തിരുവനന്തപുരം:  എസ്എസ്എല്‍സി കണക്ക് പരീക്ഷയെക്കുറിച്ച് ഉയര്‍ന്ന ആക്ഷേപങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. മലപ്പുറത്തെ ഒരു സ്വകാര്യ ഏജന്‍സി തയ്യാറാക്കിയ മോഡല്‍ പേപ്പറിലെ ചോദ്യങ്ങള്‍ കടന്നുകൂടിയതാണ് പരാതിക്ക് ആധാരം. ചോദ്യപേപ്പര്‍ തയ്യാറാക്കിയ ഒരു അധ്യാപകന്‍ ഈ സ്വകാര്യ സ്ഥാപനത്തില്‍ പഠിപ്പിച്ചിരുന്നതായി കണ്ടെത്തി. ആക്ഷേപത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ സ്ഥിതിക്ക് തുടര്‍നടപടി എന്തുവേണം എന്ന് തീരുമാനിക്കാന്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അടിയന്തര യോഗം വിളിച്ചു ഡിപിഐ, പൊതുവിദ്യാഭ്യാസ സെക്രട്ടറി, പരീക്ഷാ സെക്രട്ടറി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. പരീക്ഷ റദ്ദാക്കിയാല്‍ പകരം പുതിയ ചോദ്യപേപ്പര്‍ അച്ചടിച്ച് എത്തിച്ച് പരീക്ഷ സമയബന്ധിതമായി നടത്തുക സര്‍ക്കാരിന് വെല്ലുവിളിയാണ്. ഇതുകൂടി കണക്കിലെടുത്തായിരിക്കും തീരുമാനമുണ്ടാകുക.

ഈ മാസം 20-ാം തീയതിയാണ് എസ്എസ്എല്‍സിയുടെ കണക്കുപരീക്ഷ നടന്നത്. പരീക്ഷയില്‍ കുട്ടികളെ വലയ്ക്കുന്ന ചോദ്യങ്ങളുണ്ടെന്നും മലപ്പുറത്തെ ഒരു സ്വകാര്യ ഏജന്‍സി തയ്യാറാക്കിയ മോഡല്‍ പേപ്പറുമായി സാമ്യമുണ്ടെന്നുമുള്ള പരാതി നേരത്തെ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസവകുപ്പ് പരീക്ഷാ വകുപ്പിലെ ജോയിന്റ് കമ്മീഷണറെ അന്വേഷണത്തിന് ചുമതലപ്പെടുത്തി.

അദ്ദേഹം വിദ്യാഭ്യാസമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ വന്ന 13 ചോദ്യങ്ങളാണ് സാമ്യമുള്ളതെന്നാണ് ജോയിന്റ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഇക്കാര്യം വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ശരിവെയ്ക്കുകയാണെങ്കില്‍ പരീക്ഷ റദ്ദാക്കേണ്ടി വരും.