍വകലാശാല എ.ഐ.സി.ടി.ഇ യോട് ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിക്കൊണ്ടാണ് എ.ഐ.സി.ടി.ഇ നടപടി.

കോളേജിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു സാങ്കേതിക സര്‍വകലാശാല അഫിലിയേഷന്‍ റദ്ദാക്കാനും നിലവില്‍ അവിടെ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ കേപ്പിന്റെയും ഐ.എച്ച്.ആര്‍.ഡി.യുടെയും കോളേജുകളിലേക്കും മറ്റ് സ്വാശ്രയ കോളേജുകളിലേക്കും മാറ്റാനും നിര്‍ദേശിച്ചത്. 

ഇതോടെ കോളേജ് അടച്ചു പൂട്ടിയിരുന്നു. വിദ്യാര്‍ഥികളോടുള്ള മാനേജ്‌മെന്റിന്റെ പെരുമാറ്റത്തെകുറിച്ച് വ്യാപകമായ പരാതികളുയര്‍ന്നിരുന്ന സാഹചര്യത്തില്‍ സര്‍വ്വകലാശാല അധികൃതര്‍ കോളേജിലെത്തി തെളിവെടുത്തിരുന്നു.