ന്യൂഡൽഹി: നിയമപഠനത്തിന് ഉയർന്ന പ്രായപരിധി നിശ്ചയിച്ച ബാർ കൗൺസിൽ തീരുമാനം സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. 

പഞ്ചവത്സര എൽഎൽ.ബി. കോഴ്‌സിനുള്ള ഉയർന്ന പ്രായപരിധി 20-നിന്ന് 22 വയസ്സായും ത്രിവത്സര എൽഎൽ.ബി.ക്കുള്ള പ്രായപരിധി 30-ൽനിന്ന് 45 വയസ്സായും ഉയർത്താൻ ബാർ കൗൺസിലിന്റെ പൊതുയോഗം കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.

ഈ അധ്യയനവർഷത്തേക്ക് ഇടക്കാല നടപടിയായിട്ടായിരുന്നു ഇത്. പഞ്ചവത്സര കോഴ്‌സിന് 20-ഉം ത്രിവത്സര കോഴ്‌സിന് 30-ഉം പ്രായപരിധി നിശ്ചയിച്ച നടപടി പുനഃപരിശോധിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് ബാർ കൗൺസിൽ ഇളവ് വരുത്തിയത്. 

എന്നാൽ, തൃപ്തികരമായ നടപടിയല്ല കൗൺസിലിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ബെഞ്ച് നിരീക്ഷിച്ചു. നിയമവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള സ്ഥാപനം പ്രായപരിധി നിശ്ചയിച്ച് അതിന് തടയിടുന്നത് ശരിയല്ലെന്ന് ബെഞ്ച് വ്യക്തമാക്കി. തുടർന്ന് തീരുമാനം സ്റ്റേ ചെയ്ത കോടതി കേസ് ജൂലായിലേക്ക് വിശദമായ വാദത്തിന് മാറ്റി.