കോഴിക്കോട്: പ്ലസ് ടു പരീക്ഷയ്ക്ക് ഇത്തവണയും മാര്‍ക്ക് ദാനം. പ്രയാസമെന്ന് പരാതിയുള്ള ചോദ്യങ്ങള്‍ക്കെല്ലാം മാര്‍ക്കില്‍ ഇളവ് നല്‍കും. 15 മാര്‍ക്ക് വരെ സൗജന്യമായി ലഭിക്കുന്ന തരത്തിലാണ് ഇത്തവണയും മൂല്യനിര്‍ണ്ണയത്തിന് അധ്യാപകര്‍ക്ക് ഉത്തരസൂചിക നല്‍കിയിരിക്കുന്നത്. സയന്‍സ് വിഷയങ്ങളില്‍ വര്‍ഷങ്ങളായി നടക്കുന്ന മാര്‍ക്ക് ദാനത്തെപ്പറ്റിയുള്ള മാതൃഭൂമി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനാല്‍ മറ്റ് വിഷയങ്ങള്‍ക്കാണ് ഇത്തവണ മൂല്യനിര്‍ണ്ണയം ഉദാരമാക്കിയത്.

മൂല്യനിര്‍ണ്ണയത്തിന് മുമ്പ് അധ്യാപകര്‍ക്ക് ഉത്തരസൂചിക നല്‍കും. എക്കണോമിക്സിന്റെ രണ്ടാമത്തെ ചോദ്യം സിലബസിന് പുറത്തുനിന്നായിരുന്നു എന്നതിനാല്‍ മൂന്ന് മാര്‍ക്ക് നല്‍കാന്‍ ഉത്തരസൂചികയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ചോദ്യം എഴുതിവെച്ചാല്‍ മതി. 8, 9, 19 ചോദ്യങ്ങള്‍ക്കും സമാനമായ രീതിയില്‍ മാര്‍ക്ക് നല്‍കുന്നതിനാല്‍ 12 മാര്‍ക്ക് വെറുതെ കിട്ടും. പാസ്സാകന്‍ വേണ്ടത് 24 മാര്‍ക്കാണ്. 

കമ്പ്യൂട്ടര്‍ സയന്‍സിനും ചോദ്യപേപ്പര്‍ കഠിനമായിരുന്നു എന്നതിന്റെ പേരില്‍ 4, 5, 9, 25 എന്നീ ചോദ്യങ്ങള്‍ക്കെല്ലാം മാര്‍ക്ക് ദാനം നല്‍കുന്നു. മലയാളത്തിന് പാസ്സാകാന്‍ സ്വന്തം നിരീക്ഷണം (അതെന്തായാലും) എഴുതിയാല്‍ മതി. 14, 16, 19, 20, 21, 23, ചോദ്യങ്ങളിലെല്ലാം ഇത്തരത്തില്‍ മാര്‍ക്ക് ലഭിക്കും. ജയിക്കാനുള്ള 24-ല്‍ 15 മാര്‍ക്കാണ് ഇങ്ങനെ കിട്ടുന്നത്. ഭാഷാ വിഷയങ്ങളിലെല്ലാം മൂല്യനിര്‍ണ്ണയം ഇത്തരത്തില്‍ ഉദാരമാണ് എപ്പോഴും. 

ഫിസിക്സില്‍ പ്രയാസമായിരുന്ന രണ്ട് ചോദ്യങ്ങള്‍ക്ക് മൂല്യനിര്‍ണ്ണയത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ബിസിനസ് സ്റ്റഡീസിലും ഇതേ രീതിയില്‍ ചില ഇളവുണ്ട്. വര്‍ഷങ്ങളായി സയന്‍സ് വിഷയങ്ങള്‍ക്ക് നല്‍കുന്ന ഇളവ് മാതൃഭൂമി ന്യൂസ് നേരത്തെ പുറത്ത് കൊണ്ടുവന്നിരുന്നു. സര്‍ക്കാര്‍ നിരീക്ഷണം ഉള്ളതിനാല്‍ ഈ വിഷയങ്ങളുടെ ഉത്തര സൂചിക ഇത്തവണ കുറേക്കൂടി വ്യക്തമാണ്.